വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ബ്രിക്‌സിൽ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള കാര്യക്ഷമതാ വികസന സംരംഭത്തിന് ഇന്ത്യ നേതൃത്വം നൽകുന്നു
സഞ്ചാർ സാഥി , ആധാർ, സംഗം ഡിജിറ്റൽ ട്വിൻ എന്നിവ മാതൃകാ സംരംഭങ്ങളായി ഉയർന്നുവരുന്നു
Posted On:
23 MAY 2025 7:14PM by PIB Thiruvananthpuram
ഗാസിയാബാദിലെ നാഷണൽ കമ്മ്യൂണിക്കേഷൻസ് അക്കാദമി - ടെക്നോളജി (NCA-T) മുഖേന ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) സംഘടിപ്പിച്ച ബ്രിക്‌സിലെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള വെർച്വൽ കാര്യക്ഷമതാ വികസന സെഷന് ഇന്ത്യ ആതിഥേയത്വം വഹിച്ചു. ബ്രിക്‌സ് ICT കർമ്മ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി, സമാന വെല്ലുവിളികളും മികവുറ്റ രീതികളും പര്യവേക്ഷണം ചെയ്യുന്നതിനും, അംഗ രാജ്യങ്ങൾക്കിടയിൽ ശക്തമായ ICT സഹകരണത്തിനുള്ള മാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിനും ബ്രിക്‌സ് രാജ്യങ്ങളിലേ ഡിജിറ്റൽ പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവന്നു.
ബ്രിക്‌സ് ചെയർമാൻ ശ്രീ. ഡാനിയേൽ കവൽകാൻതിയും ഇന്ത്യയിലെ NCA-T ഡയറക്ടർ ജനറൽ ശ്രീ. അതുൽ സിൻഹയും ചേർന്ന് സെഷൻ ഉദ്ഘാടനം ചെയ്തു. സെഷന് ആതിഥേയത്വം വഹിച്ചതിന് ശ്രീ. കവൽകാൻതി ഇന്ത്യയെ അഭിനന്ദിക്കുകയും മൊബൈൽ സുരക്ഷ, സൈബർ പ്രതിരോധം, ഡിജിറ്റൽ അടിസ്ഥാനസൗകര്യം, ഡിജിറ്റൽ ട്വിൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും ഉള്ള പരിപാടിയുടെ പങ്ക് എടുത്തു പറയുകയും ചെയ്തു. ബ്രിക്‌സ് രാജ്യങ്ങളിലുടനീളമുള്ള പൗരന്മാരെ ശാക്തീകരിക്കുന്നതിനായി സഹകരണത്തിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, പൊതുവത്ക്കരിക്കാവുന്നതും സുരക്ഷിതവുമായ സാങ്കേതികവിദ്യകളുടെ സംയുക്ത സൃഷ്ടി, പങ്കാളിത്തങ്ങൾ വളർത്തിയെടുക്കൽ എന്നീ മേഖലകൾക്ക് ശ്രീ അതുൽ സിൻഹ ഊന്നൽ നൽകി. ഡിജിറ്റൽ മേഖലയിലെ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്ന നാല് പ്രമേയധിഷ്ഠിത സെഷനുകളാണ് ഉണ്ടായിരുന്നത്.




സെഷൻ I: മൊബൈൽ ഉപയോക്താക്കളെ ശാക്തീകരിക്കൽ
മൊബൈൽ ഉപയോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുക, സുതാര്യത മെച്ചപ്പെടുത്തുക, മൊബൈൽ സേവനങ്ങളിലേക്ക് സമത്വപൂർണ്ണമായ പ്രവേശനം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ മുൻനിര സഞ്ചാർ സാഥി സംരംഭം പ്രദർശിപ്പിച്ചു. ഡിജിറ്റൽ ആശയവിനിമയങ്ങളിൽ വിശ്വാസ്യതയും സർവ്വാശ്ലേഷിത്വവും വളർത്തുന്ന പൗര കേന്ദ്രീകൃത നിയന്ത്രണ ചട്ടക്കൂടുകളുടെ പ്രാധാന്യം സെഷൻ വ്യക്തമാക്കി.
സെഷൻ II: 21-ാം നൂറ്റാണ്ടിലെ സൈബർ പ്രതിരോധശേഷി
സൈബർ പ്രതിരോധശേഷിക്കായി സ്വീകരിക്കേണ്ട ദേശീയ സമീപനങ്ങളെക്കുറിച്ചുള്ള അവതരണങ്ങൾക്ക് ഇന്ത്യയും ബ്രസീലും നേതൃത്വം നൽകി. സൈബർ ഭീഷണികളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, ദ്രുത പ്രതികരണം, അതിർത്തി ഭേദമെന്യേയുള്ള സഹകരണം എന്നിവ ചർച്ചയിൽ ഉയർന്നു വന്നു.
സെഷൻ III: ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തിന്റെ (DPI) അടിത്തറ
സുരക്ഷിതവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, പരസ്പര പ്രവർത്തനക്ഷമവും ആയ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്നതിലാണ് ഈ സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വത്വാധിഷ്ഠിത ഡിജിറ്റൽ ഉൾപ്പെടുത്തലിലൂടെ പൊതു സേവന വിതരണത്തിൽ വിപ്ലവം സൃഷ്ടിച്ച അടിസ്ഥാന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായി ഇന്ത്യ ആധാറിനെ അവതരിപ്പിച്ചു. ചൈനയും ഡിജിറ്റൽ അടിസ്ഥാന സൗകര്യ മുന്നേറ്റത്തെക്കുറിച്ചുള്ള സ്വന്തം വീക്ഷണം പങ്കു വച്ചു. ഭരണനിർവ്വഹണ കാര്യക്ഷമതയ്ക്കും സേവന വ്യാപനത്തിനുമുള്ള പരിവർത്തനാത്മക ഉപകരണമായി ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തെ സെഷൻ ഉയർത്തിക്കാട്ടി.
സെഷൻ IV: ഡിജിറ്റൽ ട്വിൻ - പൊതു അടിസ്ഥാന സൗകര്യത്തിലെ വിപ്ലവം
AI-നേറ്റീവ്, ഫെഡറേറ്റഡ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സാഹചര്യാധിഷ്ഠിത അടിസ്ഥാന സൗകര്യ ആസൂത്രണവും തത്സമയ ഭരണനിർവ്വഹണ പരിഹാരങ്ങളും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭിലാഷപദ്ധതിയായ സംഗം ഡിജിറ്റൽ ട്വിൻ സംരംഭം ഇന്ത്യ അവതരിപ്പിച്ചത്. ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങൾ ചൈനയും പങ്കുവെച്ചു. പൊതു അടിസ്ഥാന സൗകര്യ മാനേജ്‌മെന്റിൽ പ്രവചനാത്മക സിമുലേഷനുകളുടെയും ഡാറ്റാധിഷ്ഠിത ഭരണനിർവ്വഹത്തിന്റെയും ഉപയോഗം വലിയ മുന്നേറ്റമെന്ന നിലയിൽ പ്രദർശിപ്പിക്കപ്പെട്ടു.
സമാപന പ്രസംഗത്തിൽ, ഇന്ത്യൻ ടെലികമ്മ്യൂണികേഷൻ വകുപ്പിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ അവിനാശ് അഗർവാളും ബ്രിക്‌സ് ചെയർമാൻ ശ്രീ. ഡാനിയേൽ കവൽകാൻതിയും ഉഭയകക്ഷി പഠനത്തിനും സഹരണാത്മക ഡിജിറ്റൽ വികസനത്തിനുമുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു.
ദേശീയതലത്തിലെ വിജയഗാഥകൾ പങ്കിടുന്നതിനും, പൊതുവത്ക്കരിക്കാവുന്ന പരിഹാരങ്ങൾ തിരിച്ചറിയുന്നതിനും, ഭാവിയിലെ ഡിജിറ്റൽ സഹകരണത്തിന് അടിത്തറ പാകുന്നതിനും സെഷനുകൾ വേദിയായി. ബ്രിക്‌സിലുടനീളം തന്ത്രപരമായ സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും, പ്രതിരോധശേഷിയുള്ളതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ഭാവിസജ്ജവുമായ ഡിജിറ്റൽ സമൂഹങ്ങളെ വാർത്തെടുക്കുന്നതിനും ഉരുത്തിരിഞ്ഞ ഫലങ്ങൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
********************
(Release ID: 2130940)