വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ടെലികോം വിഭവങ്ങളുടെ ദുരുപയോഗത്തിനെതിരെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) മുന്നറിയിപ്പ് നൽകി 

Posted On: 04 MAR 2025 5:51PM by PIB Thiruvananthpuram
സൈബർ കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും വേണ്ടി ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ടെലികോം വിഭവങ്ങളുടെ ദുരുപയോഗത്തിനായി തട്ടിപ്പുകാർ വിവിധ തന്ത്രങ്ങൾ പ്രയോഗിക്കുന്നു. 
ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനായി സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ (സിം) കാർഡുകൾ അല്ലെങ്കിൽ എസ്എംഎസ് ഹെഡർ പോലെയുള്ളവ കണ്ടെത്തി തട്ടിപ്പ്, വഞ്ചന അല്ലെങ്കിൽ ആൾമാറാട്ടം വഴി പൗരന്മാർക്ക് ബൾക്ക് എസ്എംഎസ് അയയ്ക്കുന്നതായി  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
 ചില വ്യക്തികൾ അവരുടെ പേരിൽ സിം കാർഡുകൾ വാങ്ങി മറ്റുള്ളവർക്ക് ഉപയോഗിക്കുന്നതിനായി നൽകുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ സിം ലഭിച്ച വ്യക്തികൾ സൈബർ തട്ടിപ്പുകൾക്കായി അത് ദുരുപയോഗം ചെയ്യുന്നു. ഇത് യഥാർത്ഥ സിം കാർഡ് ഉപയോക്താവിനെയും കുറ്റവാളിയാക്കുന്നു.
 
ചില സന്ദർഭങ്ങളിൽ വ്യാജ രേഖകൾ, വഞ്ചന, തട്ടിപ്പ് അല്ലെങ്കിൽ ആൾമാറാട്ടം എന്നിവയിലൂടെ സിം കാർഡുകൾ വാങ്ങുന്നുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 2023 ലെ ടെലികമ്മ്യൂണിക്കേഷൻ നിയമ പ്രകാരം ഇത് കുറ്റകൃത്യമാണ്.ചില അവസരങ്ങളിൽ , വിൽപ്പന കേന്ദ്രങ്ങൾ / വ്യക്തികൾ ഇത്തരം നടപടികൾ സുഗമമാക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതിന് തുല്യമാണ്. 
 
മൊബൈൽ ആപ്പുകൾ പോലുള്ള വിവിധ മാർഗങ്ങളിലൂടെ ഫോൺ നമ്പർ എന്നറിയപ്പെടുന്ന കോളിംഗ് ലൈൻ ഐഡന്റിറ്റി (CLI) യിലും സമാനമായ ടെലികമ്മ്യൂണിക്കേഷൻ തിരിച്ചറിയൽ സംവിധാനങ്ങളിലും കുറ്റവാളികൾ മാറ്റം വരുത്തുന്ന കേസുകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ഉപയോക്താവിന്റെയോ ഉപകരണത്തിന്റെയോ മാത്രം തിരിച്ചറിയൽ സവിശേഷതകൾ ആയ 
IP വിലാസം, IMEI (മൊബൈൽ ഹാൻഡ്‌സെറ്റ് ഐഡന്റിഫയർ), SMS ഹെഡറുകൾ പോലെ മറ്റ് ടെലികോം ഐഡന്റിഫയറുകളിലും കൃത്രിമം നടത്തി വ്യാജ സന്ദേശം അയയ്‌ക്കുന്നതിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
 
 2023 ലെ ടെലികമ്മ്യൂണിക്കേഷൻ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമായ ഇത്തരം എല്ലാ പ്രവർത്തനങ്ങളും, ഈ നിയമപ്രകാരം കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു . 2023 ലെ ടെലികമ്മ്യൂണിക്കേഷൻ നിയമത്തിലെ വകുപ്പ് 42 (3) (സി) ടെലികമ്മ്യൂണിക്കേഷൻ തിരിച്ചറിയൽ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കുന്നത് പ്രത്യേകമായി തടയുന്നു. കൂടാതെ, വഞ്ചന, തട്ടിപ്പ് അല്ലെങ്കിൽ ആൾമാറാട്ടം എന്നിവയിലൂടെ സബ്‌സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂളുകളോ മറ്റ് ടെലികമ്മ്യൂണിക്കേഷൻ തിരിച്ചറിയൽ സംവിധാനങ്ങളോ നേടുന്നതിൽ നിന്ന് ഒരു വ്യക്തിയെ സെക്ഷൻ 42 (3) (ഇ) വിലക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ തിരിച്ചറിയാവുന്നതും ജാമ്യം ലഭിക്കാത്തതുമാണെന്ന് പ്രസ്തുത നിയമത്തിലെ വകുപ്പ് 42 (7) വിഭാവനം ചെയ്യുന്നു. വകുപ്പ് 42(3) പ്രകാരം, അത്തരം കുറ്റകൃത്യങ്ങൾക്ക് മൂന്ന് വർഷം വരെ തടവോ അമ്പത് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. നിയമത്തിലെ വകുപ്പ് 42 (6) പ്രകാരം ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവർക്കും ഇതേ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.
 
 എല്ലാ പൗരന്മാർക്കും സുരക്ഷിതമായ ഒരു ടെലികോം ആവാസവ്യവസ്ഥ ഉറപ്പാക്കിക്കൊണ്ട്, വഞ്ചന പ്രവർത്തനങ്ങൾ തടയുക എന്നതാണ് 
2023 ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തിലെ മുകളിൽ പറഞ്ഞ വ്യവസ്ഥകൾ കൊണ്ട് അർത്ഥമാക്കുന്നത് . നൂതന പരിഹാരങ്ങളും നയങ്ങളും നടപ്പിലാക്കുന്നതിലൂടെ ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയുന്നതിന് ടെലികോം വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

(Release ID: 2108541) Visitor Counter : 33
Read this release in: English , Urdu , Hindi