ആയുഷ്
അതിര്‍ത്തികള്‍ കടന്നും ശ്രദ്ധയാകർഷിക്കുന്നു: ഒസാക്ക എക്‌സപോയില്‍ ഇന്ത്യയുടെ സമഗ്ര ആരോഗ്യ ശക്തി അവതരിപ്പിച്ച് ആയുഷ് മന്ത്രാലയം
Posted On:
20 MAY 2025 5:22PM by PIB Thiruvananthpuram
ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2025 ല്‍ ആയുഷ് മന്ത്രാലയത്തിന്റെ സജീവവും സഫലവുമായ പങ്കാളിത്തവും ആരോഗ്യത്തിനും സൗഖ്യത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ സമഗ്ര സമീപനത്തെക്കുറിച്ചുള്ള അവതരണവും വ്യാപകമായ പ്രശംസ നേടിയിരിക്കുകയാണ്. വിഷയാധിഷ്ഠിതമായി അവതരിപ്പിക്കപ്പെട്ട വിവിധ പരിപാടികളില്‍, ആഗോളതലത്തില്‍ യോഗ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുകയും ഇന്ത്യയുടെ ജനപ്രിയ പവലിയനായ ഭാരതിൽ നടക്കുന്ന ദൈനംദിന സെഷനുകളില്‍ പങ്കെടുക്കുന്നവരെ ആകര്‍ഷിക്കുകയും ചെയ്യുന്നു.



ഒസാക്കയില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2025ല്‍ ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന ദൈനംദിന യോഗ സെഷനുകളില്‍ നിന്നുള്ള ദൃശ്യങ്ങൾ
ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ (ITPO), ടോക്യോയിലെ ഇന്ത്യന്‍ എംബസി, ഒസാക്ക-കോബെയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, ഹാര്‍ട്ട്ഫുള്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍, 2025 മേയ് 2 മുതല്‍ ഒക്ടോബര്‍ 13 വരെ ദൈനംദിന യോഗ സെഷനുകള്‍ നടക്കുന്നു. ഇന്ത്യയുടെ സംയോജിത ആരോഗ്യ പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആറു മാസത്തെ സവിശേഷമായ ഒരു സംരംഭമാണിത്. ജാപ്പനീസ് പൗരന്മാരും അന്താരാഷ്ട്ര സന്ദര്‍ശകരും ഉള്‍പ്പടെ 2100 ലധികം പേര്‍ പങ്കെടുത്ത 55 സെഷനുകള്‍ ഇതുവരെ നടന്നിട്ടുണ്ട്.
2025 മെയ് 2 നു നടന്ന ഉദ്ഘാടന യോഗ സെഷനില്‍ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ സിബി ജോര്‍ജും ഒസാക്ക-കോബെയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ശ്രീ ചന്ദു അപ്പറും പങ്കെടുത്തു. ജപ്പാനിലെ സുവര്‍ണ്ണ വാരത്തോടനുബന്ധിച്ചു നടന്ന പരിപാടി നിരവധി ആളുകളെ ആകര്‍ഷിക്കുകയും വരും ദിവസങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.
ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (IDY) പരിസമാപ്തികുറിച്ചുകൊണ്ട് നടക്കുന്ന യോഗ വാരം (2025 ജൂണ്‍15-21) ഇന്ത്യയുടെ ആഗോള പ്രചാരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. വൈവിധ്യമാര്‍ന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് രാവിലെ, വൈകുന്നേരം, Y-ബ്രേക്ക് രീതികളിലുള്‍പ്പടെ ഒന്നിലധികം സെഷനുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
കൂടാതെ, ഇന്ത്യാ പവലിയന്‍ -ഭാരത് ജൂണ്‍ 29 മുതല്‍ ജൂലൈ 5 വരെ പരമ്പാരഗത ഔഷധ സസ്യങ്ങള്‍, ഒറ്റമൂലികള്‍, ആയുഷ് അധിഷ്ഠിത ആരോഗ്യ ഉത്പ്പന്നങ്ങള്‍ എന്നിവയെ ഉയര്‍ത്തിക്കാട്ടും. ജൂണ്‍ 30 ന് നടക്കുന്ന മറ്റൊരു B2B മീറ്റും റോഡ്‌ഷോയും ആയുഷ് അധിഷ്ഠിത ആരോഗ്യ സംരക്ഷണത്തിലെ ആഗോള സഹകരണങ്ങളെയും നിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കും.
2025ലെ വേള്‍ഡ് എക്‌സ്‌പോയിലെ ഇന്ത്യയുടെ പങ്കാളിത്തം, വസുധൈവ കുടുംബകം-ലോകം ഒരു കുടുംബം എന്ന കാഴ്ചപ്പാടിന്റെ നിദര്‍ശനമാണ്. എല്ലാവരുടെയും ക്ഷേമത്തിനായുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, യോഗയിലൂടെയും ആയുഷിലൂടെയും സുസ്ഥിര ജീവിതത്തിനും സമഗ്ര ആരോഗ്യത്തിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യ അര്‍ത്ഥവത്തായ സംഭാവന നല്‍കുന്നു.
****
(Release ID: 2130075)