ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നമ്മുടെ താത്പര്യങ്ങളെ ഹനിക്കുന്നതും പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് എതിരായി നിലകൊള്ളുന്നതുമായ രാജ്യങ്ങളെ സഞ്ചാരം, ഇറക്കുമതി എന്നിവയിലൂടെ ശാക്തീകരിക്കാൻ ഇനിയും നമുക്ക് സാധിക്കില്ല: ഉപരാഷ്ട്രപതി

ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ജയ്പൂരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ വാർഷിക ബിരുദദാന സമ്മേളനത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

Posted On: 17 MAY 2025 1:46PM by PIB Thiruvananthpuram

"നമ്മുടെ താത്പര്യങ്ങളെ ഹനിക്കുന്ന രാജ്യങ്ങളെ ശാക്തീകരിക്കാൻ ഇനിയും നമുക്ക് സാധിക്കുമോ ? സാമ്പത്തിക ദേശീയതയെക്കുറിച്ച് നാം ഓരോരുത്തരും ആഴത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു," ഉപരാഷ്ട്രപതി പറഞ്ഞു. "നമ്മുടെ പങ്കാളിത്തം മുഖേന, സഞ്ചാരത്തിലൂടെയോ ഇറക്കുമതിയിലൂടെയോ അത്തരം രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഇനിയും നമുക്ക് സാധിക്കില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ ആ രാജ്യങ്ങൾ നമുക്കെതിരെ നിലയുറപ്പിച്ച കാര്യം" അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് സംഘടിപ്പിച്ച ജയ്പൂരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ വാർഷിക ബിരുദദാന ചടങ്ങിൽ ശ്രീ ധൻഖർ പറഞ്ഞു, "രാജ്യ സുരക്ഷയിൽ സഹായമേകാൻ ഓരോ വ്യക്തിയും ശാക്തീകരിക്കപ്പെടണം. പ്രത്യേകിച്ച്, വ്യാപാരം, വാണിജ്യം, ബിസിനസ്സ്, വ്യവസായം എന്നിവയ്ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിർണായക പങ്കുള്ള സാഹചര്യത്തിൽ. അതിനാൽ നാം എപ്പോഴും ഒരു കാര്യം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. രാഷ്ട്ര താത്പര്യത്തിന് പ്രഥമ പരിഗണന എന്ന തത്വമാണത്. ആഴത്തിലുള്ള പ്രതിബദ്ധത, അചഞ്ചലമായ പ്രതിബദ്ധത, ദേശീയതയോടുള്ള സമർപ്പണം എന്നിവ അടിസ്ഥാനമാക്കിയായിരിക്കണം എല്ലാം വ്യവഹാരങ്ങളും. ചെറുപ്പത്തിൽ തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ആ മാനസികാവസ്ഥ ശീലിപ്പിക്കണം."

ഇപ്പോൾ നടന്നുവരുന്ന ഓപ്പറേഷൻ സിന്ദൂറിനെ അദ്ദേഹം പ്രശംസിക്കുകയും ഇന്ത്യയുടെ സായുധ സേനയ്ക്ക് ആദരമർപ്പിക്കുകയും ചെയ്തു. "ഈ അവസരത്തിൽ - പ്രത്യേകിച്ച് രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യുന്ന അവസരത്തിൽ - ഇപ്പോൾ നടന്നുവരുന്ന ഓപ്പറേഷൻ സിന്ദൂറിന്റെ ശ്രദ്ധേയമായ വിജയത്തിന് എല്ലാ സായുധ സേനാ വിഭാഗങ്ങൾക്കും, ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനും ഞാൻ അഭിവാദ്യം അർപ്പിക്കുന്നു."

 

കിരാതമായ പഹൽഗാം ആക്രമണത്തിന് ഉചിതമായ മറുപടിയെന്ന് ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ച അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു, “2008 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം നമ്മുടെ സാധാരണ ജനങ്ങൾക്ക് നേരെയുള്ള ഏറ്റവും ക്രൂരമായ ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായത്. സമാധാനവും ശാന്തിയും എന്ന നമ്മുടെ ധാർമ്മിക മൂല്യങ്ങൾ കൈവിടാതെ തന്നെ ആ ക്രൂരതയ്ക്ക് നൽകിയ ഉചിതവും ശ്രദ്ധേയവുമായ പ്രതികാരമായിരുന്നു അത്. ഇന്ത്യയുടെ ഹൃദയഭൂമിയായ ബീഹാറിൽ നിന്നുകൊണ്ട്, രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഴുവൻ ആഗോള സമൂഹത്തിനും ഒരു സന്ദേശം നൽകി. അവ പൊള്ളയായ വാക്കുകളായിരുന്നില്ല എന്ന് ലോകം ഇപ്പോൾ തിരിച്ചറിഞ്ഞു: പറഞ്ഞ കാര്യം നാം യാഥാർത്ഥ്യമാക്കി. “ഇപ്പോൾ ആരും തെളിവ് ആവശ്യപ്പെടുന്നില്ല. ലോകം അത് കണ്ടു, അംഗീകരിച്ചു. ആ രാജ്യം എത്രമാത്രം ഭീകരതയിൽ മുങ്ങിക്കുളിച്ചിരിക്കുന്നു എന്നത് നാം കണ്ടു. "സായുധ സേനയും സൈനിക ശക്തിയും രാഷ്ട്രീയ ശക്തിയും തോളോട് തോൾ ചേർന്ന് നാശം ഭീകരതയ്ക്ക് വിതച്ചപ്പോൾ, ഭാരതം സിന്ദൂരത്തോട് നീതി പുലർത്തുകയായിരുന്നു."

 

ഭീകരവിരുദ്ധ ഉദ്യമങ്ങളിൽ ഇന്ത്യ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചതായി ശ്രീ ധൻഖർ സ്ഥിരീകരിച്ചു. “യുദ്ധത്തിന്റെയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെയും കാര്യത്തിൽ, ഒരു പുതിയ മാനദണ്ഡം സൃഷ്ടിച്ചു. പാകിസ്ഥാനുള്ളിലെ ബഹാവൽപൂരിൽ ഇന്ത്യൻ സായുധ സേന ജെയ്‌ഷെ-ഇ-മുഹമ്മദിനെ ലക്ഷ്യം വച്ചു. അന്താരാഷ്ട്ര അതിർത്തിക്കപ്പുറം - ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ ആസ്ഥാനം, ലഷ്‌കർ-ഇ-തൊയ്ബ ആസ്ഥാനം, മുരിദ്കെ എന്നിവ തകർക്കപ്പെട്ടു. ഇപ്പോൾ ആരും തെളിവ് ആവശ്യപ്പെടുന്നില്ല. ലോകം അത് കാണുകയും അംഗീകരിക്കുകയും ചെയ്തു കഴിഞ്ഞു.”

 

“ഇന്ത്യ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും ശക്തമായ അതിർത്തി കടന്നുള്ള ആക്രമണമാണിത്, അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദികൾക്ക് മാത്രമേ നാശനഷ്ടങ്ങൾ വരുത്താൻ പാടുള്ളൂ എന്നതിൽ ശ്രദ്ധയൂന്നി, കൃത്യമായി നടപ്പാക്കിയ ആക്രമണം.

 

2011 മെയ് 2-ന് നടന്ന അമേരിക്കൻ സൈനിക ഓപ്പറേഷൻ ശ്രീ ധൻഖർ അനുസ്മരിച്ചു. “2011 മെയ് 2-ന് ഒരു കാര്യം സംഭവിച്ചു. 2001 സെപ്റ്റംബർ 11-ന് അമേരിക്കയ്ക്കുള്ളിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്ത ആഗോള ഭീകരനെ അമേരിക്കയും അതേ രീതിയിൽ കൈകാര്യം ചെയ്തു. ആഗോള സമൂഹത്തിന്റെ അറിവോടെയാണ് ഭാരതം നടപടി സ്വീകരിച്ചത്.”

 

ഇന്ത്യയുടെ സംസ്കാരത്തിന്റെ പ്രത്യേകത വിശദീകരിക്കവേ ശ്രീ ധൻഖർ പറഞ്ഞു, “ഒരു രാഷ്ട്രമെന്ന നിലയിൽ നാം അദ്വിതീയരാണ്. ലോകത്തിലെ ഒരു രാഷ്ട്രത്തിനും 5,000 വർഷത്തെ സാംസ്‌കാരിക ധാർമ്മികതയിൽ അഭിമാനിക്കാൻ സാധ്യമല്ല. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരം തകർക്കുകയല്ല, മറിച്ച് പാലം നിർമ്മിക്കുകയാണ് വേണ്ടത്.”

 

ശ്രീ ധൻഖർ പറഞ്ഞു, “ദേശവിരുദ്ധമായ ആഖ്യാനങ്ങളെ പരിഗണിക്കാനോ അവഗണിക്കാനോ എങ്ങനെ നമുക്ക് സാധിക്കും? വിദേശ സർവകലാശാലകളുടെ രാജ്യത്തേക്കുള്ള ആഗമനം ശുദ്ധീകരണം ആവശ്യപ്പെടുന്നു. അതിന് ആഴത്തിലുള്ള ചിന്ത ആവശ്യമാണ്. നാം അതീവ ജാഗ്രത പാലിക്കേണ്ട ഒരു മേഖലയാണത്.”

 

വിദ്യാഭ്യാസം ഗവേഷണം എന്നിവയുടെ വാണിജ്യവത്ക്കരണത്തിനെതിരെ ഉപരാഷ്ട്രപതി മുന്നറിയിപ്പ് നൽകി. “വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണവും ചരക്കുവത്ക്കരണവും നമ്മുടെ രാജ്യത്തിന് താങ്ങാനാവില്ല. അത്തരമൊരു സാഹചര്യം നിലവിലുണ്ടെന്നത് നിഷേധിക്കാനാവാത്തതാണ്. നമ്മുടെ സാംസ്‌കാരിക ധാർമ്മികത പ്രകാരം വിദ്യാഭ്യാസവും ആരോഗ്യവും പണം സമ്പാദിക്കാനുള്ള മേഖലകളല്ല. സമൂഹത്തിന് സേവനമായി നൽകേണ്ട മേഖലകളാണിവ. സമൂഹത്തോടുള്ള നമ്മുടെ കടമ നാം നിറവേറ്റണം.”

 

വ്യവസായ പ്രമുഖരെ ആഹ്വാനം ചെയ്യവേ അദ്ദേഹം ഗവേഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കോർപ്പറേറ്റുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകണം. ഗവേഷണത്തിലെ നിക്ഷേപം അടിസ്ഥാനപരമായ ആവശ്യകതയായതിനാൽ സിഎസ്ആർ ഫണ്ടുകൾ ഈ മേഖലയ്ക്ക് മുൻഗണന നൽകണം.”

 

ശക്തമായ ഒരു ഓർമ്മപ്പെടുത്തലോടെ അദ്ദേഹം ഉപസംഹരിച്ചു: “മറ്റുള്ളവർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതുവരെ കാത്തിരിക്കാമായിരുന്ന കാലം കഴിഞ്ഞു. നാം അങ്ങനെ കാത്തിരുന്നാൽ, തുടക്കം മുതലെ നാം പരിമിതികളെ നേരിടേണ്ടി വരും, അത് ഒഴിവാക്കണം.”

 

ജയ്പൂരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ ശ്രീ ശരദ് ജയ്പുരിയ, ജയ്പൂരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാന്റെ ഭാര്യ ശ്രീമതി അഞ്ജലി ജയ്പുരിയ, ജയ്പൂരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വൈസ് ചെയർമാൻ ശ്രീ ശ്രീവത്സ് ജയ്പുരിയ അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

 

******************

 


(Release ID: 2129340)