വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ശുദ്ധ സമ്പദ് വ്യവസ്ഥ, ന്യായ സമ്പദ് വ്യവസ്ഥ ഇൻഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന് കീഴിലുള്ള സമഗ്ര സംവിധാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു.

Posted On: 22 SEP 2024 11:25AM by PIB Thiruvananthpuram

ഇൻഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന് കീഴിലുള്ള (ഐപിഇഎഫ്) സമഗ്ര സംവിധാനം,ശുദ്ധ സമ്പദ് വ്യവസ്ഥ, ന്യായ സമ്പദ് വ്യവസ്ഥ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആദ്യമായി തയ്യാറാക്കിയ കരാറുകളിൽ ഇന്ത്യ 2024 സെപ്റ്റംബർ 21 ന് യുഎസ്എയിലെ ഡെലവെയറിൽ ഒപ്പുവച്ചു. ക്വാഡ് ഉച്ചകോടിക്കായി 3 ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ആയിരുന്നു കരാർ ഒപ്പ് വച്ചത്.


 ഐപിഇഎഫ് ശുദ്ധ സമ്പദ് വ്യവസ്ഥ കരാർ (സ്തംഭം -III)

 ശുദ്ധ സമ്പദ് വ്യവസ്ഥ സംബന്ധിച്ച കരാർ സാങ്കേതിക സഹകരണം, തൊഴിൽ ശക്തി വികസനം, ശേഷി വർദ്ധിപ്പിക്കൽ, ഗവേഷണ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നു; ശുദ്ധ ഊർജത്തിൻ്റെ വികസനം, ലഭ്യത, വിതരണം എന്നിവ സുഗമമാക്കുന്നതിനുള്ള സഹകരണം ;
 ഊർജ സുരക്ഷ, പരിവർത്തനം, കാലാവസ്ഥാ പ്രതിരോധം, പൊരുത്തപ്പെടുത്തൽ, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കൽ എന്നിവയ്‌ക്കായിഐ പി ഇ എഫ്  പങ്കാളികളുടെ ശ്രമങ്ങളെ കൂട്ടായി ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും കരാറിൽ ഉൾപ്പെടുന്നു.

ഐ പി ഇ എഫ്  ന്യായ സമ്പദ് വ്യവസ്ഥ കരാർ (സ്തംഭം-IV)

 ഇൻഡോ-പസഫിക്കിലുടനീളം കൂടുതൽ സുതാര്യവും പ്രവചിക്കാവുന്നതുമായ വ്യാപാര-നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുകയാണ് കരാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, കൈക്കൂലി ഉൾപ്പെടെയുള്ള അഴിമതി തടയുന്നതിനും ചെറുക്കുന്നതിനുമുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിന്ഐ പി ഇ എഫ് പങ്കാളികൾ പരസ്പരം സഹകരിക്കുകയും നികുതി സുതാര്യത, വിവര കൈമാറ്റം, ആഭ്യന്തര വിഭവ സമാഹരണം, നികുതി ഭരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.

സമഗ്രമായ ഐ പി ഇ എഫ്  കരാർ

  മേൽനോട്ടത്തിനായി മന്ത്രിതല സംവിധാനം സ്ഥാപിക്കുന്നതിനുള്ള ഭരണപരമായ ഒരു കരാറാണിത് . ഇതിൽ പൊതുവായ മാർഗ്ഗനിർദ്ദേശങ്ങളും ലക്ഷ്യങ്ങളും തയ്യാറാക്കുകയും ഐപിഇഎഫ് സംബന്ധിച്ച് നേതാക്കളുടെ കാഴ്ചപ്പാടും അവലോകനവും ഉൾക്കൊള്ളുകയും ചെയ്യും.അതേസമയം വിവിധ വ്യക്തിഗത ഐപിഇഎഫ് കരാറുകളിൽ മന്ത്രിതലത്തിൽ രാഷ്ട്രീയ മേൽനോട്ട ചട്ടക്കൂട് സ്ഥാപിക്കാനും ഈ കരാർ ശ്രമിക്കുന്നു. ഈ കരാറിൽ പ്രാഥമികമായി ഭരണപരവും സ്ഥാപനപരവുമായ വ്യവസ്ഥകൾ ഉൾപ്പെടുന്നു
.
ശുദ്ധസമ്പദ് വ്യവസ്ഥ, ന്യായ സമ്പദ് വ്യവസ്ഥ, സമഗ്ര ഐപിഇഎഫ് സംവിധാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഈ മൂന്ന് കരാറുകളിലും 2024 ജൂൺ 6 ന് സിംഗപ്പൂരിൽ നടന്ന ഐപിഇഎഫ് മന്ത്രിതല യോഗത്തിൽ, മറ്റ് ഐപിഇഎഫ് അംഗങ്ങൾ ഒപ്പുവെച്ചിരുന്നു. ആഭ്യന്തര അംഗീകാര പ്രക്രിയ  നടന്നുകൊണ്ടിരുന്നതിനാൽ ഇന്ത്യയ്ക്ക് ഔപചാരികമായി ജൂണിൽ കരാർ ഒപ്പിടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്ഈ കരാർ അംഗീകരിക്കുന്നതിനും ഒപ്പിടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ മാസം ആദ്യം അംഗീകാരം നൽകി.

നിക്ഷേപം വർധിപ്പിക്കാൻ ഐപിഇഎഫ്

 നിക്ഷേപക ഫോറം: ശുദ്ധ സമ്പദ് വ്യവസ്ഥ കരാറിന് കീഴിൽ, ഐപിഇഎഫ് പങ്കാളികൾ ഹരിത സാങ്കേതികവിദ്യയിൽ നിക്ഷേപം ഉത്തേജിപ്പിക്കാനും നിക്ഷേപക ഫോറത്തിന് കീഴിൽ നടത്തുന്ന പ്രത്യേക വാർഷിക ബിസിനസ് പരിപാടികൾ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കാനും ലക്ഷ്യമിടുന്നു. ആദ്യ നിക്ഷേപക ഫോറം 2024 ജൂൺ 5-6 തീയതികളിൽ സിംഗപ്പൂരിൽ നടന്നു. ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾ തമ്മിലുള്ള ധാരണാപത്രത്തിൻ്റെ രൂപത്തിൽ അത്തരം ശ്രമങ്ങളിലൊന്ന് വേഗതയിൽ നടപ്പാക്കി   .അത്തരം ശ്രമങ്ങളുടെ ഭാഗമായി സിംഗപ്പൂർ ആസ്ഥാനമായുള്ള സെംബ്കോർപ്പ്,തൂത്തുക്കുടിയിൽ അത്യാധുനിക ഹരിത അമോണിയ പ്ലാൻ്റ് സ്ഥാപിക്കും.  ഇതിനായി 36,238 കോടി രൂപ നിക്ഷേപിക്കും.  

ജപ്പാനിലെ ടോക്കിയോയിൽ 2022 മെയ് 23 ന് ആണ് ഐ പി ഇ എഫ് ആരംഭിച്ചത് .ഓസ്‌ട്രേലിയ, ബ്രൂണെ, ഫിജി, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാൻഡ്, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം, യുഎസ്എ എന്നീ 14 രാജ്യങ്ങൾ ആണ് അംഗങ്ങൾ.മേഖലയിലെ വളർച്ച, സാമ്പത്തിക സ്ഥിരത, അഭിവൃദ്ധി എന്നിവ ലക്ഷ്യമിട്ട് പങ്കാളി രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക ഇടപെടലും സഹകരണവും ശക്തിപ്പെടുത്താനാണ് ഐപിഇഎഫ് ശ്രമിക്കുന്നത്.

****************************



(Release ID: 2057577) Visitor Counter : 25


Read this release in: English , Urdu , Hindi