വിദ്യാഭ്യാസ മന്ത്രാലയം
ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നിർമ്മിത ബുദ്ധിയുടെ 3 മികവിൻ്റെ കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ശ്രീ ധർമേന്ദ്ര പ്രധാൻ
Posted On:
15 OCT 2024 4:35PM by PIB Thiruvananthpuram
ന്യൂ ഡൽഹി :15 ഒക്ടോബർ 2024
ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നിർമ്മിത ബുദ്ധിയുടെ 3 മികവിൻ്റെ കേന്ദ്രങ്ങൾ (എഐ സെൻ്റർ ഓഫ് എക്സലൻസ് -സിഒഇ) സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ന് ഡൽഹിയിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ സംസാരിക്കവേ, ശ്രീ ധർമേന്ദ്ര പ്രധാൻ, ഈ മൂന്ന് എഐ മികവ് കേന്ദ്രങ്ങളും ആഗോള പൊതുനന്മയുടെ ക്ഷേത്രങ്ങളായി ഉയർന്നുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.ഈ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ,ആഗോള നിർമ്മിത ബുദ്ധി ഭൂമികയിൽ ഭാരതത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് കാര്യമായ പുരോഗതി കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിവും പ്രതിഭയും കൊണ്ട് അനുഗ്രഹീതമായ ഭാരതത്തിൽ, വരും കാലങ്ങളിൽ, ഈ നിർമ്മിത ബുദ്ധി മികവ് കേന്ദ്രങ്ങൾ, ആഗോള പൊതുനയത്തിൻ്റെ ഒരു പ്രധാന ഘടകമാകുമെന്നും ലോകത്തിൻ്റെ പരിഹാര ദാതാക്കളായി ഉയർന്നുവരുമെന്നും ശ്രീ പ്രധാൻ പറഞ്ഞു.
എ ഐ യുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കാനുള്ള കാഴ്ചപ്പാടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് നന്ദി പ്രകടിപ്പിച്ച അദ്ദേഹം, എ ഐ-യിലെ ഈ മികവ് കേന്ദ്രങ്ങൾ രാജ്യത്തെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിന് കൂടുതൽ ഉത്തേജനം നൽകുമെന്നും തൊഴിൽ, ആസ്തി സ്രഷ്ടാക്കളുടെ ഒരു പുതു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്നും ആഗോള പൊതുനന്മയുടെ പുതിയ മാതൃകകൾ സ്ഥാപിക്കാൻ ഉതകുമെന്നും കൂട്ടിച്ചേർത്തു.
"വികസിത ഭാരതം " എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഈ മൂന്ന് എ ഐ മികവ് കേന്ദ്രങ്ങൾ (എഐ) വ്യവസായ പങ്കാളികളുമായും സ്റ്റാർട്ടപ്പുകളുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കും. അവർ ബന്ധപ്പെട്ട വകുപ്പുകളിൽ ഗവേഷണം നടത്തുകയും അത്യാധുനിക ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകയും ഈ മൂന്ന് മേഖലകളിൽ നിർണായകമായ പരിഹാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ പ്രധാന മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഗുണനിലവാരമുള്ള മാനവ വിഭവശേഷി പരിപോഷിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
"ഇന്ത്യയിൽ നിർമ്മിത ബുദ്ധി സൃഷ്ടിക്കുക , ഇന്ത്യക്ക് വേണ്ടി നിർമ്മിത ബുദ്ധികൊണ്ട് പ്രവർത്തിക്കുക" എന്ന കാഴ്ചപ്പാടിൻ്റെ ഭാഗമായി 2023-24 ലെ ബജറ്റ് പ്രഖ്യാപനത്തിൻ്റെ ഖണ്ഡിക 60 പ്രകാരം ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് , മൂന്ന് നിർമ്മിത ബുദ്ധി മികവ് കേന്ദ്രങ്ങൾ രൂപീകരിക്കുന്നതിന് മൊത്തം 990.00 കോടി രൂപ സാമ്പത്തിക ചെലവോടെ, 2023-24 സാമ്പത്തിക വർഷം മുതൽ 2027-28 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ ഗവൺമെന്റ് അംഗീകാരം നൽകി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ.കെ.സഞ്ജയ് മൂർത്തി; അപെക്‌സ് കമ്മിറ്റിയുടെ സഹ ചെയർമാനും സോഹോ കോർപ്പറേഷൻ്റെ സ്ഥാപകനും സിഇഒയുമായ ശ്രീ ശ്രീധർ വെമ്പു; നാഷണൽ എജ്യുക്കേഷണൽ ടെക്‌നോളജി ഫോറം ചെയർമാൻ പ്രൊഫ. അനിൽ സഹസ്രബുദ്ധെ, പീക്ക് XV പാർട്ണേഴ്സ് ആൻഡ് സർജ് മാനേജിംഗ് ഡയറക്ടർ ശ്രീ രാജൻ ആനന്ദൻ; ഖോസ്ല ലാബ്സ് സിഇഒ ശ്രീ ശ്രീകാന്ത് നാധമുനി; ക്രോപിൻ എഐ ലാബ്‌സ് മേധാവി ഡോ. പ്രവീൺ പങ്കജാക്ഷൻ, കേന്ദ്ര ഗവൺമെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഐഐടികളുടെ ഡയറക്ടർമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികൾ (എച്ച്ഇഐകൾ), വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് സ്ഥാപകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
(Release ID: 2065025)
Visitor Counter : 52