ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ജപ്പാൻ ഗവൺമെന്റുകൾ ജപ്പാന്റെ ഔദ്യോഗിക വികസന സഹായ സംവിധാനത്തിന് കീഴിലുള്ള ആറ് പദ്ധതികൾക്കായി 191.736 ബില്യൺ ജാപ്പനീസ് യെൻ-ൻറെ വായ്പാ കരാറുകളിൽ ഒപ്പുവച്ചു

വന പരിപാലനം, ജലവിതരണം, നഗര ഗതാഗതം, മത്സ്യകൃഷി, ജൈവവൈവിധ്യ സംരക്ഷണം, നിക്ഷേപ പ്രോത്സാഹനം എന്നീ മേഖലകളിലാണ് പദ്ധതികൾ

Posted On: 28 MAR 2025 5:22PM by PIB Thiruvananthpuram

 ജപ്പാന്റെ ഔദ്യോഗിക വികസന സഹായ (ഒഡിഎ) പദ്ധതി പ്രകാരം ഇന്ത്യാ ഗവൺമെന്റും ജപ്പാൻ ഗവൺമെന്റും ഇന്നലെ ആറ് പദ്ധതികൾക്കായി 191.736 ബില്യൺ ജാപ്പനീസ് യെൻ-ൻറെ വായ്പാ കരാറുകളിൽ ഒപ്പുവച്ചു. വന പരിപാലനം, ജലവിതരണം, നഗര ഗതാഗതം, മത്സ്യകൃഷി, ജൈവവൈവിധ്യ
 സംരക്ഷണം, നിക്ഷേപ പ്രോത്സാഹനം എന്നീ മേഖലകളിലാണ് പദ്ധതികൾ  നടപ്പാക്കുക.



ഇന്ത്യാ ഗവൺമെന്റും ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയും (JICA) ന്യൂഡൽഹിയിൽ ഒപ്പുവച്ച ആറ് വായ്പാ കരാറുകൾ ഇവയാണ്:

  • തമിഴ്നാട് നിക്ഷേപ പ്രോത്സാഹന പദ്ധതി (ഘട്ടം 3) (TNIPP-III)- (JPY 36.114 ബില്യൺ)
  • വന പരിപാലന ശേഷി വികസനത്തിനുള്ള ഫലപ്രദമായ പദ്ധതി- (JPY 8.280 ബില്യൺ)
  • ചെന്നൈ സീ വാട്ടർ ഡീസലൈനേഷൻ പ്ലാന്റ് (II) നിർമ്മാണത്തിനുള്ള പദ്ധതി-(JPY 52.556 ബില്യൺ)
  • ഡൽഹി മാസ് റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റം പ്രോജക്റ്റ് (ഘട്ടം 4 അധിക ഇടനാഴികൾ) (I)- (JPY 79.726 ബില്യൺ)
  • അസം സംസ്ഥാന മത്സ്യകൃഷി പ്രോത്സാഹന, ഉപജീവന പദ്ധതി (JPY 3.580 ബില്യൺ)
  • പഞ്ചാബ് ജൈവവൈവിധ്യ& പ്രകൃതിവിഭവ സംരക്ഷണ പദ്ധതി- (JPY 11.480 ബില്യൺ).

തമിഴ്നാട് നിക്ഷേപ പ്രോത്സാഹന പദ്ധതി,സുസ്ഥിരവും സമഗ്രവുമായ രീതിയിൽ വിദേശ നിക്ഷേപം ഉൾപ്പെടെ കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന് ലക്ഷ്യമിടുന്നു.നൂതന മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, ഉൽ‌പാദന പ്രവർത്തനങ്ങളിൽ ആധുനിക വൈദഗ്ധ്യം നൽകി പരിശീലിപ്പിക്കുന്നതിലൂടെയും യുവാക്കൾക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് TNIPP-III ലക്ഷ്യമിടുന്നു. കടൽവെള്ളത്തെ ലവണ മുക്തമാക്കുന്ന പ്ലാന്റും ബന്ധപ്പെട്ട ജലവിതരണ സൗകര്യങ്ങളും നിർമ്മിച്ചുകൊണ്ട് 'ചെന്നൈ ഡീസലൈനേഷൻ പ്ലാന്റ് പദ്ധതി' സുരക്ഷിതവും വിശ്വസനീയവുമായ ജലവിതരണം ഉറപ്പാക്കും. അതുവഴി ചെന്നൈ മെട്രോപൊളിറ്റൻ മേഖലയിലെ (CMA) ദരിദ്രർ ഉൾപ്പെടെയുള്ള താമസക്കാരുടെ ജീവിത സാഹചര്യങ്ങളും നിക്ഷേപ അന്തരീക്ഷവും മെച്ചപ്പെടുത്തും.

വനം, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ ഗവേഷണവും വികസനവും, പൈലറ്റ് പദ്ധതികൾ നടപ്പിലാക്കൽ, പരിശീലന സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, വ്യവസ്ഥാപിത സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയിലൂടെ വന നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള വനപാലകരുടെ വിഭവ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് വന പരിപാലനത്തിനുള്ള പദ്ധതി ലക്ഷ്യമിടുന്നത്.

JICA യുടെ സഹായം തുടരുന്നതിലൂടെ, ഡൽഹി മെട്രോ റെയിൽ പദ്ധതി, മാസ് റാപ്പിഡ് ട്രാൻസ്പോർട്ട് സംവിധാനം വികസിപ്പിക്കുകയും പ്രാദേശിക സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ ഇത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിലൂടെയും വാഹന മലിനീകരണം കുറയ്ക്കുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുകയും ചെയ്യും.

അസമിലെ, അക്വാകൾച്ചർ പ്രോത്സാഹന പദ്ധതി, മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണ ജനതയുടെ ഉപജീവനമാർഗ്ഗവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് കാരണമാകും. മത്സ്യകൃഷി പ്രോത്സാഹനം, മത്സ്യ ബന്ധന വിതരണ ശൃംഖല മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനും മത്സ്യബന്ധന വകുപ്പിന്റെ സ്ഥാപനപരമായ ശക്തിപ്പെടുത്തലിനും പദ്ധതി സഹായകരമാകും.

പഞ്ചാബിലെ ജൈവവൈവിധ്യ പദ്ധതി, വനത്തിന് പുറത്തുള്ള വൃക്ഷങ്ങളുടെഎണ്ണം വർധിപ്പിക്കൽ, ജൈവവൈവിധ്യ സംരക്ഷണം, സംയോജിത നീർത്തട പരിപാലനം, ഉപജീവനമാർഗം മെച്ചപ്പെടുത്തൽ, സ്ഥാപനപരമായ ശക്തിപ്പെടുത്തൽ എന്നിവയിലൂടെ പരിസ്ഥിതി സേവനങ്ങൾ മെച്ചപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കുകയും ചെയ്യും.

 ഇന്ത്യയ്ക്കും ജപ്പാനും വികസന സഹകരണത്തിന്റെ 1958 മുതലുള്ള ദീർഘവും ഫലപ്രദവുമായ ചരിത്രമുണ്ട്. ഇന്ത്യ-ജപ്പാൻ ബന്ധങ്ങളുടെ പ്രധാന സ്തംഭമായ സാമ്പത്തിക സഹകരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിരമായി പുരോഗമിക്കുന്നു. ഇത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തെ കൂടുതൽ ഏകീകരിക്കുകയും ദൃഢമാക്കുകയും ചെയ്യുന്നു.

 

*****

(Release ID: 2116523) Visitor Counter : 18


Read this release in: English , Urdu , Hindi