തൊഴില്‍, ഉദ്യോഗ മന്ത്രാലയം
കേന്ദ്ര മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യ, സുശ്രീ ശോഭ കരന്ദ്‌ലാജെ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം സ്വിഗ്ഗിയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
Posted On:
15 APR 2025 7:08PM by PIB Thiruvananthpuram
നാഷണൽ കരിയർ സർവീസ് (NCS) പോർട്ടൽ മുഖേന ഗിഗ്, ലോജിസ്റ്റിക്സ് മേഖലകളിലെ തൊഴിലന്വേഷണവും തൊഴിൽ സാധ്യതയും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവവയ്‌പ്പെന്ന നിലയിൽ,കേന്ദ്ര തൊഴിൽ മന്ത്രാലയവും സ്വിഗ്ഗിയും ഇന്ന് ന്യൂഡൽഹിയിൽ, ഒരു ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, തൊഴിൽ സഹമന്ത്രി സുശ്രീ ശോഭ കരന്ദ്‌ലാജെ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
" ഇന്ത്യയിലുടനീളമുള്ള തൊഴിലന്വേഷകരെയും തൊഴിലുടമകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പരിവർത്തനാത്മക പ്ലാറ്റ്‌ഫോമാണ് നാഷണൽ കരിയർ സർവീസ് പോർട്ടൽ. 2025 ജനുവരി 31 വരെ 1.25 കോടിയിലധികം സജീവ തൊഴിലന്വേഷകരും 40 ലക്ഷം തൊഴിലുടമകളുമുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള പോർട്ടൽ തൊഴിൽ ശക്തി സമാഹരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. സ്വിഗ്ഗിയുമായുള്ള പങ്കാളിത്തം, അതിവേഗം വളരുന്ന ഗിഗ്, പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയിലേക്ക് പോർട്ടലിനെ വിപുലീകരിക്കുകയും കോടിക്കണക്കിന് യുവാക്കൾക്ക് വൈവിധ്യമാർന്നതും പ്രാദേശികാധിഷ്ഠിതവുമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്ന്," ഡോ. മാണ്ഡവ്യ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
സഹകരണത്തെ സ്വാഗതം ചെയ്ത ഡോ. മാണ്ഡവ്യ അടുത്ത 2-3 വർഷത്തിനുള്ളിൽ NCS പോർട്ടലിലൂടെ 12 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകാനുള്ള സ്വിഗ്ഗിയുടെ പ്രതിബദ്ധതയെ അഭിനന്ദിച്ചു. "ഈ സഹകരണം 'എല്ലാവർക്കും വിജയം' എന്ന മാതൃകയുടെ പ്രതീകമാണ്. ഒപ്പം, വൈവിധ്യമാർന്നതും, വൈദഗ്ധ്യമുള്ളതും, തൊഴിൽസജ്ജവുമായ പ്രതിഭകളുടെ കൂട്ടായ്മയിലേക്കാണ് സ്വിഗ്ഗിക്ക് പ്രവേശനം ലഭിക്കുന്നത്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് തൊഴിലന്വേഷകർക്ക് എളുപ്പത്തിൽ തൊഴിൽദാതാക്കളുടെ ശ്രദ്ധയാകർഷിക്കാനും, തൊഴിലവസരങ്ങളിലേക്കുള്ള പ്രവേശനവും ഉറപ്പാക്കാനും" സാധിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പ്ലാറ്റ്‌ഫോമിന്റെ പ്രവേശനക്ഷമതയും വൈപുല്യവും ചൂണ്ടിക്കാട്ടവേ, തൊഴിൽ, വൈദഗ്ധ്യം, കൗൺസിലിംഗ് എന്നിവയ്ക്കുള്ള ഏകജാലക പരിഹാരമാക്കി NCS നെ മാറ്റുക, അപൂർവ്വവും പ്രാദേശികവുമായ തൊഴിലുകൾക്ക് പോലും അനുയോജ്യരാവരെ നിർദ്ദേശിക്കുക, ആഭ്യന്തര, അന്തർദേശീയ തൊഴിലവസരങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ സർക്കാരിന്റെ കാഴ്ച്ചപ്പാടുകൾ കേന്ദ്ര മന്ത്രി ആവർത്തിച്ചു.
ധാരണാപത്ര പ്രകാരം, സ്വിഗ്ഗിയുടെ ഡെലിവറി, ലോജിസ്റ്റിക്സ്, സപ്പോർട്ട് വിഭാഗങ്ങളിൽ ഉൾപ്പെടെയുള്ള ഗിഗ് അവസരങ്ങളെ, NCS പോർട്ടലുമായി ബന്ധിപ്പിക്കും. ഈ തത്സമയ സമന്വയം NCS ഉപയോക്താക്കൾക്ക് ഗിഗ് മേഖലയിലെ തൊഴിലവസരങ്ങൾക്കായി എളുപ്പത്തിൽ തൊഴിൽദാതാക്കളുമായി ബന്ധപ്പെടാൻ സൗകര്യമൊരുക്കും. അവർക്ക് നഗര, അർദ്ധ നഗര പ്രദേശങ്ങളിലുടനീളമുള്ള സമയബന്ധിതവും പരിശോധിച്ചുറപ്പിച്ചതുമായ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനാകും.
സ്വകാര്യ തൊഴിലുടമകൾ/പോർട്ടലുകൾ, മറ്റ് പ്രമുഖ തൊഴിൽ/ഗിഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ഒപ്പിടാനിരിക്കുന്ന ധാരണാപത്രങ്ങളുടെ പരമ്പരയിലെ ആദ്യത്തേതാണിത്. തൊഴിലന്വേഷകരും സ്വകാര്യ മേഖലയിലെ തൊഴിലുകളും തമ്മിൽ നിലനിൽക്കുന്ന അന്തരം നികത്തുന്നതിനും, തൊഴിൽ മേഖലയിൽ പൊതു-സ്വകാര്യ ഏകോപനത്തിന്റെതായ സമഗ്രസമീപനം സാധ്യമാക്കുന്നതിനും ഇത് സഹായകമാകും.
ധാരണാപത്രത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ:
സ്വിഗ്ഗി പരിശോധിച്ചുറപ്പിച്ച ഗിഗ്, ഡെലിവറി തൊഴിലവസരങ്ങൾ NCS പോർട്ടലിലൂടെ സ്ഥിരമായി പരസ്യപ്പെടുത്തുകയും, നിയമനം നടത്തുകയും ചെയ്യും.
API-അധിഷ്ഠിത സംവിധാനം ഉപയോക്താക്കൾക്ക് തൊഴിൽ പോസ്റ്റിംഗുകളും തടസ്സരഹിത ആപ്ലിക്കേഷൻ നിരീക്ഷണവും തത്സമയാടിസ്ഥാനത്തിൽ ഉറപ്പാക്കും.
എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള നിയമനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. യുവാക്കൾക്കും വനിതകൾക്കും സൗകര്യപ്രദമായ തൊഴിലുകൾ തേടുന്നവർക്കും ഉള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കും.
ഘടനാപരമായ തൊഴിൽ നിയോഗം, ഡിജിറ്റൽ ശാക്തീകരണം, തൊഴിലാളി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധം എന്നിവയെ ഈ പങ്കാളിത്തം പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
SKY
(Release ID: 2122021)
Visitor Counter : 18