കൃഷി മന്ത്രാലയം
azadi ka amrit mahotsav

സര്‍ക്കാറിന്റെ സുപ്രധാന പദ്ധതിക്ക് കീഴിൽ നേട്ടം കൈവരിച്ച് 10,000 എഫ്പിഒകൾ  

സ്വയംപര്യാപ്ത കൃഷിയിലേക്കൊരു ചുവടുവെയ്പ്പ്

Posted On: 28 FEB 2025 3:21PM by PIB Thiruvananthpuram

ആമുഖം

10,000 കർഷക ഉൽ‌പാദക സംഘടനങ്ങളുടെ (എഫ്‌പി‌ഒ) രൂപീകരണത്തിനും പ്രോത്സാഹനത്തിനുമായി ആവിഷ്ക്കരിച്ച കേന്ദ്ര പദ്ധതിയ്ക്ക് 2020 ഫെബ്രുവരി 29 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു . 2027-28 വരെ  6,865 കോടി രൂപ ബജറ്റ് വിഹിതത്തോടെയാണ്  പദ്ധതി ആരംഭിച്ചത്. പദ്ധതി തുടങ്ങിയതുമുതല്‍ 4,761 എഫ്‌പി‌ഒകൾക്ക് 254.4 കോടി രൂപയുടെ ധനസഹായവിഹിതം വിതരണം ചെയ്യുകയും 1,900 എഫ്‌പി‌ഒകൾക്ക്  453 കോടി രൂപയുടെ വായ്പാ ഈട് പരിരക്ഷ  നൽകുകയും ചെയ്തു. 

ഈയിടെ ബീഹാറിലെ ഭഗൽപൂരിൽ പിഎം-കിസാന്‍ പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്ത സമയത്ത്, 10,000-ാമത് എഫ്‌പി‌ഒ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചോളം, വാഴ, നെല്ല് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന  10,000-ാമത് എഫ്‌പി‌ഒ ഖഗരിയ ജില്ലയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്‌പി‌ഒകൾ വെറും സംഘടനകളല്ല, മറിച്ച് കർഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ചെറുകിട കർഷകർക്ക് കാര്യമായ വിപണി ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാക്കാനും ക്രയവിക്രയശേഷി നൽകാനും വിപണി പ്രവേശം മെച്ചപ്പെടുത്താനുമുള്ള അഭൂതപൂർവമായ ശക്തിയാണ്. എഫ്‌പി‌ഒകളുമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യത്തെ ഏകദേശം 30 ലക്ഷം കർഷകരില്‍ 40 ശതമാനവും സ്ത്രീകളാണ്. ഈ എഫ്‌പി‌ഒകൾ ഇപ്പോൾ കാർഷിക മേഖലയിൽ ആയിരക്കണക്കിന് കോടി രൂപയുടെ വ്യാപാരം നടത്തുന്നു. 

ഈ പദ്ധതി പ്രകാരം പുതുതായി രൂപീകരിക്കുന്ന ഓരോ എഫ്‌പി‌ഒയ്ക്കും അഞ്ച് വർഷത്തേക്ക്  പിന്തുണ നൽകാനും മൂന്ന് വർഷത്തേക്ക് നിര്‍വഹണ ചെലവിനായി  18 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകാനും വ്യവസ്ഥയുണ്ട്. കൂടാതെ, ഓരോ കർഷക അംഗത്തിനും 2,000 രൂപ വരെ ഓഹരി ധനസഹായം എന്ന നിരക്കിൽ  സ്ഥാപനപരമായ വായ്പാ ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു എഫ്‌പി‌ഒയ്ക്ക് 15 ലക്ഷം രൂപ വരെയും, യോഗ്യമായ വായ്പാ സ്ഥാപനങ്ങളിൽ നിന്ന് എഫ്‌പി‌ഒയ്ക്ക് 2 കോടി രൂപ വരെ പദ്ധതി വായ്പയുടെ ഈട് പരിരക്ഷാ സൗകര്യവും നല്‍കുന്നു.  

എന്താണ് എഫ്പിഒകൾ? 

കാർഷിക, അനുബന്ധ മേഖലകളുടെ ഉൽപ്പാദനത്തിലും വിപണനത്തിലും സമ്പദ്‌വ്യവസ്ഥയിലൂടെ കൂട്ടായ്‌മകളെ സ്വാധീനിക്കുന്നതിനായി  രൂപീകരിച്ചതും കമ്പനി നിയമത്തിന്റെ ഭാഗം IXA പ്രകാരമോ  ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സഹകരണ സംഘ നിയമപ്രകാരമോ സംയോജിപ്പിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ കർഷക-ഉൽപാദക സംഘ‌ങ്ങളെ സൂചിപ്പിക്കുന്ന പൊതു നാമമാണ് എഫ്പിഒ അഥവാ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍.  

കാർഷിക അനുബന്ധ മേഖലകളിലെ ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും വിതരണത്തിനുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ഉൽ‌പാദകരായ കർഷകർക്ക് സംഘടനകള്‍ രൂപീകരിക്കാമെന്നതാണ് കർഷക ഉൽ‌പാദക സംഘടനകളുടെ പിന്നിലെ ആശയം. ഈ പ്രക്രിയ സുഗമമാക്കുന്നതിന് കർഷക ഉൽ‌പാദക സംഘടനകളുടെ (എഫ്പിഒകൾ) രൂപീകരണത്തിൽ സംസ്ഥാന സർക്കാരുകളെ പിന്തുണയ്ക്കാൻ കേന്ദ്ര കൃഷി മന്ത്രാലയത്തിലെ കാര്‍ഷിക - സഹകരണ വകുപ്പ് ചെറുകിട കർഷകരുടെ കാർഷിക ബിസിനസ് കൺസോർഷ്യത്തെ (എസ്എഫ്എസി) ചുമതലപ്പെടുത്തി.  

ഉത്പാദനച്ചിലവ് കുറക്കുന്നതിനും കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും വേണ്ടി ഉൽ‌പാദനത്തിലും വിപണനത്തിലും സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ്  "10,000 കർഷക ഉൽ‌പാദക സംഘടനകളുടെ (എഫ്പിഒകൾ) രൂപീകരണവും പ്രോത്സാഹനവും" എന്ന പദ്ധതി ആരംഭിച്ചത്. 

സുസ്ഥിര വരുമാനത്തിൽ അധിഷ്ഠിതമായ കൃഷി ഉറപ്പാക്കുന്നതിന് കാര്യക്ഷമവും ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ വിഭവ ഉപയോഗത്തിലൂടെ ഇത് സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.

എഫ്‌പി‌ഒകളുടെ ആവശ്യകത

  • കാർഷിക ഉൽപാദന ഘട്ടത്തിൽ, സാങ്കേതികവിദ്യ, ഗുണനിലവാരമുള്ള വിത്ത്, വളങ്ങൾ, കീടനാശിനികൾ എന്നിവയുടെ ലഭ്യതയിൽ ചെറുകിട, നാമമാത്ര, ഭൂരഹിത കർഷകർ  വലിയ വെല്ലുവിളികൾ നേരിടുന്നു. 
  • സാമ്പത്തിക ശക്തിയുടെ അഭാവം മൂലം ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിലും അവർ വലിയ വെല്ലുവിളികൾ നേരിടുന്നു.
  • ചെറുകിട, നാമമാത്ര, ഭൂരഹിത കർഷകർക്ക് ഇത്തരം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സംഘടിത ശക്തി പകരുന്നതിന് കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ എഫ്‌പി‌ഒകൾ സഹായിക്കുന്നു. എഫ്‌പി‌ഒ അംഗങ്ങൾ അവരുടെ വരുമാനം വേഗത്തിൽ വർധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ, കാര്‍ഷികനിക്ഷേപം, ധനകാര്യം, വിപണി എന്നിവയുടെ മികച്ച ലഭ്യത ഉറപ്പാക്കാന്‍ തങ്ങളുടെ പ്രവർത്തനങ്ങൾ സംഘടിതമായി നിർവ്വഹിക്കുന്നു.

ലക്ഷ്യങ്ങൾ

  • ഊർജസ്വലവും സുസ്ഥിരവുമായ വരുമാനാധിഷ്ഠിത കൃഷിയുടെ വികസനത്തിനും കാർഷിക സമൂഹങ്ങളുടെ സമഗ്ര സാമൂഹ്യ-സാമ്പത്തിക വികസനത്തിനും ക്ഷേമത്തിനും വേണ്ടി 10,000 പുതിയ എഫ്‌പി‌ഒകൾ രൂപീകരിക്കാന്‍ സമഗ്രവും വിശാലവുമായ പിന്തുണാ ആവാസവ്യവസ്ഥ നൽകുക.
  • കാര്യക്ഷമവും ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ വിഭവ ഉപയോഗത്തിലൂടെ ഉൽ‌പാദനക്ഷമത വർധിപ്പിക്കുകയും ഉൽ‌പ്പന്നങ്ങൾ‌ക്ക് വിപണി ബന്ധമൊരുക്കി  ഉയർന്ന വരുമാനം നേടുകയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ സുസ്ഥിരത കൈവരിക്കുകയും ചെയ്യുക.  
  •  നിര്‍വഹണം, നിക്ഷേപം,  ഉൽ‌പാദനം, സംസ്കരണം, മൂല്യവർധന, മാർക്കറ്റ് ബന്ധങ്ങള്‍, വായ്പാ ബന്ധങ്ങള്‍,  സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങി എല്ലാ തലങ്ങളിലും പുതിയ എഫ്‌പി‌ഒകൾക്ക്  രൂപീകരണ വർഷം മുതൽ അഞ്ച് വർഷം വരെ കൈത്താങ്ങും പിന്തുണയും നൽകുക.
  • സർക്കാര്‍ പിന്തുണയുടെ കാലയളവിനപ്പുറം സാമ്പത്തികമായി ലാഭകരവും സ്വയംപര്യാപ്തവുമാകുന്നതിന് എഫ്‌പി‌ഒകൾക്ക് കാർഷിക സംരംഭകത്വ നൈപുണ്യ വികസനത്തിന് ഫലപ്രദമായ ശേഷി വർധന ഉറപ്പാക്കുക. 

ഇന്ത്യയിലെ എഫ്‌പി‌ഒകൾക്കായി മന്ത്രാലയങ്ങളുടെ സംയോജനം 

  • കൃഷി, കർഷകക്ഷേമ മന്ത്രാലയം: വിത്ത്, കീടനാശിനികൾ, വളം ലൈസൻസുകൾ എന്നിവ ലഭിക്കുന്നതിന് എഫ്‌പി‌ഒകളെ പിന്തുണയ്ക്കുകയും കാർഷിക നിക്ഷേപ കമ്പനികൾ വഴി വിപണി ഇടപാടുകള്‍ക്ക്  സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി എഫ്‌പി‌ഒകൾക്ക് ഡീലർമാരായും വിതരണക്കാരായും പ്രവർത്തിക്കാനും വരുമാനമുണ്ടാക്കാനും സാധിക്കും. സ്ഥാപനങ്ങളുടെ കീഴില്‍ ഉല്പന്നങ്ങള്‍ വാങ്ങുന്നവരുമായും ഒഎൻ‌ഡി‌സി, ഇ-നാം തുടങ്ങിയ ഇലക്ട്രോണിക് വിപണി സംവിധാനങ്ങളുമായും എഫ്‌പി‌ഒകളെ ബന്ധിപ്പിക്കാന്‍  മന്ത്രാലയം സഹായിക്കുന്നു. 
  • ഭക്ഷ്യ സംസ്കരണ മന്ത്രാലയം: അർഹമായ പദ്ധതി ചെലവിന്റെ 35% വായ്പാബന്ധിത മൂലധന സബ്‌സിഡി, ബ്രാൻഡിങിനും മാർക്കറ്റിങിനും 50% സാമ്പത്തിക സഹായം എന്നിവയടക്കം ധനവിഹിതം വകയിരുത്തി എഫ്‌പി‌ഒകൾക്ക് പിന്തുണ നല്‍കുന്നു. 
  • സൂക്ഷ്മ, ചെറുകിട സംരംഭ മന്ത്രാലയം: ശേഷി വർധനാ പരിശീലനങ്ങൾ, വിപണി-വായ്പാ ബന്ധങ്ങള്‍ എന്നിവയ്ക്ക് പുറമെ എഫ്‌പി‌ഒ നിര്‍വഹണ ചെലവ്, ഓഹരി ധനസഹായം,  വായ്പാ ഇട് പരിരക്ഷാ സൗകര്യം എന്നിവയുടെ രൂപത്തിൽ ധനസഹായ ലഭ്യതയ്ക്ക്  എഫ്‌പി‌ഒകൾക്ക് പ്രത്യേക വ്യവസ്ഥകൾ. 
  • മത്സ്യവളര്‍ത്തല്‍, മൃഗസംരക്ഷണ -  ക്ഷീരവികസന മന്ത്രാലയം: 2021-22 മുതൽ 2025-26 വരെ കാലയളവിൽ 500 കോടി രൂപ അനുവദിച്ചുകൊണ്ട് "ക്ഷീര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്ഷീര സഹകരണ സംഘങ്ങള്‍ക്കും കർഷക ഉൽ‌പാദക സംഘടനകള്‍ക്കും പിന്തുണ" ഉള്‍പ്പെടെ എഫ്‌പി‌ഒകൾക്ക് അനുയോജ്യമായ ആനുകൂല്യങ്ങളും പദ്ധതികളും.  കൂടാതെ, എൻ‌ഡി‌ഡി‌ബി (നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ്) വഴി 100 കാലിത്തീറ്റ പ്ലസ് എഫ്‌പി‌ഒകൾ രൂപീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 
  • എപിഇഡിഎ (കാര്‍ഷിക ഭക്ഷ്യോല്പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യോൽ‌പ്പന്നങ്ങളുടെയും കയറ്റുമതി വികസന അതോറിറ്റി): എപിഇഡിഎയില്‍ രജിസ്റ്റർ ചെയ്ത എഫ്‌പി‌ഒകൾക്ക് കയറ്റുമതിക്കും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും  ഫണ്ട് ഫോർ റീജനറേഷൻ ഓഫ് ട്രഡീഷണൽ ഇൻഡസ്ട്രീസ് (എസ്‌എഫ്‌യു‌ആർ‌ടി‌ഐ) പദ്ധതി പ്രകാരം സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സഹായം നൽകുന്നു. 
  • സുഗന്ധവിള ബോർഡ്ഏലം (ചെറുതും വലുതും) ഉത്പാദനത്തിനുള്ള സ്ഥലത്തിന്റെ വിസ്തീർണ്ണം വിപുലീകരിക്കാനും ഉൽ‌പാദനക്ഷമത മെച്ചപ്പെടുത്താനുമായി പുരോഗമനപരവും നൂതനവും സഹകരണപരവുമായ ഇടപെടലുകൾ വഴിയുള്ള സുഗന്ധവ്യഞ്ജന മേഖലയിലെ സുസ്ഥിരത (എസ്പിഐസിഇഡി) പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. വിളവെടുപ്പിനു ശേഷം ഗുണനിലവാരം മെച്ചപ്പെടുത്തൽ, സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കൽ, കയറ്റുമതിയിൽ മൂല്യവർധിത സുഗന്ധവ്യഞ്ജനങ്ങളുടെ പങ്ക് വർധിപ്പിക്കൽ, കയറ്റുമതി ചരക്കുകളുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് ബാധകമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, പങ്കാളികളുടെ  ശേഷി-നൈപുണ്യ വികസനം എന്നിവയിലൂടെ ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി മിച്ചം സൃഷ്ടിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

എഫ്‌പി‌ഒകൾ ഏറ്റെടുക്കുന്ന സേവനങ്ങളും പ്രവർത്തനങ്ങളും

എഫ്‌പി‌ഒകൾ അവയുടെ വികസനത്തിനായി ഇനിപ്പറയുന്ന  പ്രധാന സേവനങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു.

  • വിത്ത്, വളം, കീടനാശിനികൾ തുടങ്ങി ഗുണനിലവാരമുള്ള ഉൽ‌പാദന സാമഗ്രികള്‍ ന്യായമായ കുറഞ്ഞ മൊത്തവിലയ്ക്ക് വിതരണം ചെയ്യുക
  • ഓരോ 2 യൂണിറ്റിനും ഉൽ‌പാദനച്ചെലവ് കുറയ്ക്കാന്‍ അംഗങ്ങൾക്ക് ആവശ്യാനുസരണം കള്‍ട്ടിവേറ്റര്‍, ടില്ലർ, സ്പ്രിംഗ്ലർ സെറ്റ്, കമ്പൈൻ ഹാർവെസ്റ്റർ തുടങ്ങിയ ഉൽ‌പാദന, ഉല്പാദനാനന്തര യന്ത്രങ്ങളും മറ്റ് കാര്‍ഷിക അനുബന്ധ ഉപകരണങ്ങളും പ്രത്യേക വാടക അടിസ്ഥാനത്തിൽ ലഭ്യമാക്കുക.
  • ശുചീകരണം, പരിശോധന, ക്രമീകരണം,  തരംതിരിക്കല്‍, പാക്കിംഗ്, കാര്‍ഷികതല  സംസ്കരണ സൗകര്യങ്ങൾ തുടങ്ങി മൂല്യവർധിത സേവനങ്ങളും സംഭരണ, ഗതാഗത സൗകര്യങ്ങളും  ഉപയോഗത്തിനു അനുസരിച്ചുള്ള ന്യായമായ കുറഞ്ഞ നിരക്കി ലഭ്യമാക്കുക. 
  • വിത്തുൽ‌പാദനം, തേനീച്ച വളർത്തൽ, കൂൺ കൃഷി തുടങ്ങി ഉയർന്ന വരുമാനം നല്‍കുന്ന പ്രവർത്തനങ്ങൾ നടത്തുക.
  • കർഷക അംഗങ്ങളുടെ ചെറിയ സംഘങ്ങള്‍ സംയോജിപ്പിക്കുകയും ഉല്പന്നങ്ങള്‍ കൂടുതൽ വിപണനയോഗ്യമാക്കുന്നതിന് മൂല്യവര്‍ധന നടത്തുകയും ചെയ്യുക.  
  • ഉൽ‌പാദനത്തിവും വിപണനവുമായി ബന്ധപ്പെട്ട ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനു ഉൽ‌പ്പന്നങ്ങളെക്കുറിച്ചുള്ള വിപണി വിവരങ്ങൾ ലഭ്യമാക്കുക.
  • സംഭരണം, ഗതാഗതം, കയറ്റിറക്ക് തുടങ്ങിയ ചരക്കുനീക്ക സേവനങ്ങളുടെ ചിലവ് പങ്കിടുന്ന വിധത്തിൽ സജ്ജീകരിക്കുക.
  • സമാഹരിച്ച ഉൽപ്പന്നങ്ങൾ ഉപഭോക്താക്കള്‍ക്കു അനുഗുണമായ രീതിയിലും കർഷകർക്ക് മികച്ചതും ആദായകരവുമായ വിലയിലും   വിപണനം ചെയ്യുക. 

 പദ്ധതിയ്ക്ക് കീഴിലെ സംരംഭങ്ങൾ

വായ്പാ ഈട് പരിരക്ഷാതുക: അംഗങ്ങളായ കർഷകർക്ക് മികച്ച സേവനങ്ങ,  പ്രവർത്തന മൂലധനം, വിപണിയൊരുക്കല്‍, എന്നിവ ലഭ്യമാക്കുന്നതിന് എഫ്‌പി‌ഒകൾക്ക് സഹായധനങ്ങളും വായ്പകളും ആവശ്യമാണ്. എഫ്‌പി‌ഒകള്‍ക്ക് ഔപചാരിക ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയുടെ ആവശ്യകത കണക്കിലെടുത്ത് 10,000 എഫ്‌പി‌ഒകളുടെ രൂപീകരണത്തിനും പ്രോത്സാഹനത്തിനുമായുള്ള കേന്ദ്രപദ്ധതിയ്ക്ക്  കീഴിൽ ഒരു പ്രത്യേക വായ്പാ ഈട് ഫണ്ട് (സി‌ജി‌എഫ്) രൂപീകരിച്ചിട്ടുണ്ട്. എഫ്‌പി‌ഒകൾക്ക് വായ്പ നൽകുന്നതിന് ധനകാര്യ സ്ഥാപനങ്ങൾക്ക്, സി‌ജി‌എഫ്  വായ്പാ ഈട് പരിരക്ഷ  നൽകുന്നു.

ന്‍ഡിസി സംവിധാനം: രാജ്യത്തുടനീളം ഉപഭോക്താക്കൾക്ക് ഓൺലൈനായി ഉല്പന്നങ്ങൾ വിൽക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുള്ള 8,000 -ത്തോളം കർഷക ഉൽ‌പാദക സംഘടനകളിൽ (എഫ്പിഒ-കൾ) ഏകദേശം 5,000 എഫ്പിഒകള്‍ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎന്‍ഡിസി) പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർഷകർക്ക് മികച്ച വിപണി പ്രവേശം ഉറപ്പാക്കുകയെന്ന കേന്ദ്ര സർക്കാര്‍ ലക്ഷ്യത്തിന് അനുസൃതമായാണ് രാജ്യത്തിന്റെ ഏത് ഭാഗത്തെയും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി ഒഎന്‍ഡിസിയിൽ എഫ്പിഒകളെ ചേര്‍ത്തത്. ഡിജിറ്റൽ മാർക്കറ്റിംഗ്, ഓൺലൈൻ പണമിടപാടുകള്‍, വ്യാപാരികള്‍ തമ്മിലും വ്യാപാരികളും ഉപഭോക്താക്കളും തമ്മിലുമുള്ള ഇടപാടുകൾ എന്നിവയിലേക്ക് നേരിട്ട് പ്രവേശനം നൽകിക്കൊണ്ട് എഫ്പിഒകളെ ശാക്തീകരിക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 

10,000 എഫ്‌പി‌ഒകളെ സി‌എസ്‌സികളാക്കി മാറ്റുന്നതിന് ധാരണാപത്രം: '10,000 എഫ്പിഒകളുടെ രൂപീകരണവും പ്രോത്സാഹനവും’ പദ്ധതി  പ്രകാരം രജിസ്റ്റർ ചെയ്ത എഫ്‌പി‌ഒകളെ സി‌എസ്‌സികളാക്കി മാറ്റുന്നതിനും പൗരകേന്ദ്രീകൃത സേവനങ്ങൾ നൽകാൻ സഹായിക്കുന്നതിനുമായി സി‌എസ്‌സി എസ്‌പി‌വിയും (കോമൺ സർവീസസ് സെന്റേഴ്സ് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) കാര്‍ഷിക കർഷക ക്ഷേമ മന്ത്രാലയവും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. ധാരണാപത്രമനുസരിച്ച് 10,000 എഫ്‌പി‌ഒകളെ സി‌എസ്‌സികളാക്കി മാറ്റും. ഡിജിറ്റൽ സേവാ പോർട്ടലിൽ ലഭ്യമായ സേവനങ്ങൾ നൽകാൻ സി‌എസ്‌സി എസ്‌പി‌വി അവരെ പ്രാപ്തരാക്കും. എഫ്‌പി‌ഒകൾ വഴി സി‌എസ്‌സി സേവനങ്ങൾ നല്‍കുന്നതിലൂടെ  ഗ്രാമപ്രദേശങ്ങളിലെ തൊഴിലവസരങ്ങൾ വര്‍ധിപ്പിക്കാന്‍  ലക്ഷ്യമിടുന്നു. 

അപേക്ഷിക്കേണ്ട വിധം‌

എഫ്പിഒകൾക്കും എഫ്പിസികള്‍ക്കും e-NAM പോർട്ടലിൽ വെബ്‌സൈറ്റ് (www.enam.gov.in) വഴിയോ മൊബൈൽ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം.  അല്ലെങ്കിൽ അടുത്തുള്ള e-NAM മണ്ഡിയിൽ താഴെ പറയുന്ന  വിശദാംശങ്ങൾ നൽകാം:

  • എഫ്പിഒകളുടെ/എഫ്പിസികളുടെ പേര്
  • അംഗീകൃത വ്യക്തിയുടെ (എംഡി/സിഇഒ/മാനേജർ) പേര്, വിലാസം, ഇമെയിൽ ഐഡി, ബന്ധപ്പെടാവുന്ന നമ്പർ
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ (ബാങ്കിന്റെ പേര്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ. ഐഎഫ്എസ്‍സി കോഡ്)
 

References:

Click here to see PDF.

 


(Release ID: 2108048) Visitor Counter : 26


Read this release in: English , Urdu , Hindi , Gujarati