ന്യൂനപക്ഷകാര്യ മന്ത്രാലയം
പാർശ്വവൽക്കരണത്തിൽ നിന്ന് മുഖ്യധാരയിലേക്ക്
ജീവിതങ്ങൾ ശാക്തീകരിക്കുന്നു , വളർച്ച സാധ്യമാക്കുന്നു
Posted On:
03 APR 2025 4:15PM by PIB Thiruvananthpuram
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, ദരിദ്രർക്ക് പിന്തുണ എന്നിവ ലഭ്യമാക്കിക്കൊണ്ട് സമൂഹത്തെ സഹായിക്കുക എന്നതാണ് എല്ലായ്‌പ്പോഴും വഖഫിന്റെ ലക്‌ഷ്യം. എന്നാൽ , ദുർഭരണം, അഴിമതി, കാര്യക്ഷമതയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും വഖഫ് സ്വത്തുക്കൾ ഏറ്റവും ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുന്നതിൽ തടസ്സമായിട്ടുണ്ട്. ഇത് പരിഹരിച്ച് ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംവിധാനത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കാൻ വഖഫ് (ഭേദഗതി) ബിൽ, 2025 ലക്ഷ്യമിടുന്നു.
സുതാര്യതയുടെ അഭാവമാണ് വഖഫ് ഭരണനിർവ്വഹണത്തിലെ ഒരു വലിയ പ്രശ്നം. ഇത് അഴിമതിയിലേക്കും ഫണ്ടുകളുടെ ദുരുപയോഗത്തിലേക്കും നയിക്കുന്നു. പുതിയ വഖ്ഫ് ഭേദഗതി ബിൽ എല്ലാ വഖഫ് സ്വത്തുക്കളും രേഖപ്പെടുത്തുന്നതിനായി ഒരു ഡിജിറ്റൽ പോർട്ടൽ അവതരിപ്പിക്കുന്നു. ഇതിലൂടെ ഇവയുടെ നിരീക്ഷണവും ഓഡിറ്റും സുഗമമാകും. ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്നും ദരിദ്രരെ സഹായിക്കുന്നതിനായി ചെലവഴിക്കുന്നുണ്ടെന്നും ഇതിലൂടെ ഉറപ്പാക്കുന്നു. നിർബന്ധിത സാമ്പത്തിക ഓഡിറ്റുകളും ഡിജിറ്റൽ രേഖകളും പ്രാബല്യത്തിൽ വരുന്നതോടെ , ഈ മാറ്റം അഴിമതി കുറയ്ക്കുകയും വഖഫ് മാനേജ്‌മെന്റ് ജനങ്ങളോട് കൂടുതൽ ബാദ്ധ്യസ്ഥമാകുകയും ചെയ്യും.
വഖഫ് സ്വത്തുക്കളും ഫണ്ടുകളും ദരിദ്രരുടെ ആരോഗ്യപരിരക്ഷ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് ബിൽ ഉറപ്പാക്കുന്നു. ഇതിൽ ചുവടെ ചേർത്തിരിക്കുന്നവ ഉൾപ്പെടുന്നു:
- സൗജന്യമോ ചെലവ് കുറഞ്ഞതോ ആയ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനായി വഖഫ് ഭൂമികളിൽ ക്ലിനിക്കുകളും ആശുപത്രികളും സ്ഥാപിക്കുക.
- വൈദ്യസഹായ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് ജീവകാരുണ്യ പ്രവർത്തനങ്ങളുമായുള്ള പങ്കാളിത്തം സാധ്യമാക്കുക.
- പിന്നാക്ക മേഖലകളിൽ കൂടുതൽ മരുന്നുകളും അവശ്യ ചികിത്സകളും ലഭ്യമാക്കുക.
മെച്ചപ്പെട്ട ഭരണനിർവ്വഹണത്തിലൂടെ , കൂടുതൽ ആളുകൾക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാകുകയും ചികിത്സ ചെലവുകൾ കുറയ്ക്കുകയും പൊതുജനാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
വിദ്യാഭ്യാസമാണ് ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ഒരു സുപ്രധാന മാർഗ്ഗം. വഖഫ് ഫണ്ടുകൾ ചുവടെച്ചേർത്തിരിക്കുന്ന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് ബിൽ ഉറപ്പാക്കുന്നു:
- സ്കൂളുകളും മദ്രസകളും നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുക.
- പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായവും നൽകുക.
- തൊഴിൽവൈദഗ്ധ്യം പഠിപ്പിക്കുന്നതിനായുള്ള തൊഴിൽ പരിശീലന കേന്ദ്രങ്ങളെ പിന്തുണയ്ക്കുക.
വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പാവപ്പെട്ട ചുറ്റുപാടുകളിൽ നിന്നുള്ള ജനങ്ങൾക്ക് മികച്ച ജോലി ലഭിക്കാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും ബിൽ സഹായിക്കുന്നു.
ഭവന നിർമ്മാണത്തിൽ ബുദ്ധിമുട്ടുന്ന നിരവധി പാവപ്പെട്ടവരുണ്ട്. കുറഞ്ഞ ചെലവിലുള്ള ഭവന നിർമ്മാണത്തിനായി വസ്തുവകകൾ ഉപയോഗിക്കാൻ ബിൽ വഖഫ് ബോർഡുകൾക്ക് അനുമതി നൽകുന്നു. വകുപ്പ് 32(4) ചുവടെ ചേർത്തിരിക്കുന്നവയ്ക്ക് അനുമതി നൽകുന്നു:
- ദരിദ്രർക്ക് കുറഞ്ഞ ചെലവിലുള്ള ഭവന നിർമ്മാണം
- വീടില്ലാത്തവർക്ക് അഭയം നൽകൽ.
- കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിൽ വാടകക്കെട്ടിടം ലഭ്യമാക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കൽ
വഖഫ് സ്വത്തുക്കൾ ഉപയോഗിക്കാതെ ഉപേക്ഷിക്കുകയോ നിയമവിരുദ്ധമായി കൈവശപ്പെടുത്തുകയോ ചെയ്യപ്പെടുന്നത് ഒഴിവാക്കി ജനങ്ങളെ സഹായിക്കുന്നതിനായി ഉപയോഗിക്കുന്നു എന്ന് ഇത് ഉറപ്പാക്കുന്നു.
ജനങ്ങളെ സാമ്പത്തികമായി സ്വതന്ത്രരാകാൻ സഹായിക്കുക എന്നതാണ് ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ പ്രധാനം . ബിൽ ചുവടെ പറയുന്നവയെ പിന്തുണയ്ക്കുന്നു:
- മരപ്പണി, തയ്യൽ, ഡിജിറ്റൽ സാക്ഷരത തുടങ്ങിയവയ്ക്കായി പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുക.
- ബിസിനസുകൾ ആരംഭിക്കാൻ ജനങ്ങളെ സഹായിക്കുന്നതിന് ചെറിയ വായ്പകൾ ലഭ്യമാക്കുക.
- പരിശീലനം ലഭിച്ച തൊഴിലാളികളെ തൊഴിലുമായി ബന്ധിപ്പിക്കുക.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാത്രം ആശ്രയിക്കുന്നതിനുപകരം ഉപജീവനമാർഗം കണ്ടെത്താൻ ഈ സമീപനം ജനങ്ങളെ സഹായിക്കുന്നു.
നിയമവിരുദ്ധമായ അധിനിവേശമാണ് വഖഫ് സ്വത്തുക്കളുടെ ഒരു പ്രധാന പ്രശ്നം . WAMSI പോർട്ടൽ അനുസരിച്ച്, ഏകദേശം 58,898 വഖഫ് വസ്തുവകകൾ നിയമവിരുദ്ധമായി കയ്യേറപ്പെട്ടിട്ടുണ്ട്. ഇത് നേരിടുന്നത്തിനായി താഴെപ്പറയുന്ന ശക്തമായ നിയമ നടപടികൾ ബിൽ മുന്നോട്ടുവെക്കുന്നു:
നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ വഖഫ് ഭൂമി സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി തിരിച്ചുപിടിക്കുക.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകുക.
പാവപ്പെട്ടവർക്കായുള്ള വിഭവങ്ങൾ കൈവശപ്പെടുത്തുന്ന അനധികൃത അവകാശവാദങ്ങൾ തടയുക.
ആവശ്യമുള്ളവരെ സഹായിക്കുന്നതിന് വഖഫ് സ്വത്തുക്കൾ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഈ നടപടികൾ ഉറപ്പാക്കും.
നീതിയും ഉൾക്കൊള്ളലും സാധ്യമാക്കിക്കൊണ്ട് ആവശ്യമുള്ള എല്ലാ സമൂഹങ്ങളിലേക്കും സഹായം എത്തുന്നുണ്ടെന്ന് ബിൽ ഉറപ്പാക്കുന്നു. കൂടാതെ ദരിദ്രർക്ക് മുൻഗണന നൽകുകയും വഖഫ് വിഭവങ്ങളെ സംബന്ധിച്ച് മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ഡാറ്റ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നില്ല എന്നുറപ്പാക്കി മുസ്ലീങ്ങളല്ലാത്തവരുടെ ഭൂമിയെച്ചൊല്ലിയുള്ള തർക്കങ്ങൾ തടയുന്നതിനുള്ള നടപടികളും ബില്ലിൽ ഉൾകൊള്ളിച്ചിരിക്കുന്നു.
വഖഫ് (ഭേദഗതി) ബിൽ, 2025, സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാത്രമുള്ളതല്ല, മറിച്ചു അത് പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ശക്തമായ ഉപകരണമായി വഖഫിനെ മാറ്റുന്നു . സുതാര്യത വർദ്ധിപ്പിക്കുക, അഴിമതി നിർത്തലാക്കുക, ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുക , താങ്ങാനാവുന്ന ചെലവിൽ ഭവനങ്ങൾ ലഭ്യമാക്കുക , തൊഴിൽ പിന്തുണ നൽകുക എന്നിവയിലൂടെ, വഖഫ് അതിന്റെ യഥാർത്ഥ ലക്ഷ്യം നിറവേറ്റുന്നുവെന്ന് ബിൽ ഉറപ്പാക്കുന്നു. പിന്നാക്കം നിൽക്കുന്നവരെ പിന്തുണച്ചും , നീതിയുക്തമായ ഒരു സമൂഹം സൃഷ്ടിച്ചുകൊണ്ടും ഈ പരിഷ്കാരങ്ങൾ വഖഫിനെ അതിന്റെ യഥാർത്ഥ ദൗത്യം നിറവേറ്റാൻ സഹായിക്കുന്നു .
*****
(Release ID: 2118716)
Visitor Counter : 15