പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം വിജിലൻസ് ബോധവൽക്കരണ വാരം ആചരിച്ചു

Posted On: 05 NOV 2024 4:50PM by PIB Thiruvananthpuram

 

 

തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ഐസിഎആർ - സി.ടി.സി.ആർ.ഐ.) 2024 ഒക്‌ടോബർ 28 മുതൽ നവംബർ 3 വരെ “രാജ്യത്തിന്റെ സമൃദ്ധിക്കായി സമഗ്രതയുടെ സംസ്‌കാരം” എന്ന പ്രമേയത്തിൽ വിജിലൻസ് ബോധവൽക്കരണ വാരം ആചരിച്ചു. സമഗ്രതാ പ്രതിജ്ഞയോടെ ആരംഭിച്ച വാരാഘോഷത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും സി.ടി.സി.ആർ.ഐ ജീവനക്കാർക്കുമായി വിഷയത്തെ കേന്ദ്രീകരിച്ചുള്ള പോസ്റ്റർ നിർമാണം, പ്രസംഗം, ഒന്നിലധികം ഭാഷകളിൽ ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

നവംബർ നാലിന് നടന്ന ചടങ്ങിൽ ഡിജിപിയും തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ ശ്രീ യോഗേഷ് ഗുപ്ത മുഖ്യാതിഥിയായിരുന്നു. സുതാര്യതയുടെയും ആഭ്യന്തര പരിശോധനകളുടെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് സിടിസിആർഐയുടെ ജാഗ്രതയുടെയും സമഗ്രതയുടെയും ചരിത്രത്തെ ശ്രീ യോഗേഷ് ഗുപ്ത അഭിനന്ദിച്ചു. ഓഡിറ്റുകളും CVO റോളുകളും പോലുള്ള പരിശോധനകൾ, ടീം വർക്ക്, ന്യായമായ നയങ്ങൾ, അഴിമതി രഹിത അന്തരീക്ഷം എന്നിവ സ്ഥാപന വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറയുകയും ഉയർന്ന ധാർമ്മിക നിലവാരത്തിന് അർഹമായ ഏറ്റവും ആദരണീയമായ മേഖലകളിൽ ഒന്നാണ് കാർഷിക ഗവേഷണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡയറക്ടർ ഡോ. ജി. ബൈജു, ഗവേഷണത്തിൽ ധാർമ്മികതയുടെ പ്രാധാന്യം അടിവരയിട്ടു സംസാരിച്ചു. സമീപകാലത്തൊന്നും ഗവേഷണ പ്രബന്ധങ്ങളിലെ കണ്ടെത്തലുകൾ പിൻവലിക്കേണ്ടി വരാതെ, ശാസ്ത്രീയ സംഭാവനകളിലെ സമഗ്രതയിൽ ശ്രദ്ധിക്കുന്നതിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തെ അദ്ദേഹം അഭിനന്ദിച്ചു.

വിജിലൻസ് ഓഫീസറും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ.സജീവ് എം.എസ് സ്വാഗതമർപ്പിച്ച യോഗത്തിൽ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീ.എസ്.ഭദ്രകുമാർ, പ്രിൻസിപ്പൽ സയന്റിസ്റ് ഡോ.ആശാദേവി എ എന്നിവരും സംസാരിച്ചു.

 

-NK-


(Release ID: 2070957) Visitor Counter : 18


Read this release in: English