ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതികവിദ്യ മന്ത്രാലയം സെക്രട്ടറി ശ്രീ. എസ്. കൃഷ്ണൻ നോയിഡയിലെ NIELIT യിൽ ചിപ്പ് രൂപകല്പനയുടെ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Posted On: 05 FEB 2025 1:54PM by PIB Thiruvananthpuram

കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതികവിദ്യ മന്ത്രാലയ സെക്രട്ടറി ശ്രീ. എസ്. കൃഷ്ണൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT)നോയിഡ കാമ്പസിൽ ചിപ്പ് രൂപകല്പനയുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രം ഇന്നലെ ഉദ്ഘാടനം ചെയ്തു. DPIIT അംഗീകൃത സ്റ്റാർട്ടപ്പായ SoCTeamup സെമികണ്ടക്റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചുള്ള ഈ സംരംഭം, ഇന്ത്യയുടെ സെമികണ്ടക്ടർ രൂപകൽപ്പനയും വികസന ശേഷികളും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്.

സെമികണ്ടക്ടർ സാങ്കേതിക ശേഷികളെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാടിനും ഇലക്ട്രോണിക്സ്, ഐടി മേഖലകളിൽ ആഗോള നേതൃ നിരയിൽ ഇന്ത്യ ഉയർന്നുവരുന്നതിനും അനുസൃതമായാണ് NIELIT യിൽ ചിപ്പ് രൂപകല്പനയുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രം ആരംഭിച്ചത്.

 

 

VLSI (വെരി ലാർജ്-സ്കെയിൽ ഇന്റഗ്രേഷൻ), ചിപ്പ് രൂപകല്പന എന്നിവയിൽ ഗവേഷണം, നൂതനാശയം, പരിശീലനം എന്നിവയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് സെമികണ്ടക്ടർ, ചിപ്പ് രൂപകല്പന വ്യവസായ മേഖലയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാൻ ഈ പുതിയ കേന്ദ്രം സഹായമാകും.

VLSI, ചിപ്പ് രൂപകൽപന എന്നിവയിൽ ഗവേഷണം, നൂതനാശയം , പരിശീലനം എന്നിവ പ്രോത്സാഹിപ്പിക്കൽ

സെമിണ്ടക്ടർ മേഖലയിൽ ആഗോള നേതൃ നിരയിൽ എത്തുക എന്ന ലക്ഷ്യത്തോടെ , VLSI, ചിപ്പ് രൂപകല്പന എന്നിവയിൽ പുരോഗതി കൈവരിക്കുക എന്നതും , ഇന്ത്യയെ ഇലക്ട്രോണിക്‌സ്, ഐടി എന്നിവയുടെ അത്യാധുനികകേന്ദ്രമായി ശാക്തീകരിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ലോകോത്തര വിദ്യാഭ്യാസം, ഗവേഷണം, വ്യവസായ സഹകരണം എന്നിവ വളർത്തിയെടുക്കുന്നതിലൂടെ, ആഗോള സെമികണ്ടക്ടർ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നൂതനാശയങ്ങൾ പ്രാവർത്തികമാക്കാനും ഉയർന്ന വൈദഗ്ധ്യമുള്ള ഒരു പ്രതിഭാ സഞ്ചയത്തെ വികസിപ്പിക്കാനും, ആഗോള ഇലക്ട്രോണിക്‌സ്, ഐടി മേഖലകളിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ കേന്ദ്രം ശ്രമിക്കുന്നു.

ഉദ്ഘാടന വേളയിൽ, ശ്രീ. എസ്. കൃഷ്ണൻ പ്രോജക്ട് ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവയുൾപ്പെടെ ഈ കേന്ദ്രത്തിന്റെ അത്യാധുനിക സൗകര്യങ്ങൾ സന്ദർശിച്ചു. നൂതന ചിപ്പ് രൂപകല്പന പദ്ധതികളിൽ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഗവേഷകർ എന്നിവർക്കിടയിൽ സഹകരണത്തിനുള്ള ഒരു കേന്ദ്രമായി പ്രോജക്ട് ലാബ് പ്രവർത്തിക്കും. അതേസമയം, നൂതന അധ്യാപന സഹായങ്ങൾ ഉൾക്കൊള്ളുന്ന സ്മാർട്ട് ക്ലാസ് റൂം വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള പഠനാനുഭവം നൽകും.

 

സെമികണ്ടക്ടർ മേഖലയിലെ ബൗദ്ധിക സ്വത്തുകളുടെ രൂപകൽപ്പനയും വികസനവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധത എടുത്തുകാണിച്ചുകൊണ്ട് VLSI അധിഷ്ഠിത ബൗദ്ധിക സ്വത്തവകാശത്തിന്റെ (IP) പ്രത്യേക പ്രദർശനവും നടത്തി. VLSI-യിൽ ശക്തമായ ഒരു വിജ്ഞാന അടിത്തറ കെട്ടിപ്പടുക്കുന്നതിലും വ്യവസായത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതിഭകളുടെ ഒരു സംഘം വളർത്തിയെടുക്കുന്നതിലും കേന്ദ്രത്തിന്റെ പങ്ക് ഈ പ്രദർശനത്തിൽ പ്രതിഫലിച്ചു.

NIELIT-നെക്കുറിച്ച്:

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT) കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ , അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയിൽ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ NIELIT ശ്രദ്ധ കേന്ദ്രീകരിക്കുന്നു. SoCTeamup സെമികണ്ടക്ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സ്ഥാപിതമായ ചിപ്പ് ഡിസൈൻ മികവ് കേന്ദ്രം , നൂതനാശയത്തിനും സാങ്കേതിക മികവിനുമുള്ള NIELIT യുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായ ഏറ്റവും പുതിയ സംരംഭമാണ്.

SoCTeamup സെമികണ്ടക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ച്:

VLSI, SoC ഡിസൈൻ എന്നീ മേഖലകളിലെ സാങ്കേതിക സംവിധാനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ DPIIT അംഗീകൃത സ്റ്റാർട്ടപ്പാണ് SoCTeamup സെമികണ്ടക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. നൂതനാശയങ്ങളിലും  മികവിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യയിലെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ  നയിക്കാൻ SoCTeamup പ്രതിജ്ഞാബദ്ധമാണ്.

********


(Release ID: 2100081) Visitor Counter : 22