പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യാ എനർജി വീക്ക് 2025 അഭൂതപൂർവമായ ആഗോള പങ്കാളിത്തത്തിനും നൂതനാശയങ്ങൾക്കും സാക്ഷ്യം വഹിക്കും

Posted On: 10 FEB 2025 4:38PM by PIB Thiruvananthpuram
“ഊർജ്ജ കലണ്ടറിലെ ആദ്യത്തെ പ്രധാന ആഗോള പരിപാടിയും പ്രത്യേകിച്ചും, ഊർജ്ജ വിപണിയിൽ പരിവർത്തനാത്മകമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന സമീപകാല ആഗോള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ ഏറ്റവും സമഗ്രവുമായഊർജ്ജ കൂട്ടായ്മയുമാകാൻ ഇന്ത്യാ എനർജി വീക്ക് (IEW’25) ഒരുങ്ങുന്നു"- പെട്രോളിയം & പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഇന്ന് മാധ്യമങ്ങളുമായി സംവദിക്കവേ പറഞ്ഞു.
 
 
2025 ഫെബ്രുവരി 11 മുതൽ 14 വരെ ദ്വാരകയിലെ യശോഭൂമിയിൽ നടക്കുന്ന IEW’25 ന്റെ ഭാഗമായി സംസാരിക്കവെ, ആഗോള ഊർജ്ജ മേഖലയിൽ ഇന്ത്യയുടെ വളർന്നുവരുന്ന പങ്കിനെ കുറിച്ച് ശ്രീ പുരി എടുത്തുപറഞ്ഞു. IEW’25 അതിന്റെ രണ്ട് മുൻ പതിപ്പുകളേക്കാൾ വലുതും വൈവിധ്യപൂർണ്ണവും കൂടുതൽ സ്വാധീനം ചെലുത്തുന്നതുമായിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഒരു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പ്രദേശത്ത് സംഘടിപ്പിച്ചിരിക്കുന്ന IEW’25, മന്ത്രിമാരുടെയും സിഇഒമാരുടെയും പങ്കാളിത്തം, പ്രദർശന സ്ഥലം, ചർച്ചകളുടെ എണ്ണം എന്നിവയിൽ ആഗോളതലത്തിൽ രണ്ടാമത്തെ വലിയ ഊർജ്ജ പരിപാടിയായിരിക്കും.
 
 
മുൻ പതിപ്പുകളേക്കാൾ ദ്രുതഗതിയിലുള്ള വളർച്ച തുടർന്നു കൊണ്ട് IEW’25 ആഗോള ഊർജ്ജ കലണ്ടറിലെ ഒരു നാഴികക്കല്ലായി മാറാൻ പോകുന്നു. ഈ വിപുലീകരണം പ്രദർശിപ്പിക്കുന്ന പ്രധാന സൂചകങ്ങൾ ശ്രീ ഹർദീപ് സിംഗ് പുരി എടുത്തുകാട്ടി: 2024- നേക്കാൾ പ്രദർശന സ്ഥല വിസ്തീർണത്തിൽ 65% വർദ്ധന (28,000 ചതുരശ്ര മീറ്റർ), 105 സമ്മേളനങ്ങൾ (2024-നേക്കാൾ 15% കൂടുതൽ, 2023-നേക്കാൾ 24% കൂടുതൽ), 70,000 ലധികം പ്രതിനിധികൾ (2024-നേക്കാൾ 55% കൂടുതൽ, 2023-നേക്കാൾ 89% കൂടുതൽ), 500 പ്രഭാഷകർ (2024-നേക്കാൾ 38% കൂടുതൽ, 2023-നേക്കാൾ 58% കൂടുതൽ), 700 ലധികം പ്രദർശകർ (2024-നേക്കാൾ 57% കൂടുതൽ, 2023-നേക്കാൾ 115% കൂടുതൽ) എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ലഭിച്ച ഗവേഷണ സംഗ്രഹങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35% വർദ്ധന(2,702 സമർപ്പണങ്ങൾ), തന്ത്രപരമായ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര പ്രഭാഷകരുടെ എണ്ണം 2024 ലെ 33% ൽ നിന്ന് 2025 ൽ 48% ആയി വർദ്ധിച്ചത് എന്നിവയുൾപ്പെടെ ചില പ്രധാന സൂചികകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
IEW'25 ന്റെ ഭാഗമായി, പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയം 'ക്ലീൻ കുക്കിംഗ് മിനിസ്റ്റീരിയൽ' സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ആഗോള നയ രൂപകർത്താക്കളെയും വ്യവസായ പ്രമുഖരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്ന് ശുദ്ധ ഇന്ധനത്തിലുള്ള പാചക രീതികളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ഇന്ത്യയിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) യുടെ വിജയം ഉയർത്തിക്കാട്ടിക്കൊണ്ട് ആഗോള തലത്തിൽ സ്വീകരിക്കാവുന്ന ഒരു മാതൃകയായി ഈ പദ്ധതി പ്രദർശിപ്പിക്കും. അന്താരാഷ്ട്ര സഹകരണം വളർത്തുക, നയ ചർച്ചകൾക്ക് നേതൃത്വം നൽകുക , ലോകമെമ്പാടുമുള്ള വീടുകൾക്ക് താങ്ങാനാവുന്ന വിലയിൽ ശുദ്ധവും എളുപ്പം ലഭ്യമാകുന്നതുമായ പാചക ഇന്ധനം ഉറപ്പാക്കുന്നതിന് സാങ്കേതികവിദ്യ പങ്കിടൽ സുഗമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
 
കാനഡ, ജർമ്മനി, ജപ്പാൻ, യുഎസ്എ, യുകെ എന്നിവയുൾപ്പെടെ 10 രാജ്യങ്ങളുടെ പവലിയനുകൾ മേളയുടെ ഭാഗമായി പങ്കെടുക്കുന്നു. കൂടാതെ ഹൈഡ്രജൻ (1951 ചതുരശ്ര മീറ്റർ), ജൈവ ഇന്ധനങ്ങൾ (1164 ചതുരശ്ര മീറ്റർ), നെറ്റ് സീറോ സംരംഭങ്ങൾ (350 ചതുരശ്ര മീറ്റർ) തുടങ്ങി 8 പ്രമേയ അധിഷ്ഠിത മേഖലകളുടെ പവലിയനുകൾ ഉൾപ്പെടെ ഇന്ത്യ എനർജി വീക്ക് പരിപാടിയുടെ അഭൂതപൂർവ്വമായ വിപുലീകരണത്തെ കേന്ദ്ര പെട്രോളിയം & പ്രകൃതി വാതക മന്ത്രി ശ്രീ പുരി എടുത്തുപറഞ്ഞു .
 
 ഇന്ത്യയിലെ പ്രധാന ഊർജ്ജ മന്ത്രാലയങ്ങളായ ഊർജ്ജ മന്ത്രാലയം, നൂതന - പുനരുപയോഗ ഊർജ്ജ മന്ത്രാലയം, നിതി ആയോഗ്, ഖനി മന്ത്രാലയം എന്നിവ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സംയോജിത ഊർജ്ജ പരിഹാരങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു. സിയാം സ്ഥാപിച്ച സുസ്ഥിര മൊബിലിറ്റി പവലിയൻ, "ജനകേന്ദ്രീകൃത ഗതാഗത ആവാസവ്യവസ്ഥ" എന്ന വിഷയത്തിൽ 10 ഒഇഎമ്മുകളിൽ നിന്നുള്ള 15 അത്യാധുനിക വാഹന മോഡലുകൾ പ്രദർശിപ്പിക്കും. 
 
പൊതുമേഖലാ സ്ഥാപനങ്ങൾ (പി‌എസ്‌യു) വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകൾ പര്യവേക്ഷണം ചെയ്യാൻ മന്ത്രി ശ്രീ പുരി പ്രോത്സാഹിപ്പിച്ചു. ഒ‌എൻ‌ജി‌സിയുടെ ഡീപ്-സീ സിമുലേഷൻ ഗെയിം, എച്ച്‌പി‌സി‌എല്ലിന്റെ തദ്ദേശീയ സോളിഡ് ഓക്‌സൈഡ് ഫ്യുവൽ സെൽ സിസ്റ്റം, ബി‌പി‌സി‌എല്ലിന്റെ എൽ‌പി‌ജി സിലിണ്ടർ എ‌ടി‌എം, സുസ്ഥിര കൃഷിക്കായുള്ള സി‌എസ്‌ഐ‌ആറിന്റെ ഇ-ട്രാക്ടർ എന്നിവ പ്രധാന പ്രദർശനങ്ങളിൽ ഉൾപ്പെടുന്നു.
 
 നൂതനാശയങ്ങൾ, വ്യാപ്തി, അന്തർദേശീയ പങ്കാളിത്തം എന്നിവ കൊണ്ട് IEW’25, ആഗോള ഊർജ്ജ പരിവർത്തനത്തിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കാൻ സജ്ജമായിരിക്കുന്നു
 
*****
 
 
 

(Release ID: 2101463) Visitor Counter : 36


Read this release in: English , Urdu , Hindi