ധനകാര്യ മന്ത്രാലയം
പെൺകുട്ടികളുടെ ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപം
സുകന്യ സമൃദ്ധി യോജന: ജനജീവിതത്തെ പരിവർത്തനം ചെയ്ത ഒരു ദശകം
Posted On:
21 JAN 2025 3:30PM by PIB Thiruvananthpuram
ആമുഖം
ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെയും ശാക്തീകരണത്തിന്റെയും കിരണമായി സുകന്യ സമൃദ്ധി യോജന (SSY) നിലകൊള്ളുന്നു. അവരുടെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും ചിറക് നൽകാനുള്ള സർക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ പദ്ധതി പ്രതിഫലിപ്പിക്കുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ജനുവരി 22 ന് തുടക്കമിട്ട ഈ ദർശനാത്മക പദ്ധതി സാമ്പത്തിക സുരക്ഷയെയും സാമൂഹിക ശാക്തീകരണത്തെയും ഇഴ ചേർക്കുന്നു. ഈ വർഷം 2025 ജനുവരി 22 ന്, 10 വർഷം പൂർത്തിയാക്കുന്ന സുകന്യ സമൃദ്ധി യോജന പെൺമക്കളുടെ ശോഭനമായ ഭാവിയിൽ നിക്ഷേപിക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും സർവ്വാശ്ലേഷിത്വത്തിന്റെയും പുരോഗതിയുടെയും സംസ്കാരം വളർത്തുകയും ചെയ്യുന്നു.
2024 നവംബർ വരെയുള്ള കാലയളവിൽ 4.1 കോടിയിലധികം സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറന്നത് പദ്ധതിയുടെ സ്വീകാര്യതയ്ക്ക് തെളിവാണ്. ഇത് കേവലം സംഖ്യാത്മകമായ നേട്ടമല്ല, മറിച്ച് ഇന്ത്യയിലെ ഓരോ പെൺകുട്ടിക്കും സമത്വപൂർണ്ണവും ശോഭനവുമായ ഒരു നല്ല നാളെ കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങളുടെ പ്രതീകമാണ്. ഈ സംരംഭത്തിലൂടെ, ഒരു പെൺകുട്ടി ശാക്തീകരിക്കപ്പെടുമ്പോൾ സാമൂഹിക അടിത്തറയാണ് ശക്തിപ്പെടുന്നത് എന്ന വിശ്വാസം ഊട്ടിയുറപ്പിച്ചുകൊണ്ട്, രാജ്യം പെൺമക്കളുടെ അപരിമേയമായ പ്രതിഭയെ ആഘോഷിക്കുകയാണ്.
സുകന്യ സമൃദ്ധി യോജന എപ്രകാരം പ്രവർത്തിക്കുന്നു?
അക്കൗണ്ട് തുറക്കൽ
പെൺകുട്ടി ജനിച്ച സമയം മുതൽ 10 വയസ്സ് തികയുന്നതുവരെ രക്ഷിതാവിന് അക്കൗണ്ട് തുറക്കാൻ കഴിയും. അക്കൗണ്ട് തുറക്കുന്ന സമയം മുതൽ കാലാവധി പൂർത്തിയാകുന്ന/അവസാനിപ്പിക്കുന്ന സമയം വരെ ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു പെൺകുട്ടിക്കും പദ്ധതിയിൽ അംഗമാകാൻ അർഹതയുണ്ട്. ഒരു കുട്ടിക്ക് ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കൂ. രണ്ട് കുട്ടികൾക്കായി പരമാവധി രണ്ട് അക്കൗണ്ടുകൾ തുറക്കാൻ മാതാപിതാക്കൾക്ക് അനുവാദമുണ്ട്. എന്നാൽ, ഇരട്ടക്കുട്ടികളോ മൂന്നു കുട്ടികളോ ഒരു പ്രസവത്തിൽ ജനിക്കുകയാണെങ്കിൽ കൂടുതൽ അക്കൗണ്ടുകൾ അനുവദനീയമാണ്. അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും മാറ്റാവുന്നതാണ്. അക്കൗണ്ട് തുറക്കുന്നതിന് ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്:
സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം
പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്
തിരിച്ചറിയൽ രേഖ (RBI KYC മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം)
സ്ഥിര താമസത്തിനുള്ള തെളിവ് (RBI KYC മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം)
ആവശ്യമുള്ള നിക്ഷേപം
പദ്ധതി പ്രകാരം, ഏതെങ്കിലും പോസ്റ്റ് ഓഫീസിലോ നിയുക്ത വാണിജ്യ ബാങ്ക് ശാഖയിലോ മാതാപിതാക്കൾക്ക് പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ കഴിയും, കുറഞ്ഞത് 250 രൂപ പ്രാരംഭ നിക്ഷേപത്തിൽ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. തുടർന്ന് ₹50 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. മൊത്തം വാർഷിക നിക്ഷേപ പരിധി ₹1,50,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു; അധിക തുകയ്ക്ക് പലിശ ലഭിക്കില്ല. അത് തിരികെ ലഭിക്കും. അക്കൗണ്ട് തുറന്ന തീയതി മുതൽ പതിനഞ്ച് വർഷം വരെ നിക്ഷേപം നടത്താം.
അക്കൗണ്ട് കൈകാര്യം ചെയ്യേണ്ട വിധം
പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് തികയുന്നതുവരെ രക്ഷിതാവാണ് അക്കൗണ്ട് കൈകാര്യം ചെയ്യേണ്ടത്. സമ്പാദ്യത്തിന് മേൽനോട്ടം വഹിക്കാനും കുട്ടിയുടെ വിദ്യാഭ്യാസത്തിനും ഭാവി ആവശ്യങ്ങൾക്കും ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് രക്ഷിതാവിന് അവസരം നൽകുന്നു. പതിനെട്ട് വയസ്സ് തികയുമ്പോൾ, ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ടിന്റെ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് ഏറ്റെടുക്കാൻ കഴിയും.
പലിശ കണക്കുകൂട്ടുന്നത് എങ്ങനെ
അഞ്ചാം ദിവസം അവസാനിക്കുന്നതിനും മാസാവസാനത്തിനുമിടയിലുള്ള അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ ബാലൻസ് അടിസ്ഥാനമാക്കിയാണ് പ്രതിമാസ പലിശ കണക്കാക്കുന്നത്. ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനം, ഈ പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പൈസയിലുള്ള തുകകൾ തൊട്ടടുത്ത രൂപയിലേക്ക് റൗണ്ട് ചെയ്യും. അമ്പത് പൈസയോ കൂടുതലോ ഉള്ള തുകകൾ റൗണ്ട് അപ്പ് ചെയ്യപ്പെടും. അതിൽ കുറഞ്ഞവ റൗണ്ട് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കും. അക്കൗണ്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രങ്ങൾ ഉണ്ടായാലും, സാമ്പത്തിക വർഷാവസാനം പലിശ ക്രെഡിറ്റ് ചെയ്യപ്പെടും. ഇത് പെൺകുട്ടിയുടെ നിക്ഷേപത്തിന്റ വളർച്ച സ്ഥിരവും സുരക്ഷിതവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.
അക്കൗണ്ട് കാലാവധിയുടെ പൂർത്തീകരണം
അക്കൗണ്ട് ഉടമയ്ക്ക് ഇരുപത്തിയൊന്ന് വയസ്സ് തികയുമ്പോൾ അക്കൗണ്ട് കാലാവധി പൂർത്തിയാകും. എന്നിരുന്നാലും, പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് അക്കൗണ്ട് ഉടമ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, നേരത്തെയുള്ള അക്കൗണ്ട് അവസാനിപ്പിക്കൽ അനുവദനീയമാണ്. അത്തരം സന്ദർഭങ്ങളിൽ, അക്കൗണ്ട് ഉടമ നോട്ടറി സാക്ഷ്യപ്പെടുത്തിയ നോൺ-ജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറിൽ അപേക്ഷ സമർപ്പിക്കുകയും വിവാഹ തീയതിയിൽ പതിനെട്ട് വയസ്സ് തികയുമെന്നതിന് തെളിവ് സമർപ്പിക്കുകയും വേണം. നേരത്തെയുള്ള ഈ അക്കൗണ്ട് അവസാനിപ്പിക്കൽ വിവാഹത്തിന് മുമ്പ് ഒരു മാസത്തിനുള്ളിൽ അനുവദിക്കും. വിവാഹത്തിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണം. അംഗീകാരം ലഭിച്ചാൽ, ബാധകമായ പലിശ സഹിതം തുക അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്നതിനായി ഒരു അപേക്ഷാ ഫോം സമർപ്പിക്കാം. ഇത് അത്യാവശ്യ സമയത്ത് പണം ലഭിക്കുമെന്ന് ഉറപ്പാക്കുന്നു.
പിൻവലിക്കൽ
ഒരു അക്കൗണ്ട് ഉടമയ്ക്ക് മുൻ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി, ബാലൻസ് തുകയുടെ അമ്പത് ശതമാനം വരെ പിൻവലിക്കാം. അക്കൗണ്ട് ഉടമയ്ക്ക് പതിനെട്ട് വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പൂർത്തിയാക്കുമ്പോഴോ, ഏതാണ് ആദ്യം, അതിന് ശേഷം മാത്രമേ പിൻവലിക്കൽ അനുവദനീയമാകൂ. ഈ പ്രക്രിയ ആരംഭിക്കുന്നതിന്, അക്കൗണ്ട് ഉടമ അനുബന്ധ രേഖകൾക്കൊപ്പം അപേക്ഷ സമർപ്പിക്കണം. പ്രവേശനം സ്ഥിരീകരിക്കുന്ന രേഖ, അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ഫീസ് രസീത് എന്നിവ ഉദാഹരണം. പിൻവലിക്കൽ ഒരുമിച്ചോ ഗഡുക്കളായോ നടത്താം. അഞ്ച് വർഷം വരെ പ്രതിവർഷം പരമാവധി ഒരു പിൻവലിക്കൽ അനുവദിക്കും. പിൻവലിക്കുന്ന തുക പ്രവേശന രേഖയിലോ ഫീസ് രസീതിലോ പറഞ്ഞിരിക്കുന്ന തുകയിൽ കവിയുന്നില്ലെന്ന് ഉറപ്പാക്കും.
അകാലത്തിലുള്ള അക്കൗണ്ട് അവസാനിപ്പിക്കൽ അഥവാ ക്ലോഷർ
അക്കൗണ്ട് ഉടമയുടെ അകാല മരണമുണ്ടായാൽ, മതിയായ അധികാരമുള്ള ഉദ്യോഗസ്ഥൻ നൽകുന്ന മരണ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമർപ്പിച്ച ഉടൻ അക്കൗണ്ട് അവസാനിപ്പിക്കാൻ കഴിയും. മരണ തീയതി വരെയുള്ള തുകയും പലിശയും രക്ഷിതാവിന് നൽകും. കൂടാതെ, അക്കൗണ്ട് ഉടമയുടെ മരണത്തിനും അക്കൗണ്ട് അവസാനിപ്പിക്കുന്നതിനും ഇടയിലുള്ള കാലയളവിലെ പലിശ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളുടെ നിരക്കിൽ കണക്കാക്കും. കൂടാതെ, ജീവൻ അപകടപ്പെടുത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ, രക്ഷിതാവിന്റെ മരണം പോലുള്ള അങ്ങേയറ്റം ദയാർഹമായ സാഹചര്യങ്ങളിൽ, സമഗ്രമായ രേഖകൾ നൽകിയ ശേഷം അകാലത്തിൽ അക്കൗണ്ട് അവസാനിപ്പിക്കാൻ അനുവദിച്ചേക്കാം. എന്നിരുന്നാലും, അക്കൗണ്ട് തുറന്ന് ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ അകാലത്തിൽ അക്കൗണ്ട് അവസാനിപ്പിക്കാനാവില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഉപസംഹാരം
ഇന്ത്യയിലെ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പരിവർത്തനാത്മക സംരംഭമാണ് സുകന്യ സമൃദ്ധി യോജന. കുടുംബങ്ങളിൽ സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കുന്നതിലൂടെയും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും മുൻഗണന നൽകുന്നതിലൂടെയും സമഗ്രമായ സാമൂഹിക പുരോഗതിക്ക് ഈ പദ്ധതി ശക്തമായ പ്രേരണയായി നിലകൊള്ളുന്നു. അക്കൗണ്ടുകളുടെ എണ്ണത്തിലെ സ്ഥിരതയാർന്ന വളർച്ച ഈ ദർശനാത്മകപദ്ധതിയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധത്തെയും അതിന്റെ സ്വീകാര്യതയെയും പ്രതിഫലിപ്പിക്കുന്നു. ലിംഗസമത്വത്തിലേക്കും സർവ്വാശ്ലേഷിത്വത്തിലേക്കും രാജ്യം പ്രയാണം തുടരുമ്പോൾ, പിന്തുണയ്ക്കപ്പെടുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം സ്വപ്നം കാണാനും നേട്ടങ്ങൾ സ്വായത്തമാക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള അവസരം സുകന്യ സമൃദ്ധി യോജന ഓരോ പെൺകുട്ടിയ്ക്കും ഉറപ്പാക്കുന്നു.
*******************
(Release ID: 2095066)
Visitor Counter : 36