ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

എഐ അധിഷ്ഠിത മിനറൽ ടാർഗെറ്റിംഗിൽ പരിവർത്തനം സൃഷ്ടിക്കാൻ ഇന്ത്യാഎഐയും ഖനി മന്ത്രാലയത്തിനു കീഴിലുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (GSI) സംയുക്തമായി ഇന്ത്യാ എഐ ഹാക്കത്തോൺ ആരംഭിച്ചു.

Posted On: 18 MAR 2025 6:59PM by PIB Thiruvananthpuram
ഇന്ത്യയിൽ, ഭൂമിശാസ്ത്രപരം, ഭൂഭൗതികം, ഭൂരാസശാസ്ത്രം, വിദൂര സംവേദന ഡാറ്റ എന്നിവയുടെ സഹായത്തോടെ ധാതു പര്യവേക്ഷണ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനുള്ള (മിനറൽ ടാർഗെറ്റിംഗ്)  വിപ്ലവകരമായ ചുവടുവയ്‌പ്പെന്ന നിലയിൽ, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ (MeitY) ഭാഗമായ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ (DIC) കീഴിലുള്ള സ്വതന്ത്ര ബിസിനസ് ഡിവിഷൻ (IBD) ആയ ഇന്ത്യാഎഐ, ഖനി മന്ത്രാലയത്തിലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) യുമായി സഹകരിച്ച് മിനറൽ ടാർഗെറ്റിംഗിൽ ഇന്ത്യാഎഐ ഹാക്കത്തോൺ ആരംഭിച്ചു.

ധാതുസമ്പത്ത് കണ്ടെത്തുന്നതിനും ഭൗമശാസ്ത്ര വിശകലനത്തിനും നിർമ്മിത ബുദ്ധി (AI) , മെഷീൻ ലേണിംഗ് (ML) സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. മറഞ്ഞിരിക്കുന്നതും ആഴത്തിലുള്ളതുമായ അയിരടങ്ങിയ വസ്തുക്കളെ തിരിച്ചറിയാൻ ജിയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, റിമോട്ട് സെൻസിംഗ്, ബോർഹോൾ ഡാറ്റ എന്നിവയുൾപ്പെടെയുള്ള മൾട്ടി-പാരാമെട്രിക് ജിയോസയൻസ് ഡാറ്റാസെറ്റുകൾ പങ്കെടുക്കുന്നവർക്ക്  ഉപയോഗിക്കാനാകും.

 ഹാക്കത്തോൺ ഇനിപ്പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നു:

ഇന്ത്യയിലെ കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള 39,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ REE, Ni-PGE, ചെമ്പ് തുടങ്ങിയ നിർണായക ധാതുക്കളുടെയും വജ്രം, ഇരുമ്പ്, മാംഗനീസ്, സ്വർണ്ണം തുടങ്ങിയ മറ്റ് വസ്തുക്കളുടെയും പര്യവേക്ഷണത്തിന് സാധ്യതയുള്ള പുതിയ മേഖലകൾ തിരിച്ചറിയുക.

 വെളിപ്പെടാത്തതും ആഴത്തിലുള്ളതുമായ ധാതു വസ്തുക്കൾ ഡെപ്ത് മോഡലിംഗ് ഉപയോഗിച്ച് കണ്ടെത്തുന്നതിന് ഊന്നൽ നൽകുന്നു.

ഡാറ്റ ക്ലീനിംഗ്, ഇന്റഗ്രേഷൻ, മോഡലിംഗ്, വാലിഡേഷൻ എന്നിവയ്ക്കായി AI/ML അൽഗോരിതങ്ങൾ വികസിപ്പിക്കുന്നു.

മാപ്പുകൾ, സെക്ഷനുകൾ മുതലായവയിലൂടെ ദൃശ്യവത്ക്കരിച്ച പര്യവേക്ഷണ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന ധാതു പ്രവചന മാപ്പുകളുടെ നിർമ്മാണം.

ഹാക്കത്തോൺ വിജയികളെ കാത്തിരിക്കുന്നത് ആവേശകരമായ സമ്മാനങ്ങൾ

സ്റ്റാർട്ടപ്പുകൾ, കമ്പനികൾ; അക്കാദമിക, ഗവേഷണ സ്ഥാപനങ്ങൾ; പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങൾ; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ,ഗവേഷകർ,    തൊഴിലെടുക്കുന്ന പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് വ്യക്തിഗത ശേഷിയിലോ ടീമായോ പങ്കെടുക്കാം.

ഹാക്കത്തണിനുള്ള സമ്മാനത്തുക

ഒന്നാം സമ്മാനം: ₹10 ലക്ഷം
രണ്ടാം സമ്മാനം: ₹7 ലക്ഷം
മൂന്നാം സമ്മാനം: ₹5 ലക്ഷം
വനിതാ ടീമുകൾക്ക് (ആദ്യ 3 ൽ വനിതാ ടീം ഇല്ലെങ്കിൽ) 5 ലക്ഷം രൂപയുടെ പ്രത്യേക സമ്മാനം.

സമഗ്ര വളർച്ചയ്ക്കും ഉത്തരവാദിത്ത വികസനത്തിനും AI പ്രയോജനപ്പെടുത്തുക എന്ന ഭാരത സർക്കാരിന്റെ  ദർശനവുമായി ഈ സംരംഭം യോജിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://indiaai.gov.in/article/ai-for-mineral-targeting-join-the-indiaai-hackathon-on-mineral-discovery സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 മെയ് 12 ആണ്.

ഹാക്കത്തോണിന്റെ പ്രാധാന്യം

നിർണ്ണായക മേഖലകളിൽ AI ഉപയോഗം ജനാധിപത്യവത്ക്കരിക്കുക, സാങ്കേതിക സ്വാശ്രയത്വം വളർത്തുക, AI യുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ ഇന്ത്യാഎഐ ദൗത്യവുമായി ഈ സംരംഭം ഒത്തു പോകുന്നു. മിനറൽ ടാർഗെറ്റിംഗിൽ  AI ഉപയോഗിക്കുന്നതിലൂടെ, സുസ്ഥിര ധാതു പര്യവേക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയുടെ ഖനന മേഖലയിൽ പര്യവേക്ഷണം, കാര്യക്ഷമത, ശാക്തീകരണം എന്നിവ മെച്ചപ്പെടുത്താനും  സർക്കാർ ലക്ഷ്യമിടുന്നു.
 
SKY
 
*****

(Release ID: 2112638) Visitor Counter : 21


Read this release in: English , Urdu , Hindi