ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഡെമോക്രസിയിൽ നിന്ന് 'ഇമോക്രസി'യിലേക്കുള്ളമാറ്റത്തെ അഭിസംബോധന ചെയ്യാൻ ദേശീയ സംവാദം അനിവാര്യം - വൈകാരികതയെ ചൂഷണം ചെയ്യുന്ന നയങ്ങൾ സദ്ഭരണത്തിന് ഭീഷണിയെന്ന് ഉപരാഷ്ട്രപതി
Posted On:
07 MAR 2025 8:31AM by PIB Thiruvananthpuram
ഡെമോക്രസിയിൽ നിന്ന് (ജനാധിപത്യത്തിൽ നിന്ന്) 'ഇമോക്രസി' യിലേക്കുള്ള (വൈകാരികാധിപത്യത്തിലേക്കുള്ള) പരിവർത്തനം സംബന്ധിച്ച ദേശീയ സംവാദത്തിന് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ. "ഡെമോക്രസിയിൽ നിന്ന് 'ഇമോക്രസി' യിലേക്കുള്ള മാറ്റം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ ചർച്ച അനിവാര്യമാണ്. വൈകാരികതയെ ചൂഷണം ചെയ്യുന്ന നയങ്ങൾ, സംവാദങ്ങൾ,വ്യവഹാരങ്ങൾ എന്നിവ സദ്ഭരണത്തിന് ഭീഷണിയാണ്. സൗജന്യ വാഗ്ദാനങ്ങളിലൂന്നിയ നയങ്ങൾ സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ പ്രകാരം ദോഷഫലങ്ങൾ ഉളവാക്കുമെന്നത് ചരിത്രം തെളിയിച്ച വസ്തുതയാണ്. ഒരു നേതാവ് സൗജന്യ വാഗ്ദാനങ്ങളിലൂന്നി മുന്നോട്ടു പോകുന്ന പക്ഷം അനിവാര്യമായ പ്രതിസന്ധിയായിരിക്കും ഫലം. ജനനന്മയായിരിക്കണം പരമമായ ലക്‌ഷ്യം, ജനങ്ങളുടെ പരമമായ നന്മ, ജനങ്ങളുടെ ശാശ്വതമായ നന്മ. സൗജന്യങ്ങൾ നൽകി ജനങ്ങളെ താൽക്കാലികമായി ശാക്തീകരിക്കുന്നതിനുപകരം സ്വയം ശാക്തീകരണത്തിന് വഴിയൊരുക്കുക. അത് അവരുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തും."
മഹാരാഷ്ട്രയിലെ മുംബൈയിൽ 'നേതൃശേഷിയും ഭരണനിർവ്വഹണവും' എന്ന വിഷയത്തിൽ നടന്ന പ്രഥമ 'മുരളി ദിയോറ അനുസ്മരണ സംവാദത്തിൽ' ഉദ്ഘാടന പ്രഭാഷണം നടത്തവെ, പ്രീണന രാഷ്ട്രീയത്തിന്റെയും പ്രീണന തന്ത്രങ്ങളുടെയും ആവിർഭാവത്തിലുള്ള കടുത്ത ആശങ്ക ശ്രീ ധൻഖർ പ്രകടിപ്പിച്ചു. "ഒരു പുതിയ തന്ത്രം ഉദയം ചെയ്തിരിക്കുന്നു, പ്രീണന രാഷ്ട്രീയം അഥവാ പ്രീണന തന്ത്രം. സൗജന്യ വാഗ്ദാനങ്ങൾ പാലിക്കാൻ കണക്കില്ലാതെ മൂലധനം ചെലവിടുമ്പോൾ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കാനുള്ള ശേഷി കുറയുന്നു. ഇത് വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പുകൾക്ക് തീർച്ചയായും പ്രാധാന്യമുണ്ട്, എന്നാൽ തിരഞ്ഞെടുപ്പെന്നത് എല്ലാത്തിന്റെയും അവസാനമല്ല. ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായി, മൂലധന ചെലവിനായി വിനിയോഗിക്കേണ്ട തുക തിരഞ്ഞെടുപ്പിൽ നൽകിയ സൗജന്യ വാഗ്ദാനങ്ങൾക്കായി ചെലവഴിക്കുന്നതിൽ പുനഃപരിശോധന വേണമെന്നും ഇക്കാര്യത്തിൽ സമവായം സൃഷ്ടിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വങ്ങൾ മുന്നോട്ടു വരണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. പ്രീണന, സൗജന്യ വാഗ്ദാനങ്ങൾ അവലംബിക്കുന്ന സർക്കാരുകൾക്ക് ആത്യന്തികമായി അധികാരം നിലനിർത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കും."
പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങൾക്കായുള്ള ശാക്തീകരണ നടപടികൾ പ്രീണന രാഷ്ട്രീയത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു, "ബഹുമാന്യരായ സഹോദരീ സഹോദരന്മാരെ, എന്നെ തെറ്റിദ്ധരിക്കരുത്, അനുച്ഛേദം 14, 15, 16 പ്രകാരം ഇന്ത്യൻ ഭരണഘടന നമുക്ക് തുല്യതയ്ക്കുള്ള അവകാശം അനുവദിച്ചു തന്നിട്ടുണ്ടെങ്കിലും,പ്രാതിനിധ്യം കുറഞ്ഞവർക്ക് തുല്യ അവസരങ്ങൾ ലഭ്യമാക്കുന്നതിനും ചരിത്രപരമായ അസമത്വങ്ങൾ പരിഹരിക്കുന്നതിനുമായി പട്ടികജാതി, പട്ടികവർഗ്ഗ സംവരണവും വിഭാവനം ചെയ്യുന്നു. സാമ്പത്തികമായി ദുർബല വിഭാഗത്തിൽപ്പെടുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സംവരണം പവിത്രമാണ്. ഗ്രാമീണ ഇന്ത്യയ്ക്കും കർഷകർക്കും ഉൾപ്പെടെ അവസര സമത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ട അസാധാരണമായ സാഹചര്യങ്ങളുണ്ട്. എന്നാൽ ഞാൻ മുമ്പ് വിശദീകരിച്ച കാര്യങ്ങളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. ഇത് സൗജന്യമോ പ്രീണനമോ അല്ല. ന്യായീകരിക്കാവുന്ന സാമ്പത്തിക നയമാണത്. അതിനാൽ, രാഷ്ട്രീയ ദീർഘവീക്ഷണത്തിന്റെയും നേതൃത്വപരമായ കരുത്തിന്റെയും അടിസ്ഥാനത്തിൽ സാമ്പത്തിക അതിർവരമ്പുകൾ വരയ്ക്കേണ്ടതെവിടെയെന്ന് തീരുമാനിക്കാൻ കഴിയുന്നവരായിരിക്കണം നേതൃത്വം കൈയ്യാളേണ്ടത്."
ജനസംഖ്യാപരമായ വെല്ലുവിളികളും നിയമവിരുദ്ധ കുടിയേറ്റങ്ങളും ഉയർത്തിക്കാട്ടി ശ്രീ ധൻഖർ പറഞ്ഞു, "രാജ്യത്ത് കോടിക്കണക്കിന് അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നു. ഇത് ജനസംഖ്യാപരമായ വലിയ അസമത്വത്തിന് കാരണമാകുന്നു. നമ്മുടെ ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസ സേവനങ്ങൾ എന്നിവയിൽ അവർ പങ്ക് പറ്റുന്നു. അവർ നമ്മുടെ ജനങ്ങളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുകയാണ്. ചില മേഖലകളിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുള്ള അവരുടെ സ്വാധീനം ആശങ്കാജനകമാംവിധം വർധിച്ചിട്ടുണ്ട്. അവരുടെ തിരഞ്ഞെടുപ്പ് മുൻഗണനകൾ നമ്മുടെ ജനാധിപത്യത്തിന്റെ സത്തയെ രൂപപ്പെടുത്തുകയാണ്. ചരിത്രപരമായ വിലയിരുത്തലിൽ, ജനസംഖ്യാപരമായ സമാന അധിനിവേശങ്ങളിലൂടെ രാഷ്ട്രങ്ങളുടെ വംശീയ സ്വത്വം തുടച്ചുനീക്കപ്പെട്ട അപകടകരമായ സാഹചര്യങ്ങൾ വീക്ഷിക്കാൻ കഴിയും."
"പ്രലോഭനത്തിലൂടെയുള്ള മതപരിവർത്തനങ്ങൾ കോവിഡിനേക്കാൾ അതീവ ഗുരുതരമായ മഹാമാരിയായി ദുർബല വിഭാഗങ്ങളെ കെണിയിൽപ്പെടുത്താൻ ശ്രമിക്കുന്നു." പ്രലോഭനങ്ങളിലൂടെയുള്ള കൂട്ട മതപരിവർത്തനങ്ങളിൽ ആഴത്തിലുള്ള കടുത്ത പ്രകടിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. പാർശ്വവത്ക്കരിക്കപ്പെട്ടവർ, ഗോത്രവർഗക്കാർ, ദുർബലർ എന്നിവർ ഈ പ്രലോഭനങ്ങൾക്ക് എളുപ്പത്തിൽ വശംവദരാകുന്നു. വിശ്വാസം വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. മനസ്സാക്ഷിയായിരിക്കണം വിശ്വാസത്തിന്റെ നിയന്താവ്. ഇന്ത്യൻ ഭരണഘടന മത സ്വാതന്ത്ര്യം ഉറപ്പു നൽകുന്നു. വിശ്വാസത്തിനുള്ള ഈ സ്വാതന്ത്ര്യം പ്രലോഭനങ്ങളാൽ ബന്ദിയാക്കപ്പെടുന്ന സാഹചര്യം സംജാതമായാൽ, എന്റെ അഭിപ്രായത്തിൽ അത് മതസ്വാതന്ത്ര്യത്തെ അപമാനിക്കലാണ്."
ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന 'നമ്മൾ ജനങ്ങൾ' എന്ന പരമാധികാര ആശയത്തെ ദുര്‍ബലപ്പെടുത്തരുതെന്ന് ശ്രീ ധന്‍ഖര്‍ പറഞ്ഞു. "ഏറ്റവും പഴക്കമേറിയതും ബൃഹത്തും, ഊര്‍ജ്ജസ്വലവും, പ്രവര്‍ത്തനക്ഷമവുമായ ജനാധിപത്യമാണ് മനുഷ്യരാശിയുടെ ആറിലൊന്ന് വസിക്കുന്ന ഭാരതം. ഗ്രാമീണതലം മുതല്‍ ദേശീയ തലം വരെ ഭരണഘടനാധിഷ്ഠിത ജനാധിപത്യ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തിയ ലോകത്തിലെ ഏക രാഷ്ട്രവുമാണ് ഭാരതം. ഭരണഘടനയുടെ ആമുഖത്തിലെ 'നമ്മൾ ജനങ്ങൾ' എന്നത് ഭരണനിർവ്വഹണത്തിന്റെ അടിസ്ഥാന സ്രോതസ്സിനെയും അടിസ്ഥാന ആശയത്തെയും സൂചിപ്പിക്കുന്നു. സാർവത്രിക നീതി, സമത്വം, സാഹോദര്യം എന്നിവയാണ് ഭരണനിർവ്വഹണത്തിന്റെ ലക്ഷ്യമെന്നും ആമുഖം വ്യക്തമാക്കുന്നു. പരമാധികാരത്തിന്റെ ആത്യന്തിക നിയന്താക്കളായ 'നമ്മൾ ജനങ്ങൾ' എന്ന ആശയത്തെ നാം വിലമതിക്കണം. നമുക്ക് വെള്ളം ചേർക്കാനോ ഉപേക്ഷിക്കാനോ കഴിയാത്തതാണ് ആ പരമാധികാരം."
അന്തരിച്ച മുരളി ദിയോറയെ ഉപരാഷ്ട്രപതി ആദരപൂർവ്വം സ്മരിച്ചു."രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളായിരുന്നു മുരളി ദിയോറ, ജീവിതകാലത്തുടനീളം അദ്ദേഹം സൗഹൃദങ്ങള്‍ വളര്‍ത്തിയെടുത്തു. വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും അദ്ദേഹത്തെ സ്നേഹിച്ചു. ജീവിതത്തില്‍ അദ്ദേഹത്തിന് ഇല്ലാതിരുന്നത് ഒറ്റക്കാര്യം മാത്രമായിരുന്നു - എതിരാളികൾ - അദ്ദേഹത്തിന് എതിരാളികളില്ലായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ഔന്നത്യം." സമപ്രായക്കാർ സ്നേഹപൂർവ്വം സ്മരിക്കുന്നതുപോലെ, മുരളി ഭായ് പൊതുബോധത്തിന്റെയും മൂല്യവത്തായ സാമൂഹിക ലക്ഷ്യങ്ങളോടുള്ള സമർപ്പണത്തിന്റെയും ഉദാഹരണമായിരുന്നു.
******
(Release ID: 2109106)
Visitor Counter : 16