വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു.

Posted On: 05 SEP 2024 7:40PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: സെപ്റ്റംബർ 5  , 2024  


 അധ്യാപക ദിനമായ ഇന്ന് (സെപ്റ്റംബർ 5, 2024) ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തുടനീളമുള്ള അധ്യാപകർക്ക് ദേശീയ പുരസ്കാരങ്ങൾ  സമ്മാനിച്ചു.

വിദ്യാഭ്യാസം മാത്രമല്ല, സംവേദനക്ഷമതയും സത്യസന്ധതയും മികവുമുള്ള പൗരന്മാരെ സജ്ജമാക്കേണ്ടത് അധ്യാപകരാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ജീവിതത്തിൽ മുന്നേറുന്നത് വിജയമാണെന്നും എന്നാൽ മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിലൂടെയാണ് ജീവിതം അർത്ഥപൂർണ്ണം ആകുന്നതെന്നും അവർ പറഞ്ഞു. നമുക്ക് കരുണയുണ്ടാകണം. നമ്മുടെ പെരുമാറ്റം ധാർമ്മികമായിരിക്കണം. അർത്ഥവത്തായ ജീവിതത്തിലാണ് വിജയകരമായ ജീവിതമുള്ളത് . ഈ മൂല്യങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്നത് അധ്യാപകരുടെ കടമയാണ് എന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ഏതൊരു വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെയും വിജയത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അധ്യാപകർ ആണെന്ന് രാഷ്ട്രപതി പറഞ്ഞു. അധ്യാപനം ഒരു ജോലി മാത്രമല്ല. മനുഷ്യവികസനത്തിൻ്റെ പവിത്രമായ ദൗത്യമാണിത്. ഒരു കുട്ടിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെങ്കിൽ, വിദ്യാഭ്യാസ സംവിധാനത്തിനും അധ്യാപകർക്കും വലിയ ഉത്തരവാദിത്വമുണ്ട്. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് അധ്യാപകർ പലപ്പോഴും പ്രത്യേക ശ്രദ്ധ നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ മികച്ച അക്കാദമിക പ്രകടനമെന്നത് മികവിൻ്റെ ഒരു മാനം മാത്രമാണ്. ചില കുട്ടികൾ വളരെ നല്ല കായികതാരമായിരിക്കാം; ചില കുട്ടികൾക്ക് നേതൃത്വ കഴിവുകൾ ഉണ്ടായിരിക്കാം; മറ്റൊരു കുട്ടിയ്ക്ക് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കെടുക്കാനായേക്കാം . ഓരോ കുട്ടിയുടെയും നൈസർഗികമായ കഴിവുകൾ കണ്ടെത്തി അത് പുറത്തുകൊണ്ടുവരേണ്ടത് അധ്യാപകനാണ്.


ഏതൊരു സമൂഹത്തിലെയും സ്ത്രീകളുടെ പദവി ആ സമൂഹത്തിന്റെ വികസനത്തിൻ്റെ പ്രധാന മാനദണ്ഡമാണെന്ന് രാഷ്ട്രപതി പറഞ്ഞു. കുട്ടികളെ എപ്പോഴും സ്ത്രീകളുടെ അന്തസ്സിനെ മാനിക്കുന്ന വിധത്തിൽ പെരുമാറാൻ പഠിപ്പിക്കേണ്ടത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. സ്ത്രീകളോടുള്ള ബഹുമാനം 'വാക്കുകളിൽ' മാത്രമല്ല, പ്രവർത്തനത്തിലും ഉണ്ടാകണമെന്ന് അവർ ഊന്നിപ്പറഞ്ഞു.


ഗുരുദേവ് ​​രബീന്ദ്രനാഥ ടാഗോറിൻ്റെ അഭിപ്രായത്തിൽ ഒരു അധ്യാപകൻ തുടർച്ചയായി സ്വയം അറിവ് നേടിയില്ലെങ്കിൽ അയാൾക്ക് ശരിയായ അർത്ഥത്തിൽ പഠിപ്പിക്കാൻ കഴിയില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. എല്ലാ അധ്യാപകരും വിജ്ഞാന സമ്പാദന പ്രക്രിയ തുടരുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത് ചെയ്യുന്നതിലൂടെ, അവരുടെ അധ്യാപനം കൂടുതൽ പ്രസക്തവും രസകരവുമായി തുടരുമെന്ന് അവർ പറഞ്ഞു.


അവരുടെ വിദ്യാർത്ഥികളുടെ തലമുറ വികസിത ഇന്ത്യ സൃഷ്ടിക്കുമെന്ന് രാഷ്ട്രപതി അധ്യാപകരോട് പറഞ്ഞു. ആഗോള ചിന്താഗതിയും ലോകോത്തര കഴിവുകളും ഉണ്ടായിരിക്കണമെന്ന് അവർ അധ്യാപകരെയും വിദ്യാർത്ഥികളെയും ഉപദേശിച്ചു. മഹത്തായ അധ്യാപകർ മഹത്തായ ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കുമെന്ന് അവർ പ്രസ്താവിച്ചു. വികസിത ചിന്താഗതിയുള്ള അധ്യാപകർക്ക് മാത്രമേ വികസിത രാഷ്ട്രം കെട്ടിപ്പടുക്കുന്ന പൗരന്മാരെ സൃഷ്ടിക്കാൻ കഴിയൂ. വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിലൂടെ നമ്മുടെ അധ്യാപകർ ഇന്ത്യയെ ലോകത്തിൻ്റെ വിജ്ഞാന കേന്ദ്രമാക്കി മാറ്റുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



(Release ID: 2052410) Visitor Counter : 26


Read this release in: English , Urdu , Hindi