വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന്റെ ആദ്യ ഘട്ട ചർച്ചകൾ ന്യൂഡൽഹിയിൽ സമാപിച്ചു

Posted On: 09 MAY 2025 10:22PM by PIB Thiruvananthpuram

ഉഭയകക്ഷി വ്യാപാര, നിക്ഷേപ നടപടികൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പിൽ, ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ആദ്യ ഘട്ട ചർച്ചകൾ ഇന്ന് ന്യൂഡൽഹിയിൽ വിജയകരമായി അവസാനിച്ചു. 2025 മെയ് 5 മുതൽ 9 വരെയാണ് ചർച്ചകൾ നടന്നത്.

 

2025 മാർച്ചിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്റെ ഇന്ത്യ സന്ദർശന വേളയിൽ, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനും പൊതുവായ പ്രതിജ്ഞാബദ്ധതയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചർച്ചകൾ നടന്നത്. 2025 മാർച്ച് 16 ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് ഗവൺമെന്റിന്റെ വ്യാപാര, നിക്ഷേപ മന്ത്രി ടോഡ് മക്ലേയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് എഫ്‌ടി‌എ ചർച്ചകൾ ആരംഭിച്ചത്.

 

ഇരു രാജ്യങ്ങളും തമ്മിൽ നിരന്തരം നടന്ന വെർച്വൽ ചർച്ചകളുടെ തുടർച്ചയായാണ് ആദ്യ ഘട്ട നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചത്. ചരക്ക്- സേവന വ്യാപാരം, വ്യാപാര സൗകര്യം, പരസ്പരം പ്രയോജനകരമായ സാമ്പത്തിക സഹകരണ സാധ്യതകൾ എന്നിവയുൾപ്പെടെ എഫ്‌ടി‌എയുടെ എല്ലാ മേഖലകളിലും ക്രിയാത്മകമായ ചർച്ചകൾ നടന്നു. പരസ്പരം പ്രയോജനകരവും സന്തുലിതവും ന്യായയുക്തവുമായ ഒരു വ്യാപാര കരാർ സൃഷ്ടിക്കുന്നതിന് ഇരു രാജ്യങ്ങളും നൽകുന്ന തന്ത്രപരമായ പ്രാധാന്യത്തെ ഈ ഇടപെടൽ എടുത്തുകാണിക്കുന്നു.

 

സമീപ വർഷങ്ങളിൽ ഉഭയകക്ഷി വ്യാപാര ബന്ധം വളരെയധികം ഉയർന്നുവന്നിട്ടുണ്ട്. 2024–25 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരം മുൻ സാമ്പത്തിക വർഷത്തേക്കാൾ 48.6% ശക്തമായ വളർച്ച രേഖപ്പെടുത്തിക്കൊണ്ട് 1.3 ശതകോടി യുഎസ് ഡോളറിലെത്തി. ഇന്ത്യ-ന്യൂസിലാൻഡ് സാമ്പത്തിക പങ്കാളിത്തത്തിന്റെ വളർച്ചാ പാതയെ ഇത് അടിവരയിടുന്നു. എഫ്‌ടി‌എ വ്യാപാര, നിക്ഷേപ സാധ്യതകളെ കൂടുതൽ മെച്ചപ്പെടുത്തുകയും വിതരണ ശൃംഖലകളുടെ സംയോജനം വേഗത്തിലാക്കുകയും ഇരുവശത്തുമുള്ള വ്യാപാര പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പ്രവചനപരവും പരിവർത്തനാത്മകവുമായ ഒരു വ്യാപാര അന്തരീക്ഷം വളർത്തിയെടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഭാവിസജ്ജമായ ഒരു ചട്ടക്കൂടിനായി പ്രവർത്തിക്കാനും ഈ വർഷത്തോടെ എഫ്‌ടി‌എ യാഥാർത്ഥ്യമാക്കാനുമുള്ള പൊതു കാഴ്ചപ്പാടും പരസ്പര ധാരണയും ഇരു രാജ്യങ്ങളും ആവർത്തിച്ചു. അടുത്ത ഘട്ട ചർച്ച 2025 ജൂലൈയിൽ നടക്കും. ഒന്നിലധികം വ്യാപാര കരാറുകളിലൂടെ മുന്നോട്ട് പോകുന്ന ഇന്ത്യയുടെ ദേശീയ മുൻഗണനകളുമായും ആഗോള അഭിലാഷങ്ങളുമായും പൊരുത്തപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക പങ്കാളിത്തങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ ഘട്ടത്തിലെ ചർച്ചകൾ പ്രതിഫലിപ്പിക്കുന്നത്. 

 

****


(Release ID: 2128044)
Read this release in: English , Urdu , Hindi