ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സഹിഷ്ണുത സാമൂഹിക സൗഹാർദ്ദത്തിൻ്റെ മുഖമുദ്ര : ഉപരാഷ്ട്രപതി

യുവജനങ്ങൾക്ക് ഇൻ്റേൺഷിപ്പിന് അവസരമൊരുക്കാനുള്ള പുതിയ സംവിധാനം വിപ്ലവകരമായ പരിവർത്തനം സൃഷ്ടിക്കും - ഉപരാഷ്ട്രപതി

Posted On: 10 NOV 2024 1:13PM by PIB Thiruvananthpuram

സഹിഷ്ണുതയെന്നത് ഒരു ധർമ്മമാണെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. നമ്മുടെ സംസ്ക്കാരത്തിൽ രൂഢമൂലമായി ഉൾച്ചേർന്നിരിക്കുന്ന സഹിഷ്ണുത, സ്വാഭാവിക ഗുണവിശേഷമായാണ് കണക്കാക്കപ്പെടുന്നത്. അത് നമ്മുടെ സാമൂഹിക ഐക്യത്തിൻ്റെ സ്ഥായീഭാവമാണ്. മഹാരാജ അഗ്രസെൻ ടെക്‌നിക്കൽ എജ്യുക്കേഷൻ സൊസൈറ്റിയുടെ (MATES) രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ന്യൂഡൽഹിയിലെ വിജ്ഞാൻ  ഭവനിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീ ധൻഖർ പറഞ്ഞു, “സാമൂഹിക സൗഹാർദ്ദത്തിന്റെ അഭാവത്തിൽ മറ്റെല്ലാം അപ്രസക്തമാകും. സമാധാനം ഇല്ലെങ്കിൽ, എത്ര സമ്പത്തുണ്ടായിട്ടും, എത്ര വലിയ ഭവനമുണ്ടായിട്ടും ഒരു കാര്യമില്ല. സാമൂഹിക സൗഹാർദ്ദം തന്നെയാണ് നമുക്ക് ഭൂഷണം.

"ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, നൂതന ആശയങ്ങൾ പൂർണ്ണമനസ്സോടെ  സ്വീകരിക്കുക, സഹിഷ്ണുത പുലർത്തുക; അത് എല്ലായ്പ്പോഴും സൃഷ്ടിപരമായിരിക്കും. നമ്മുടെ പ്രവർത്തനങ്ങളിലുടനീളം  " സാമൂഹിക ഐക്യം മെച്ചപ്പെടുത്താൻ എനിക്ക് എന്ത് ചെയ്യാൻ  കഴിയും?" എന്ന് സ്വയം ആരായുക, അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പൗരനെന്ന നിലയിൽ അവകാശങ്ങൾക്കൊപ്പം കടമകൾക്കും പ്രാധാന്യം നൽകേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു, “നമ്മുടെ അവകാശങ്ങളെക്കുറിച്ച് നാം ഏറെ ബോധവാന്മാരാണ്, എന്നാൽ കടമകൾ ശരിയാംവണ്ണം നിവ്വഹിക്കുമ്പോഴേ അവകാശങ്ങൾക്ക് അർഹതയുണ്ടാകൂ. എൻ്റെ അഭിപ്രായത്തിൽ,  രാഷ്ട്രീയവും വ്യക്തിപരവുമായ താത്പര്യങ്ങൾക്ക് മുകളിൽ രാഷ്ട്ര താത്പര്യം സ്ഥാപിക്കപ്പെടണമെന്നത് പോലെ, നിങ്ങളുടെ എല്ലാ അവകാശങ്ങൾക്കും മൗലികാവകാശങ്ങൾക്കും മേലെയാണ് നിങ്ങളുടെ കടമകൾ എന്നും മനസ്സിലാക്കണം. അത് നിങ്ങളുടെ പൗര ധർമ്മമാണ്. അവകാശങ്ങളേക്കാൾ കടമകൾക്ക് സദാ മുൻഗണന നൽകണം.

പുതുതായി ആരംഭിച്ച ഇൻ്റേൺഷിപ്പ് പദ്ധതിയെയും ദേശീയ വിദ്യാഭ്യാസ നയത്തെയും (NEP) അഭിനന്ദിച്ചുകൊണ്ട് ശ്രീ ധൻഖർ വ്യക്തമാക്കി, “നൂറുകണക്കിന്, ആയിരക്കണക്കിന് വിദഗ്ദ്ധാഭിപ്രായങ്ങൾ സ്വാംശീകരിച്ച് മൂന്ന് പതിറ്റാണ്ടോളം നീണ്ട കൂലംകഷമായ ചർച്ചകൾക്ക് ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണതയിലെത്തിയത്. ദേശീയ വിദ്യാഭ്യാസ നയം എന്താണ് മുന്നോട്ട് വയ്ക്കുന്നത്? ഗവേഷണത്തിന് വ്യവസായ-അക്കാദമിക  പങ്കാളിത്തം സാധ്യമാക്കുന്നതിനൊപ്പം പരീക്ഷണാത്മക പഠനം, വിമർശനാത്മക ചിന്തകൾ, യുവജനങ്ങൾക്ക് ഇൻ്റേൺഷിപ്പിന് അവസരമൊരുക്കാനായി കഴിഞ്ഞ ബജറ്റിൽ സർക്കാർ അവതരിപ്പിച്ച  പുതിയ സംവിധാനം എന്നിവയിലൂടെ  ഒരു വലിയ വിപ്ലവം സൃഷ്ടിക്കാൻ അരങ്ങൊരുങ്ങിയിരിക്കുന്നു. വിദ്യാഭ്യാസ കാലത്ത് തന്നെ സൃഷ്ടിക്കപ്പെടുന്ന  സംരംഭകത്വ നൈപുണ്യവും  ക്രിയാത്‌മക ചിന്തയും  സംയോജിപ്പിക്കുന്നതിലൂടെ യുവതീയുവാക്കൾക്കിടയിൽ, ഒരു പ്രായോഗിക തൊഴിൽ മേഖലയായി സംരംഭകത്വത്തെ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.

രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, വളർച്ച, സാമൂഹിക ഐക്യം എന്നിവയുടെ ചാലകശക്തിയായാണ് യുവാക്കളെയും ജെന്‍സി തലമുറയില്‍പ്പെട്ടവരെയും (Gen-Z) ശ്രീ ധൻഖർ വിശേഷിപ്പിച്ചത്. ഒഴിവാക്കാവുന്ന കോടിക്കണക്കിന് രൂപയുടെ ഇറക്കുമതിയെക്കുറിച്ച് ചിന്തിക്കൂ. ജെൻസി തലമുറയ്‌ക്കൊപ്പം (Gen Z) ചേർന്ന് നിങ്ങൾ, യുവതീയുവാക്കളാണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തേണ്ടത്. സംരംഭകത്വത്തിലൂടെ ഇറക്കുമതി ഞങ്ങൾ വെട്ടിക്കുറയ്ക്കും എന്ന് എന്തുകൊണ്ട് നിങ്ങൾക്ക് തീരുമാനിച്ചുകൂടാ. അത് സത്വരമായ സ്വാധീനം ചെലുത്തും. കോടിക്കണക്കിന് വിദേശനാണ്യം നാം ലാഭിക്കും.” ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.  ഒപ്പം സംരംഭകത്വവും പുഷ്ടിപ്പെടും. അതുകൊണ്ടാണ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ, സ്വദേശിയെക്കുറിച്ച് ചിന്തിക്കാൻ ഞാൻ നിങ്ങളോട് വീണ്ടും അഭ്യർത്ഥിക്കുന്നത്. സ്വദേശിയായിരിക്കണം നമ്മുടെ അടിസ്ഥാനമന്ത്രം.

ഏതൊരു സ്ഥാപനവും അടിസ്ഥാന സൗകര്യങ്ങളേക്കാൾ ഫാക്കൽറ്റി അംഗങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ശ്രീ ധൻഖർ അടിവരയിട്ട് സൂചിപ്പിച്ചു. “ഒരു സ്ഥാപനത്തെ നിർവചിക്കുന്നത് അതിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുപരി ഫാക്കൽറ്റിയാണ്. അടിസ്ഥാന സൗകര്യങ്ങൾ സമൂഹത്തിൻ്റെയും സ്ഥാപനത്തിൻ്റെയും  അനിവാര്യതയാണെന്നതിൽ സംശയമില്ല, എന്നാൽ ഫാക്കൽറ്റിയാകട്ടെ സ്ഥാപനത്തിന്റെ സൗരഭ്യമാണ്.

***************************


(Release ID: 2072280) Visitor Counter : 24


Read this release in: English , Urdu , Hindi , Tamil