സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

മിയാവാക്കി രീതി ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പ്രയാഗ്‌രാജിൽ ഏകദേശം 56,000 ചതുരശ്ര മീറ്റർ നിബിഡ വനം സൃഷ്ടിച്ചു

മഹാകുംഭം 2025 ന്റെ ഭാഗമായി,പരിസ്ഥിതി സംരക്ഷണത്തിന് സഹായകമായ രീതിയിൽ മാലിന്യക്കൂമ്പാരങ്ങളെ ഹരിതാഭമായ വനങ്ങളായി മാറ്റി

Posted On: 08 JAN 2025 7:07PM by PIB Thiruvananthpuram
2025 ലെ മഹാകുംഭമേളയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, നഗരം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദശലക്ഷക്കണക്കിന് ഭക്തർക്ക് ശുദ്ധവായുവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി പ്രയാഗ്‌രാജിലുടനീളം വിവിധ സ്ഥലങ്ങളിൽ നിബിഡ വനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപ്പറേഷൻ ജാപ്പനീസ് മിയാവാക്കി വിദ്യ ഉപയോഗിച്ച് നിരവധി ഓക്സിജൻ ബാങ്കുകൾ സ്ഥാപിച്ചു. അവ ഇപ്പോൾ ഹരിതാഭമായ വനങ്ങളായി മാറിയിരിക്കുന്നു. ഈ ശ്രമങ്ങൾ പച്ചപ്പ് വർദ്ധിപ്പിക്കുക മാത്രമല്ല,പരിസ്ഥിതി സംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാരണമായി.

മിയാവാക്കി രീതി ഉപയോഗിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലും നിബിഡ വനങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ശ്രീ ചന്ദ്ര മോഹൻ ഗാർഗ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 55,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നഗരത്തിലെ പത്തിലധികം സ്ഥലങ്ങളിൽ കോർപ്പറേഷൻ മരങ്ങൾ നട്ടുപിടിപ്പിച്ചു. നൈനി വ്യാവസായിക മേഖലയിലാണ് ഏറ്റവും കൂടുതൽ മരം നട്ടത് - 63 ഇനങ്ങളിൽപ്പെട്ട ഏകദേശം 1.2 ലക്ഷം മരങ്ങൾ. നഗരത്തിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രം വൃത്തിയാക്കിയ ശേഷം ബസ്വറിൽ , 27 വ്യത്യസ്ത ഇനങ്ങളിൽ നിന്നുള്ള 27,000 മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി വ്യാവസായിക മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുക മാത്രമല്ല, പൊടി, മാലിന്യങ്ങൾ , ദുർഗന്ധം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. വായു, ജല മലിനീകരണം കുറയ്ക്കുക, മണ്ണൊലിപ്പ് തടയുക, ജൈവവൈവിധ്യം വർദ്ധിപ്പിക്കുക തുടങ്ങിയ നിരവധി ഗുണങ്ങൾ മിയാവാക്കി വനങ്ങൾക്കുണ്ട്.


അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ സസ്യശാസ്ത്രവിഭാഗം മുൻ പ്രൊഫസറായ ഡോ. എൻ.ബി. സിംഗ് പറയുന്നതനുസരിച്ച്, ഈ രീതി ഉപയോഗിച്ച് നിബിഡ വനങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച വേനൽക്കാലത്ത് പകലും രാത്രിയും തമ്മിലുള്ള താപനിലാ വ്യത്യാസം കുറയ്ക്കാൻ സഹായിക്കുന്നു. ഈ വനങ്ങൾ ജൈവവൈവിധ്യം വർദ്ധിപ്പിക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുകയും മൃഗങ്ങൾക്കും പക്ഷികൾക്കും ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ, ഈ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത വലിയ വനങ്ങൾക്ക് താപനില 4 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ കഴിയും.ഇത് വലിയ പാരിസ്ഥിതിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു.


ഫലവൃക്ഷങ്ങൾ മുതൽ ഔഷധ, അലങ്കാര സസ്യങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ഇനങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. മാവ്, മഹുവ, വേപ്പ്, ആൽ , പുളി, തേക്ക്, തുളസി, നെല്ലിക്ക, ബെർ എന്നിവയാണ് പദ്ധതിയുടെ കീഴിൽ നട്ടുപിടിപ്പിക്കുന്ന പ്രധാന ഇനങ്ങൾ. കൂടാതെ, ചെമ്പരത്തി, കടമ്പ്, ഗുൽമോഹർ, ജംഗിൾ ജലേബി, ബൊഗൈൻവില്ല , ബ്രഹ്മി തുടങ്ങിയ അലങ്കാര, ഔഷധ സസ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ശീഷാം, മുള, അരളി (ചുവപ്പും മഞ്ഞയും), ടെക്കോമ, കച്ച്നാർ, മഹാഗണി, നാരങ്ങ, മുരിങ്ങ (സഹ്ജൻ) എന്നിവയാണ് മറ്റ് ഇനങ്ങൾ.

മിയാവാക്കി വിദ്യ

1970 കളിൽ പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത മിയാവാക്കി സാങ്കേതിക വിദ്യ, പരിമിതമായ സ്ഥലങ്ങളിൽ ഇടതൂർന്ന വനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു വിപ്ലവകരമായ രീതിയാണ്. 'പോട്ട് പ്ലാന്റേഷൻ രീതി' എന്നറിയപ്പെടുന്ന ഇതിൽ, മരങ്ങളും കുറ്റിച്ചെടികളും അടുത്തടുത്ത് നട്ടുപിടിപ്പിച്ച് അവയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സസ്യങ്ങൾ 10 മടങ്ങ് വേഗത്തിൽ വളരുന്നു. ഇത് നഗരപ്രദേശങ്ങൾക്ക് ഒരു പ്രായോഗിക പരിഹാരമായി മാറുന്നു.

തദ്ദേശീയമായ വിവിധ ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ ഈ രീതി സ്വാഭാവിക വനങ്ങളെ അനുകരിക്കുന്നു. ഇത് മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു, ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നു, വന വികസനം ത്വരിതപ്പെടുത്തുന്നു. മിയാവാക്കി വിദ്യ ഉപയോഗിച്ച് നട്ടുപിടിപ്പിക്കുന്ന മരങ്ങൾ പരമ്പരാഗത വനങ്ങളെ അപേക്ഷിച്ച് കൂടുതൽ കാർബൺ ആഗിരണം ചെയ്യുന്നു, വേഗത്തിൽ വളരുന്നു, സമ്പന്നമായ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നു.

നഗര സാഹചര്യങ്ങളിൽ, മലിനമായതും , തരിശുഭൂമിയെയും ഹരിത ആവാസവ്യവസ്ഥയാക്കി മാറ്റാൻ ഈ വിദ്യയ്ക്ക് കഴിഞ്ഞു. വ്യാവസായിക മാലിന്യങ്ങൾ വിജയകരമായി കൈകാര്യം ചെയ്യാനും പൊടിയും ദുർഗന്ധവും കുറയ്ക്കാനും വായു, ജല മലിനീകരണം തടയാനും ഇത് സഹായിക്കുന്നു.പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള ഫലപ്രദമായ ഉപകരണമാക്കിക്കൊണ്ട്, ഇത് മണ്ണൊലിപ്പ് തടയുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
 
***************

(Release ID: 2091456) Visitor Counter : 10


Read this release in: English , Urdu , Hindi , Tamil