പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
അകത്തള പ്രകാശ സംഭരണത്തിൽ (ഇൻഡോർ ലൈറ്റ് ഹാർവെസ്റ്റിംഗ്) 35.6% കാര്യക്ഷമത കൈവരിച്ച്, 2024-ൽ സുസ്ഥിര നൂതനത്വങ്ങൾക്ക് തുടക്കമിട്ട് തിരുവനന്തപുരം CSIR-NIIST
Posted On:
03 JAN 2025 1:36PM by PIB Thiruvananthpuram
CSIR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർഡിസിപ്ലിനറി സയൻസ് & ടെക്നോളജി (CSIR-NIIST) തിരുവനന്തപുരം, ശാസ്ത്ര ഗവേഷണം, സാങ്കേതിക മുന്നേറ്റങ്ങൾ, പരിസ്ഥിതി സുസ്ഥിരത, സാമൂഹിക ഉത്തരവാദിത്തം എന്നിവയിലുടനീളമുള്ള ശ്രദ്ധേയ നേട്ടങ്ങളോടെ 2024-നെ മികവിന്റെ വർഷമായി അടയാളപ്പെടുത്തി. ഇന്ത്യയുടെ ഗവേഷണ വികസന ഭൂമികയിലെ ഒരു പ്രധാന പങ്കാളി എന്ന നിലയിൽ, ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിനും ശാസ്ത്ര നവീകരണത്തിൽ രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് ഗണ്യമായ സംഭാവനയാണ് നൽകിയത്.
CSIR-NIIST ശാസ്ത്രജ്ഞർ ഡൈ-സെൻസിറ്റൈസ്ഡ് സോളാർ സെല്ലുകൾ (DSC) ഉപയോഗിച്ച് അകത്തള പ്രകാശ സംഭരണത്തിൽ (ഇൻഡോർ ലൈറ്റ് ഹാർവെസ്റ്റിംഗിൽ) ശ്രദ്ധേയമായ 35.6% കാര്യക്ഷമത കൈവരിച്ചു കൊണ്ട്, ഇൻസ്റ്റിറ്റ്യൂട്ടിനെ സുസ്ഥിര ഊർജ്ജ പരിഹാരങ്ങളിൽ മുൻപന്തിയിൽ നിർത്തി. ഈ നേട്ടം ഊർജ്ജ ഉപയോഗത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഡിസ്പോസിബിൾ ബാറ്ററികളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സുസ്ഥിരത കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെൻ്റ് കോൺക്ലേവിൽ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് സുരക്ഷിതവും സുസ്ഥിരവുമായ സാങ്കേതികവിദ്യ CSIR-NIIST അനാവരണം ചെയ്തു. ഭാവിയിൽ മാലിന്യം പൂജ്യമാക്കാൻ ലക്ഷ്യമിടുന്ന ദേശീയ സുസ്ഥിര പാക്കേജിംഗ് സൊല്യൂഷനുകളിലെ നേതൃത്വത്തിലൂടെ പാരിസ്ഥിതിക കാൽപ്പാടുകൾ കുറയ്ക്കുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ശ്രമങ്ങളും എടുത്തുകാണിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വയം പ്രവർത്തിക്കുന്ന എയർ ക്വാളിറ്റി മോണിറ്ററുകളുടെ അനാച്ഛാദനം, നവീകരണത്തിലൂടെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള CSIR-NIIST യുടെ പ്രതിബദ്ധത പ്രകടമാക്കി.
CSIR-NIIST സഹകരണവും ലൈസൻസിംഗ് സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. കമ്പോസ്റ്റിംഗ് വർദ്ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത "ജൈവം" എന്ന മൈക്രോബയൽ കൺസോർഷ്യത്തിൻ്റെ വാണിജ്യവൽക്കരണത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഒരു ധാരണാപത്രം ഒപ്പുവച്ചു, ഇത് കാർഷിക മേഖലയ്ക്ക് ഗണ്യമായ നേട്ടമുണ്ടാക്കും. കൂടാതെ, കാർഷിക മാലിന്യങ്ങളിൽ നിന്ന് ബയോഡീഗ്രേഡബിൾ ടേബിൾവെയർ വികസിപ്പിക്കുന്നതിനുള്ള ഒരു ക്ലീൻ-ടെക് സ്റ്റാർട്ടപ്പുമായുള്ള സ്ഥാപനത്തിന്റെ സഹകരണം 12 മാസം വരെ ഷെൽഫ് ലൈഫ് ഉള്ള പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് ഒരു പുതിയ മാനദണ്ഡം സജ്ജമാക്കി. കാസർകോട് ഒരു സുസ്ഥിര ബയോ എനർജി അധിഷ്ഠിത മാലിന്യ സംസ്‌കരണ പ്ലാൻ്റ് (ഇടിപി) വികസിപ്പിച്ച് സ്ഥാപിച്ചുകൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട് മലിനജല പരിപാലനത്തിലും പുരോഗതി കൈവരിച്ചു, കൂടാതെ ഹോട്ടലുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നുമുള്ള ജൈവ മലിനജലം സംസ്‌കരിക്കുന്നതിനുള്ള പേറ്റൻ്റ് സാങ്കേതികവിദ്യയായ NOWA പോലുള്ള നൂതനമായ പരിഹാരങ്ങൾ സമാരംഭിച്ചു. വിഭവ വീണ്ടെടുക്കലും പാരിസ്ഥിതിക സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള CSIR-NIIST ൻ്റെ ലക്ഷ്യവുമായി ചേർന്നു നിൽക്കുന്നതാണ് ഈ ശ്രമങ്ങൾ.
2024-ൽ CSIR-NIIST-ൽ ഒരു സമർപ്പിത ഇന്നൊവേഷൻ സെൻ്റർ സ്ഥാപിക്കുകയും ചെയ്തു, ഇത് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ഭാരത് ബയോടെക്കിലെ ഡോ. കൃഷ്ണ എല്ല ഉദ്ഘാടനം ചെയ്ത ഈ സെന്റർ, പരിവർത്തന ഗവേഷണത്തിനുള്ള ദേശീയ കേന്ദ്രമെന്ന നിലയിൽ CSIR-NIIST ൻ്റെ വളർന്നുവരുന്ന പങ്ക് എടുത്തുകാട്ടുന്നു. വിദ്യാഭ്യാസ മേഖലയിൽ, CSIR-NIIST ഒരു പ്രമുഖ അക്കാദമിക് സ്ഥാപനമെന്ന നിലയിൽ അതിൻ്റെ പദവി ഉറപ്പിച്ചുകൊണ്ട് ഡോക്ടറൽ ഗവേഷണ പരിപാടി എൻറോൾമെൻ്റുകളിൽ ഗണ്യമായ വർദ്ധനവിന് സാക്ഷ്യം വഹിച്ചു. ജിഗ്യാസ, നൈപുണ്യ വികസനം തുടങ്ങിയ സംരംഭങ്ങളിലൂടെ സമൂഹ ഇടപഴകൽ വർധിപ്പിക്കുന്നതിലും ശാസ്ത്രീയ ജിജ്ഞാസ വളർത്തുന്നതിലും ഇൻസ്റ്റിറ്റ്യൂട്ട് ഒരു പ്രധാന പങ്ക് വഹിച്ചു.
CSIR-NIIST അതിൻ്റെ ഗവേഷണ വികസന ബജറ്റിൽ 175% വർദ്ധനവ് കൈവരിച്ചു, ഇത് ശക്തമായ വളർച്ചയും നൂതനാശയങ്ങളിലെ വർധിച്ച നിക്ഷേപവും പ്രതിഫലിപ്പിച്ചു. സാങ്കേതിക കൈമാറ്റങ്ങളിൽ നിന്നുള്ള ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വരുമാനം 260% വർദ്ധിച്ചു, ഇത് അതിൻ്റെ ഗവേഷണ ഫലങ്ങളുടെ വാണിജ്യ സാധ്യതകളെ അടിവരയിടുന്നു. CSIR-NIIST ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണനു ലഭിച്ച രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരമുൾപ്പെടെയുള്ള അഭിമാനകരമായ ബഹുമതികളാലും പോയ വർഷം സവിശേഷതകളുടേതായി മാറി. തന്ത്രപ്രധാനമായ സാമഗ്രികളും മെഡിക്കൽ സാങ്കേതികവിദ്യകളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിക്രം സാരാഭായ് സ്‌പേസ് സെൻ്റർ (വിഎസ്എസ്‌സി), എയിംസ് തുടങ്ങിയ പ്രധാന ദേശീയ സംഘടനകളുമായി ഇൻസ്റ്റിറ്റ്യൂട്ട് പുതിയ സഖ്യങ്ങൾ ഉണ്ടാക്കി.
വയനാട്ടിലെ ഉരുൾപൊട്ടൽ സമയത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത്, ഭക്ഷ്യസാധനങ്ങൾ തയ്യാറാക്കി വിതരണം ചെയ്തുകൊണ്ട് CSIR-NIIST തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ട് അതിൻ്റെ ലോക ഐപിആർ ദിന ശിൽപശാലയിൽ പരമ്പരാഗത അറിവുകൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ അതിൻ്റെ പങ്ക് കൂടുതൽ അടിവരയിടുകയും ചെയ്തു.
2025-ൽ CSIR-NIIST അതിൻ്റെ സുവർണ ജൂബിലിയിലേക്ക് നീങ്ങുമ്പോൾ, സുസ്ഥിര സാങ്കേതികവിദ്യകൾ, ഗവേഷണ സഹകരണങ്ങൾ, സാമൂഹിക സംരംഭങ്ങൾ എന്നിവയിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഇന്ത്യയുടെ ശാസ്ത്രരംഗത്തെ നേതൃസ്ഥാനത്തുള്ള സ്ഥാപനം എന്ന നിലയിലുള്ള അതിൻ്റെ സ്ഥാനം ഉറപ്പിക്കുന്നു. ഭാവിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോടെ, CSIR-NIIST ദേശീയ വളർച്ചയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും സാങ്കേതിക മികവിനും സംഭാവന നൽകുന്നത് തുടരുമ്പോൾ, പോയ വർഷം മഹത്തായ നേട്ടങ്ങളുടെ ഒരു വർഷമായി അടയാളപ്പെടുത്തുന്നു.
***
SK
(Release ID: 2089794)
Visitor Counter : 39