ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

സി-ഡാക് രൂപകൽപ്പന ചെയ്ത ഉൽപ്പന്നങ്ങളായ ARIES ECO & ARIES NOVA ഡെവലപ്മെന്റ് ബോർഡുകളും തേജസ്‌ 64 തദ്ദേശീയ 64-ബിറ്റ് SoC യും കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പുറത്തിറക്കി.

2047 ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകുന്നതിന് കമ്പ്യൂട്ടിംഗും സാങ്കേതിക വികസനവും പ്രധാന ഘടകങ്ങളാണ്: ശ്രീ അശ്വിനി വൈഷ്ണവ്

Posted On: 11 JAN 2025 3:29PM by PIB Thiruvananthpuram

മുംബൈ, 11  ജനുവരി 2025
സി-ഡാക് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത VEGA അധിഷ്ഠിത SoC ASIC ഉം DIR V VEGA പ്രോസസർ അധിഷ്ഠിതമായ രണ്ട് ഡെവലപ്മെന്റ് ബോർഡുകളും കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് പൂനെയിലെ പസാനിലുള്ള സി-ഡാക് കാമ്പസിൽ ഉദ്ഘാടനം ചെയ്തു. ARIES ECO & ARIES NOVA ഡെവലപ്മെന്റ് ബോർഡുകൾ, തേജസ്‌ 64 തദ്ദേശീയ 64-ബിറ്റ് SoC എന്നീ രണ്ട് ഉൽപ്പന്നങ്ങളാണ് ഇന്ന് പുറത്തിറക്കിയത് . ARIES ECO,വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമാണ്. ഇത് സെൻസർ ഫ്യൂഷൻ, സ്മാർട്ട് മീറ്ററുകൾ, ശരീരത്തിൽ ധരിക്കാവുന്ന ഉപകരണങ്ങൾ തുടങ്ങിയ ആപ്ലിക്കേഷനുകളിൽ പരീക്ഷണം നടത്തുന്നതിനുള്ള ഒരു പ്രായോഗിക പ്ലാറ്റ്ഫോം നൽകുന്നു. എംബഡഡ് സംവിധാനങ്ങളുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയിൽ വിദ്യാഭ്യാസം, ഗവേഷണം, വികസനം എന്നിവയ്ക്കായി എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു പ്ലാറ്റ്ഫോം ARIES NOVA വാഗ്ദാനം ചെയ്യുന്നു. കരുത്തുറ്റതും സുരക്ഷിതവുമായ എംബഡഡ് ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്ത ആദ്യത്തെ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 64-ബിറ്റ് VEGA അധിഷ്ഠിത സിസ്റ്റം-ഓൺ-ചിപ്പ് (SoC) ആണ് തേജസ്‌ 64.


 

കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ ആർ ഐ എസ് സി-V (DIR-V) പദ്ധതിയുടെ ഭാഗമായി, VEGA പരമ്പരയിൽപ്പെട്ട മൈക്രോപ്രൊസസ്സറുകളുടെ രൂപകൽപ്പനയും വികസനവും സി-ഡാക് വിജയകരമായി പൂർത്തിയാക്കി. രാജ്യത്തെ പ്രഥമ തദ്ദേശീയ 64-ബിറ്റ് മൾട്ടി-കോർ ആർ ഐ എസ് സി-V അധിഷ്ഠിത സൂപ്പർസ്‌കെലാർ ഔട്ട്-ഓഫ്-ഓർഡർ പ്രോസസറും ഇതിൽ ഉൾപ്പെടുന്നു. ആർ ഐ എസ് സി -V ഇൻസ്ട്രക്ഷൻ സെറ്റ് ഘടനയെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പ്രവർത്തനക്ഷമതയുള്ള 32/64-ബിറ്റ് സിംഗിൾ/ഡ്യുവൽ/ക്വാഡ് കോർ സൂപ്പർസ്‌കേലാർ ഔട്ട്-ഓഫ്-ഓർഡർ പ്രോസസർ കോറുകളാണ് VEGA പരമ്പരയിൽ ഉൾപ്പെടുന്നത് . ഓപ്പൺ സോഴ്‌സ് ആർ ഐ എസ് സി -V ഘടന, നൂതനാശയവും പ്രായോഗിക എളുപ്പവും ലഭ്യമാക്കുകയും എംബഡഡ് സംവിധാനങ്ങളിൽ പ്രായോഗിക പഠനവും വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


സി-ഡാക് ശാസ്ത്രജ്ഞരുമായും ഉദ്യോഗസ്ഥരുമായും അവലോകന യോഗത്തിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് സി-ഡാക് സംഘടിപ്പിച്ച പ്രദർശനവും സന്ദർശിച്ചു. 2047 ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതിന് കമ്പ്യൂട്ടിംഗും സാങ്കേതിക വികസനവും പ്രധാന ഘടകങ്ങൾ ആണെന്നും അതിൽ സി-ഡാക് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഐഐടി മദ്രാസ്, ഐഐഎസ്‌സി ബെംഗളൂരു, ഐഐടി ഗാന്ധിനഗർ തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളിൽ അർധ ചാലകങ്ങളുടെയും കമ്പ്യൂട്ടിംഗിന്റെയും മേഖലയിൽ ധാരാളം ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ശ്രീ വൈഷ്ണവ് പറഞ്ഞു. ഭാവിയിൽ ഒരു ഏകീകൃതവും സംയോജിതവുമായ പ്രവർത്തനരീതി സൃഷ്ടിക്കുന്നതിന് എല്ലാ ഗവേഷണ പ്രവർത്തനങ്ങളും എങ്ങനെ ഒരുമിച്ച് കൊണ്ടുവരാമെന്ന് അവലോകന യോഗത്തിൽ ചർച്ച ചെയ്തു. ഇന്ന് രാജ്യത്തുടനീളമുള്ള 240 ഓളം സ്ഥാപനങ്ങൾക്ക് അർധ ചാലക ചിപ്പുകൾ രൂപകൽപ്പന ചെയ്യുന്നതിന് ഉപയോഗിക്കുന്ന വളരെ നൂതനമായ ഗവേഷണ സംവിധാനങ്ങൾ ഉണ്ടെന്ന് ശ്രീ വൈഷ്ണവ് പറഞ്ഞു. ഈ ഗവേഷണ സംവിധാനങ്ങളുടെ നിരീക്ഷണം, പ്രാപ്തമാക്കൽ, ലൈസൻസുകൾ വാങ്ങൽ എന്നിവയിലൂടെ സി-ഡാക്, ഈ പദ്ധതിയുടെ അടിത്തറയായി പ്രവർത്തിക്കുന്നു.
 


ഇതിന്റെ ഫലമായി, മുമ്പ് പാഠപുസ്തകങ്ങളിൽ നിന്ന് മാത്രം അർദ്ധചാലകങ്ങൾ അഥവാ സെമികണ്ടക്ടറുകളെക്കുറിച്ച് പഠിച്ചിരുന്ന ഗവേഷണ വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൂതന ഉപകരണങ്ങൾ ലഭ്യമാക്കുന്നു. അതിലൂടെ ആശയങ്ങൾ പരീക്ഷിക്കുന്നതിനും ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും അവസരം ലഭിക്കുന്നു. സെമികണ്ടക്ടർ രൂപകല്പനാ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന ഈ വിദ്യാർത്ഥികൾ സെമികണ്ടക്ടർ വ്യവസായ മേഖലയുടെ ഭാഗമാകാൻ സജ്ജരാവുന്നതായും കമ്പ്യൂട്ടർ ചിപ്പുകൾ യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്യാനുള്ള കഴിവ് ലഭിക്കുന്നതായും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനുള്ള ആന്തരിക ശക്തി സമാഹരിക്കുന്നതായും ശ്രീ വൈഷ്ണവ് പറഞ്ഞു.
 


സെമികണ്ടക്ടർ രൂപകൽപ്പനാ ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിച്ച വിദ്യാർത്ഥികൾക്കിടയിൽ സി-ഡാക് ഒരു മത്സരം നടത്തുമെന്നും തുടർന്ന് വ്യവസായത്തിലെ ഏറ്റവും മികച്ച ഏജൻസികളുമായി അവരെ ബന്ധിപ്പിക്കുമെന്നും കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി ശ്രീ വൈഷ്ണവ് പറഞ്ഞു. ഈ വിദ്യാർത്ഥികൾക്കായി സി-ഡാക് ഒരു സർട്ടിഫിക്കേഷൻ കോഴ്‌സും ആരംഭിക്കും.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഗ്രൂപ്പ് കോ-ഓർഡിനേറ്റർ (ആർ & ഡി) ശ്രീമതി സുനിത വർമ്മ, സി-ഡാക് ഡയറക്ടർ ജനറൽ ശ്രീ ഇ മഗേഷ്, സി-ഡാക് പൂനെ സെന്റർ മേധാവി ശ്രീ സഞ്ജയ് വന്ധേക്കർ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഐടി, ഇലക്ട്രോണിക്സ്, അനുബന്ധ മേഖലകളിൽ ഗവേഷണ വികസനം നടത്തുന്നതിനായി കേന്ദ്ര ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പ്രമുഖ ഗവേഷണ വികസന സ്ഥാപനമാണ് സി ഡാക്

********************************************


(Release ID: 2092141) Visitor Counter : 22


Read this release in: Odia , English , Marathi , Assamese