പരിസ്ഥിതി, വനം മന്ത്രാലയം
'ഇന്ത്യ 2047: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ഭാവി സൃഷ്ടിക്കുക ' സിമ്പോസിയം, ശക്തമായ പ്രവർത്തന പ്രതിജ്ഞാബദ്ധതയോടെ സമാപിച്ചു
Posted On:
22 MAR 2025 6:23PM by PIB Thiruvananthpuram
‘ഇന്ത്യ 2047: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ഭാവി സൃഷ്ടിക്കുക’ എന്ന സിമ്പോസിയം ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സമാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള ശക്തമായ നയാധിഷ്ഠിത സുസ്ഥിര പ്രവർത്തനങ്ങൾ, സഹകരണം എന്നീ ആഹ്വാനവുമായാണ് യോഗം സമാപിച്ചത്.
കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ സമാപന സമ്മേളനത്തിൽ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ കീർത്തി വർധൻ സിംഗ് എടുത്തുകാട്ടി. കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനത്തിന്റെ ബഹുമുഖ സ്വഭാവം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉഷ്ണതരംഗങ്ങളുടെയും കാർഷിക മേഖലയിലെ ജലക്ഷാമത്തിന്റെയും ആഘാതം, പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യത, കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തന ധനസഹായം, നിർമ്മാണ ആവാസവ്യവസ്ഥയിൽ നൂതനമായ പരിഹാരങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാന പ്രതിരോധശേഷിയ്ക്കുള്ള സമഗ്ര നടപടികൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.
സിമ്പോസിയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ നിർണായക പ്രവർത്തന പോയിന്റുകൾ മന്ത്രി വിശദീകരിച്ചു:
ശക്തമായ സ്ഥാപന ചട്ടക്കൂടുകൾ: പ്രാദേശിക തലത്തിൽ ഉൾപ്പെടെ ഭരണത്തിന്റെ എല്ലാ തലങ്ങളിലും കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തണം.
സമൂഹം നയിക്കുന്ന പരിഹാരങ്ങൾ: അടിസ്ഥാന യാഥാർത്ഥ്യങ്ങൾക്കും പ്രാദേശിക ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി നയങ്ങൾ രൂപപ്പെടുത്തണം.
ഉടനടി ആവശ്യമുള്ളതും ദീർഘകാലത്തേക്കുള്ളതുമായ നടപടികൾ: താപ ആഘാത ദുരിതാശ്വാസ പരിപാടികൾ പോലുള്ള അടിയന്തര ഇടപെടലുകൾ നിർണായകമാണ്. ഒപ്പം അടിസ്ഥാന സൗകര്യങ്ങൾ, നയം, ധനസഹായം എന്നിവയിലെ വ്യവസ്ഥാപരമായ മാറ്റങ്ങൾ ദീർഘകാല പ്രതിരോധത്തിന് പ്രസക്തമാണ്.
ഹ്രസ്വകാല, ദീർഘകാല കാലാവസ്ഥാ വ്യതിയാന പൊരുത്തപ്പെടുത്തൽ പ്രവർത്തനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു നിർണായക സ്തംഭമാണ് കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തന ധനസഹായം അഥവാ അഡാപ്റ്റേഷൻ ഫിനാൻസ്.
സഹകരണപരമായ നടപ്പാക്കൽ: നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായങ്ങൾ,സമൂഹം എന്നിവ നീതിയുക്തമായ കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണം.
കേന്ദ്ര ഗവൺമെന്റിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഹാർവാർഡ് സർവകലാശാലയെ പ്രതിനിധീകരിക്കുന്ന ലക്ഷ്മി മിത്തൽ & ഫാമിലി സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടും ദി സലറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ആൻഡ് സസ്റ്റൈനബിലിറ്റിയും തമ്മിലുള്ള സഹകരണം, വിദഗ്ധരെയും പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു സവിശേഷ അവസരമാണെന്ന് ശ്രീ സിംഗ് അഭിപ്രായപ്പെട്ടു. 21-ാം നൂറ്റാണ്ടിലെ കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തിന്റെ നിരന്തര പിന്തുണയ്ക്ക് ഈ സിമ്പോസിയത്തിൽ നിന്നുള്ള ശുപാർശകളും വിജ്ഞാനവും ഉചിതമായി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന അടിയന്തര വെല്ലുവിളികളെക്കുറിച്ചും പ്രതിരോധശേഷിയുള്ള ഭാവിയിലേക്കുള്ള വഴികളെക്കുറിച്ചും - കാലാവസ്ഥാ ശാസ്ത്രം, പൊതുജനാരോഗ്യം, തൊഴിൽ, നഗര ആസൂത്രണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്ത ചലനാത്മകമായ വിജ്ഞാന വിനിമയ വേദിയായി കഴിഞ്ഞ നാല് ദിവസമായി,ഈ സിമ്പോസിയം മാറി. കൃഷി, ആരോഗ്യം, തൊഴിൽ, നിർമാണ പരിസ്ഥിതി എന്നീ നാല് പ്രധാന മേഖലകളിൽ താപത്തിന്റെയും ജലത്തിന്റെയും കാലാവസ്ഥാ സ്വാധീനം എന്ന വിഷയത്തിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്
തുടർച്ചയായ ചർച്ചകൾ, അറിവ് പങ്കിടൽ, സഹകരണ ശ്രമങ്ങൾ എന്നിവയ്ക്കുള്ള ശക്തമായ സന്ദേശത്തോടെയാണ് സിമ്പോസിയം അവസാനിച്ചത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്ക് നീങ്ങുമ്പോൾ, ഈ സിമ്പോസിയത്തിന്റെ ഫലങ്ങൾ രാഷ്ട്രത്തിന് കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഉചിതമായ നയങ്ങളും നടപടികളും രൂപപ്പെടുത്തുന്നതിൽ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു
*****
(Release ID: 2114286)
Visitor Counter : 17