പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ലോക ഹൈഡ്രജൻ ഉച്ചകോടി 2025 ൽ, പുനരുപയോഗ ഊർജ്ജത്തിലും ഹരിത ഹൈഡ്രജനിലും ഇന്ത്യയുടെ കാഴ്ചപ്പാടും ശേഷിയും ഉയർത്തിക്കാട്ടി കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം

Posted On: 20 MAY 2025 5:42PM by PIB Thiruvananthpuram

പുനരുപയോഗ ഊർജ്ജത്തിലും ഹരിത ഹൈഡ്രജനിലും ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാടും ശേഷിയും ഉയർത്തിക്കാട്ടിക്കൊണ്ട്, കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം സെക്രട്ടറി ശ്രീ സന്തോഷ് കുമാർ സാരംഗി ഇന്ന് റോട്ടർഡാമിൽ നടന്ന ലോക ഹൈഡ്രജൻ ഉച്ചകോടി 2025 -നെ അഭിസംബോധന ചെയ്തു.

 

ഹരിത ഹൈഡ്രജന്റെ പരിവർത്തന സാധ്യതയെയും ഊർജ മേഖലയിൽ ആഗോള നേതൃനിരയിലെത്താനുള്ള ഇന്ത്യയുടെ ശേഷിയെയും സെക്രട്ടറി എടുത്തുപറഞ്ഞു . പുനരുപയോഗ ഊർജ്ജ മേഖലയിൽ ഇന്ത്യയുടെ ശക്തിയെയാണ് ഈ അഭിലാഷസാക്ഷാത്കാരത്തിന് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്.

 ഇതിനകം ഇന്ത്യയ്ക്ക് 223 ജിഗാവാട്ടിലധികം സ്ഥാപിത പുനരുപയോഗ ഊർജ്ജ ശേഷിയുള്ളതായി സെക്രട്ടറി എടുത്തുപറഞ്ഞു. അതിൽ 108 ജിഗാവാട്ട് സൗരോർജ്ജത്തിൽ നിന്നും 51 ജിഗാവാട്ട് കാറ്റിൽ നിന്നുമുള്ള ഊർജം ഉൾപ്പെടുന്നു. ഇത് ഇന്ത്യയെ, ആഗോളതലത്തിൽ അതിവേഗം വളരുന്ന പുനരുപയോഗ ഊർജ്ജ വിപണികളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. 2047 ഓടെ ഊർജ്ജ സ്വാശ്രയത്വം കൈവരിക്കാനും 2070 ഓടെ കാർബൺ ബഹിർഗമനത്തിൽ നെറ്റ് സീറോ കൈവരിക്കാനുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹം ആവർത്തിച്ചു.

ഈ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി 2023 ൽ 2.4 ബില്യൺ യുഎസ് ഡോളർ പ്രാരംഭ വിഹിതത്തോടെ ഗവണ്മെന്റ് ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ആരംഭിച്ചു. ഇത് ഇനിപ്പറയുന്നവയ്ക്കുള്ള സമഗ്രമായ ഒരു കർമ്മപദ്ധതി നൽകുന്നു:

 

  • സാധ്യതയുള്ള മേഖലകളിൽ ആവശ്യകത തിരിച്ചറിയുകയും സൃഷ്ടിക്കുകയും ചെയ്യുക
  • ആഭ്യന്തര ശേഷി സ്ഥാപിക്കുന്നതിന് ഉൽപാദന ആനുകൂല്യങ്ങൾ നൽകുക
  • 2030 ഓടെ 5 ദശലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉത്പാദനം കൈവരിക്കുക
  • പ്രതിവർഷം ഏകദേശം 50 MMT കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം ഒഴിവാക്കുക.
  • ഏകദേശം 100 ശതകോടി യുഎസ് ഡോളറിന്റെ നിക്ഷേപം ആകർഷിക്കുക.
  • 6,00,000 ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.

 

 ഹരിത ഹൈഡ്രജൻ വികസനത്തിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. 19 കമ്പനികൾക്ക് പ്രതിവർഷം 862,000 ടിപിഎ ഉൽപാദന ശേഷി രാജ്യം അനുവദിച്ചു. കൂടാതെ 15 സ്ഥാപനങ്ങൾക്ക് 3,000 മെഗാവാട്ട് വാർഷിക ഇലക്ട്രോലൈസർ നിർമ്മാണ ശേഷിയും നൽകി.സ്റ്റീൽ, മൊബിലിറ്റി, ഷിപ്പിംഗ് മേഖലകളിൽ പൈലറ്റ് പ്രോജക്ടുകൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

 

 ഹരിത ഹൈഡ്രജൻ സർട്ടിഫിക്കേഷൻ പദ്ധതി ഇന്ത്യ അടുത്തിടെ ആരംഭിച്ചു. സമഗ്ര ഗവൺമെന്റ് സമീപനത്തിലാണ് ഈ ദൗത്യം പ്രവർത്തിക്കുന്നത്. കൂടാതെ പുതിയതും എന്നാൽ വേഗത്തിൽ വളരുന്നതുമായ ആഭ്യന്തര ഹരിത ഹൈഡ്രജൻ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് പ്രധാന നയ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ പ്ലാന്റുകളെ പാരിസ്ഥിതിക അനുമതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനുബന്ധ പ്രവർത്തനങ്ങൾ തുടരുന്നതിനായി കണ്ട്ല, പാരദീപ്, തൂത്തുക്കുടി എന്നീ മൂന്ന് പ്രധാന തുറമുഖങ്ങളെ ഹരിത ഹൈഡ്രജൻ ഹബ്ബുകളായി വികസിപ്പിക്കുന്നതിനായി കേന്ദ്രതുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (MoPSW) തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ, 15 സംസ്ഥാനങ്ങൾ ഹരിത ഹൈഡ്രജനെ പിന്തുണയ്ക്കുന്നതിനുള്ള നയങ്ങൾ പ്രഖ്യാപിച്ചു. ഈ ഫലപ്രദമായ പ്രവർത്തനങ്ങൾ ഇന്ത്യയെ ഹരിത ഹൈഡ്രജൻ മേഖലയിൽ ആഗോള നേതൃ നിരയിൽ എത്തിക്കുന്നു. എന്നാൽ ഉയർന്ന ഉൽപാദനച്ചെലവ്, ഏകീകൃത ചട്ടക്കൂടുകളുടെ അഭാവം, അടിസ്ഥാന സൗകര്യ പരിമിതികൾ തുടങ്ങിയ വെല്ലുവിളികൾ ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിന് തടസ്സമായി നിലനിൽക്കുന്നു

 

ഹരിത ഹൈഡ്രജൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികളെ അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ പവലിയൻ സന്ദർശിക്കാനും പങ്കാളിത്തങ്ങൾ സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ വ്യവസായങ്ങളുമായി സംവദിക്കാനും സെക്രട്ടറി ക്ഷണിച്ചു.

 

 രാജ്യത്തിന്റെ ആഭ്യന്തര ആവശ്യം നിറവേറ്റുക മാത്രമല്ല, ഡീകാർബണൈസേഷൻ പ്രവർത്തനത്തിന് അർത്ഥവത്തായ സംഭാവന നൽകിക്കൊണ്ട് 2030 ഓടെ ഹരിത ഹൈഡ്രജന്റെ ഒരു പ്രധാന ആഗോള കയറ്റുമതി രാജ്യമാകാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് മന്ത്രാലയ സെക്രട്ടറിതന്റെ പ്രഭാഷണത്തിൽ ഉയർത്തിക്കാട്ടി.

 

 ഹരിത ഹൈഡ്രജൻ സാങ്കേതികവിദ്യകളുടെ വികസനവും സ്വീകാര്യതയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഒരു പ്രധാന സംരംഭമാണ് ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം. 2030 ഓടെ 5 ദശലക്ഷം ടൺ വാർഷിക ഹരിത ഹൈഡ്രജൻ ഉൽപാദന ശേഷി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ദൗത്യം. പ്രതിവർഷം 862,000 ടൺ ഹരിത ഹൈഡ്രജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിന് ഇളവുകളോടെ ടെൻഡറുകൾ നൽകി ഇക്കാര്യത്തിൽ ഗവൺമെന്റ് ഗണ്യമായ പുരോഗതി കൈവരിച്ചു. കൂടാതെ, പ്രതിവർഷം 3,000 മെഗാവാട്ട് ഇലക്ട്രോലൈസർ നിർമ്മാണ ശേഷി സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾ നൽകിയിട്ടുണ്ട്. ഇത് വൻതോതിൽ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

 

*****

 


(Release ID: 2130076)
Read this release in: English , Urdu , Hindi , Tamil