ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ജനിതകശാസ്ത്രത്തില്‍ ഇന്ത്യ ഒരു കുതിച്ചു ചാട്ടത്തിന്: ആഗോള ഗവേഷണത്തെ ശാക്തീകരിക്കുന്നതിനായി ഇന്ത്യന്‍ ജിനോമിക് ഡാറ്റാ സെറ്റിനും IBDC പോര്‍ട്ടലിനും തുടക്കം കുറിച്ചു
' ഇന്ത്യയുടെ ജനിതക വിപ്ലവം: 10,000 പൂര്‍ണ്ണ ജനിതക സാമ്പിളുകള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ലഭ്യമാണ്'
ബയോടെക് രംഗത്ത് അടുത്ത തലമുറ വിപ്ലവം നയിക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ശാസ്ത്ര സമൂഹത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
Posted On:
09 JAN 2025 7:51PM by PIB Thiruvananthpuram
ഇന്ത്യ ഇനി വിദേശ ജീനോമിക് ഡാറ്റായെ ആശ്രയിക്കുന്നില്ലെന്ന് ജനിതകശാസ്ത്ര മേഖലയില്‍ സ്വാശ്രയത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പു നടത്തിക്കൊണ്ട് കേന്ദ്ര ശാസ്ത്ര, സാങ്കേതി ശാസ്ത്ര സഹ മന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ജീനോം ഇന്ത്യ ഡാറ്റാ കോണ്‍ക്ലേവിലായിരുന്നു ഈ പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്‍ കീഴില്‍, ഇന്ത്യന്‍ ജീനോമിക് ഡാറ്റാ സെറ്റ് അനാച്ഛാദനം ചെയ്യുകയും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ' ഫ്രെയിം വര്‍ക്ക് ഫോര്‍ ഏക്‌സ്‌ചേഞ്ച് ഓഫ് ഡാറ്റാ പ്രോട്ടോക്കോളുകളും (FeED)’, ഇന്ത്യയിലും ലോകമെമ്പാടും ഉള്ള ഗവേഷകര്‍ക്ക് 10,000 ജീനോം പൂര്‍ണ്ണ സാമ്പിളുകള്‍ പ്രാപ്യമാക്കിക്കൊണ്ട് , ഇന്ത്യന്‍ ബയോളജിക്കല്‍ ഡാറ്റാ സെന്റര്‍ (IBDC) പോര്‍ട്ടലുകളും പുറത്തിറക്കി.
'ഇന്ത്യ സ്വന്തം ജീനോമിക് ഡാറ്റാ സെറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇതു ഭാവിയില്‍ വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഒരു മഹത്തായ നേട്ടമാണ്. IBDCയില്‍ സൂക്ഷിച്ചിരിക്കുന്ന 10,000 പൂര്‍ണ്ണ ജീനോം സാമ്പിളുകളുടെ മുഴുവന്‍ ശേഖരവും ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും ഗവേഷണ ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഈ ഡാറ്റാ സെറ്റ് ജീനോമിക്സ് ഗവേഷണത്തിനുള്ള ഒരു നിര്‍ണായക ഉറവിടമായി വര്‍ത്തിക്കും, ഇത് വ്യക്തിഗത ആരോഗ്യ സംരക്ഷണമേഖലയിലും വൈദ്യശാസ്ത്ര മേഖലയിലും പുരോഗതിക്ക് സംഭാവന നല്‍കും ' , എന്ന് കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. സിംഗ് അഭിമാനപൂര്‍വ്വം പ്രസ്താവിച്ചു.
ഇന്ത്യന്‍ ബയോളജിക്കല്‍ ഡാറ്റാ സെന്റര്‍ (IBDC)അമൂല്യമായ ജനിതക വിവരങ്ങള്‍ സുഗമമായി ലഭ്യമാക്കുകയും ജനിതക വ്യതിയാനങ്ങള്‍ പര്യവേക്ഷണം ചെയ്യാനും കൂടുതല്‍ കൃത്യതയുള്ള ജീനോമിക് ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും ഗവേഷകരെ പ്രാപ്തരാക്കുകയും ചെയ്യും. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ജനസമൂഹത്തില്‍ നിന്നുള്ള 10,000 പൂര്‍ണ്ണ ജീനോം സീക്വന്‍സിങ് (WGS) സാമ്പിളുകള്‍ ജനിതക വ്യതിയാനങ്ങളുടെ സമ്പന്നമായ കാറ്റലോഗ് ലഭ്യമാക്കും. ഈ സംരംഭം ഇന്ത്യയെ ജനിതകശാസ്ത്രത്തിന്റെ നേതൃനിരയില്‍ എത്തിക്കുകയും ഇന്ത്യന്‍ ജനസംഖ്യാശാസ്ത്രത്തിന് അനുസൃതമായ ജനിതക ചിപ്പുകളുടെ വികസനം സാധ്യമാക്കുകയും അതുവഴി ജനിതക പഠനങ്ങളുടെ കൃത്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇന്ത്യയുടെ ജനിതക വൈവിധ്യത്തിന്റെ കരുത്തുറ്റതും സമഗ്രവുമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ (ഡിബിടി) നേതൃത്വത്തില്‍ നടക്കുന്ന 'ജീനോം ഇന്ത്യ' പദ്ധതിയുടെ പ്രാധാന്യം ഡോ.സിംഗ് ഊന്നിപ്പറഞ്ഞു. ഈ ഡാറ്റ അത്യാധുനിക ഗവേഷണത്തിനുള്ള അടിത്തറയായി വര്‍ത്തിക്കുകയും എംആര്‍എന്‍എ (mRNA) അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകള്‍, പ്രോട്ടീന്‍ നിര്‍മ്മാണം, ജനിതക വൈകല്യ ചികിത്സകള്‍ തുടങ്ങിയ മേഖലകളിലെ നൂതനാശയങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഭക്ഷണം, സംസ്‌കാരം, ഭൂമിശാസ്ത്രം എന്നിവയില്‍ മാത്രമല്ല, ജീനോമിലും ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന നിലവാരമുള്ളതും ദേശം തിരിച്ചുള്ളതുമായ ഡാറ്റ സുതാര്യവും ന്യായവും ഉത്തരവാദിത്തമുള്ളതുമായ രീതിയില്‍ പങ്കിടുമെന്ന് ബയോടെക്-പ്രൈഡ് (Biotech-PRIDE) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കീഴിലുള്ള 'ഫ്രെയിംവര്‍ക്ക് ഫോര്‍ എക്സ്ചേഞ്ച് ഓഫ് ഡാറ്റ (FeED)' പ്രോട്ടോക്കോളുകള്‍ ഉറപ്പാക്കുന്നു. 2021ല്‍ അവതരിപ്പിച്ച ബയോടെക്-പ്രൈഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ധാര്‍മ്മികവും സുരക്ഷിതവുമായ ഡാറ്റ പങ്കിടലിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ്.
2014ല്‍ 10 ബില്യണ്‍ ഡോളറില്‍ നിന്ന് 2024-ല്‍ 130 ബില്യണ്‍ ഡോളറായി ഉയരുകയും 2030-ഓടെ 300 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ബയോ ഇക്കണോമിയുടെ ശ്രദ്ധേയമായ വളര്‍ച്ച ഡോ. സിംഗ് എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും ബയോടെക് രംഗത്ത് ഇന്ത്യയെ ആഗോള നേതൃനിരയിലേക്ക് ഉയര്‍ത്താനും നാലാമത്തെ വ്യാവസായിക വിപ്ലവത്തിലേക്കു രാജ്യത്തെ നയിക്കാനും ഉതകുന്ന പുതിയ ബയോ ഇക്കണോമി നയവുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ ബയോടെക് മേഖലയില്‍ ആഗോളതലത്തില്‍ 12-ാം സ്ഥാനത്തും ഏഷ്യ-പസഫിക് മേഖലയില്‍ മൂന്നാം സ്ഥാനത്തുമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പ്പാദകരും മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സൗഹൃദ രാജ്യവുമാണ് ഇന്ത്യയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബയോടെക് സ്റ്റാര്‍ട്ടപ്പുകളുടെ ദ്രുതഗതിയിലുള്ള ഉയര്‍ച്ച - 2014-ല്‍ വെറും 50-ല്‍ നിന്ന് 2023-ല്‍ 8,500-ലധികം - ബയോടെക്നോളജിയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന നേതൃത്വവും ആഗോള ജൈവ സമ്പദ്വ്യവസ്ഥയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള അതിന്റെ കഴിവും തെളിയിക്കുന്നു.
ജനിതക ശാസ്ത്രത്തിലും വ്യക്തിഗത വൈദ്യശാസ്ത്രത്തിലും ഇന്ത്യയുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് 10 ദശലക്ഷം ജീനോമുകള്‍ ക്രമപ്പെടുത്തുക എന്ന ഭാവി ലക്ഷ്യവും ഡോ. ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു. ഡാറ്റാ സമ്പുഷ്ടീകരണ ശ്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പോലുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ സംരംഭം വിപുലീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ലഭ്യമായ ജീനോമിക് ഡാറ്റ ഉപയോഗിച്ച് ജനിതകവും പാരമ്പര്യവുമായ രോഗങ്ങളെ പ്രതിരോധിക്കാമെന്ന് ഡിബിടി സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ പറഞ്ഞു.
ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ പ്രൊഫ. അജയ് കുമാര്‍ സൂദ്, ഈ ഡാറ്റയുടെ പരിവര്‍ത്തന സാധ്യതയെക്കുറിച്ചും, ജനിതക വൈകല്യങ്ങള്‍ തടയുന്നതിലും ചികിത്സിക്കുന്നതിലുമുള്ള അതിന്റെ പങ്കിനെക്കുറിച്ചും ഊന്നിപ്പറഞ്ഞു. ജീനോം ഇന്ത്യ പ്രോജക്ടില്‍ നിന്ന് സൃഷ്ടിക്കുന്ന ഡാറ്റ ആരോഗ്യ സംരക്ഷണത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, കാര്‍ഷിക, പരിസ്ഥിതി, വ്യാവസായിക ഗവേഷണങ്ങള്‍ക്ക് വിലമതിക്കാനാവാത്ത ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍, CBR, IISc ബെംഗളൂരുവിലെ ഡോ. വൈ നരഹരി, ആര്‍സിബി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരവിന്ദ് സാഹു, ബന്ധപ്പെട്ട ശാസ്ത്ര മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തത് ഈ പദ്ധതിയുടെ വിജയത്തിന് പിന്നിലെ കൂട്ടായ പരിശ്രമത്തിന് അടിവരയിടുന്നു.
തന്റെ വീഡിയോ സന്ദേശത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തില്‍ ശാസ്ത്ര സമൂഹത്തെ അഭിനന്ദിക്കുകയും ജീനോമിക്‌സില്‍ ഇന്ത്യയുടെ ഭാവി ലക്ഷ്യത്തെക്കുറിച്ചുള്ള റോഡ്മാപ് അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ശാസ്ത്ര വൈദഗ്ധ്യത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും ബയോടെക്നോളജിയുടെയും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെയും തെളിവെന്ന നിലയിലാണ് അദ്ദേഹം ഈ സംരംഭത്തെ പ്രശംസിച്ചത്.
നോളജ് ഹബ്ബായും ഇന്നൊവേഷന്‍ ഹബ്ബായും പ്രവര്‍ത്തിക്കുകയും വികസിത് ഭാരത് @2047 നു സംഭാവന നല്‍കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം ഈ സംരംഭം വികസിപ്പിക്കുകയും ചെയ്യും.
ജനോപകാരപ്രദമായ ഭരണം, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, ജീനോമിക് ഡാറ്റ ബാങ്ക് എന്നിവ ഇന്ത്യയെ ശാക്തീകരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
'ജീനോം ഇന്ത്യ' പദ്ധതി ഇന്ത്യയെ ജനിതക ശാസ്ത്ര ഗവേഷണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയും രാജ്യത്തെ അടുത്ത ശാസ്ത്ര-വൈദ്യശാസ്ത്ര വിപ്ലവത്തിന്റെ മുന്‍നിരയില്‍ എത്തിക്കുകയും ചെയ്യും.
*******************
(Release ID: 2091853)
Visitor Counter : 38