വാണിജ്യ വ്യവസായ മന്ത്രാലയം

ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതിക്ക് (NICDP) കീഴിൽ 12 വ്യാവസായിക നോഡുകൾക്ക്/നഗരങ്ങൾക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം


സുവർണ ചതുർഭുജ ശൃംഖല പദ്ധതിയുമായി ചേർന്ന് രാജ്യത്ത് പുതിയ വ്യാവസായിക സ്മാർട്ട് സിറ്റികൾ

ഇന്ത്യയുടെ വ്യാവസായിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് 28,602 കോടി രൂപയുടെ 12 പദ്ധതികൾക്ക് ഗവൺമെന്റ് അംഗീകാരം

‘പ്ലഗ്-ആൻഡ് -പ്ലേ’, ‘വാക്ക്-ടു-വർക്ക്’ എന്നീ ആശയങ്ങളോടെ ലോകോത്തര ഗ്രീൻഫീൽഡ് വ്യാവസായിക സ്മാർട്ട് സിറ്റികൾ നിർമിക്കും

നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും സന്തുലിതമായ പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കരുത്തുറ്റതും സുസ്ഥിരവുമായ അടിസ്ഥാനസൗകര്യങ്ങൾ

വികസിത ഭാരതം എന്ന ലക്ഷ്യവുമായി ചേർന്ന്, ഈ പദ്ധതികൾ ആഗോള മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ പങ്ക് ഉറപ്പിക്കും

Posted On: 28 AUG 2024 3:23PM by PIB Thiruvananthpuram

രാജ്യത്ത് പുതിയ വ്യാവസായിക സ്മാർട്ട് സിറ്റികൾക്ക് അംഗീകാരം. ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് (എൻഐസിഡിപി) കീഴിൽ 28,602 കോടി രൂപയുടെ 12 പുതിയ പദ്ധതി നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി.  ഈ നീക്കം, വ്യവസായ നോഡുകളുടെയും നഗരങ്ങളുടെയും ശക്തമായ ശൃംഖല സൃഷ്ടിച്ച് രാജ്യത്തിന്റെ വ്യാവസായിക മേഖലയിൽ പരിവർത്തനം കൊണ്ടുവരും. ഇത് സാമ്പത്തിക വളർച്ചയും ആഗോള മത്സരക്ഷമതയും ഗണ്യമായി വർദ്ധിപ്പിക്കും.

10 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, 6 പ്രധാന ഇടനാഴികളിലൂടെ  ആസൂത്രണം ചെയ്തിരിക്കുന്ന ഈ പദ്ധതികൾ, ഉൽപ്പാദന ശേഷിയും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ സുപ്രധാന മുന്നേറ്റത്തെ പ്രതിനിധാനം ചെയ്യുന്നു.  ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, കേരളത്തിലെ പാലക്കാട്, യുപിയിലെ ആഗ്ര, പ്രയാഗ്‌രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രപ്രദേശിലെ ഒർവക്കൽ, കൊപ്പർത്തി, രാജസ്ഥാനിലെ ജോധ്പുർ-പാലി എന്നിവിടങ്ങളിലാണ് ഈ വ്യവസായ മേഖലകൾ സ്ഥാപിക്കുക.

പ്രധാന സവിശേഷതകൾ:

തന്ത്രപരമായ നിക്ഷേപങ്ങൾ: വൻകിട വ്യവസായങ്ങളിൽ നിന്നും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നും (എംഎസ്എംഇ) നിക്ഷേപം സുഗമമാക്കി, ഊർജസ്വലമായ വ്യാവസായിക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനാണ് എൻഐസിഡിപി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2030-ഓടെ കയറ്റുമതിയിൽ 2 ട്രില്യൺ ഡോളർ കൈവരിക്കുന്നതിന് സഹായിക്കുന്ന ഉത്തേജകമായി ഈ വ്യാവസായിക നോഡുകൾ പ്രവർത്തിക്കും. ഇത് സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഇന്ത്യ എന്ന ഗവൺമെന്റിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.

സ്മാർട്ട് സിറ്റികളും ആധുനിക അടിസ്ഥാന സൗകര്യവും : പുതിയ വ്യാവസായിക നഗരങ്ങൾ ആഗോള നിലവാരത്തിലുള്ള ഗ്രീൻഫീൽഡ് സ്മാർട്ട് സിറ്റികളായി വികസിപ്പിക്കും. 'പ്ലഗ്-ആൻഡ് -പ്ലേ', 'വാക്ക്-ടു-വർക്ക്' എന്നീ ആശയങ്ങളിലൂന്നി "ആവശ്യകതയ്ക്ക് മുമ്പേ" ഇവ നിർമ്മിക്കും. ഇതിലൂടെ സുസ്ഥിരവും കാര്യക്ഷമവുമായ വ്യാവസായിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഈ നഗരങ്ങളിൽ സജ്ജമാക്കാൻ ഉദ്ദേശിക്കുന്നു.

പിഎം ഗതിശക്തിയുടെ മേഖലാ സമീപനം: പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയുമായി ചേർന്ന്, ജനങ്ങളുടെ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനും സേവനങ്ങളുടെ തടസ്സമില്ലാത്ത വിതരണം  ഉറപ്പാക്കുന്നതിനും  ബഹു മാതൃക സമ്പർക്കസംവിധാന അടിസ്ഥാനസൗകര്യ  പദ്ധതികൾ അവതരിപ്പിക്കും. വ്യാവസായിക നഗരങ്ങൾ, മേഖലയുടെ സമഗ്ര പരിവർത്തനത്തിനുള്ള വളർച്ചാ കേന്ദ്രങ്ങളായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.

വികസിത ഭാരതം എന്ന കാഴ്ചപ്പാട്:

വികസിത ഭാരതം എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ഈ പദ്ധതികളുടെ അംഗീകാരം.  ആഗോള മൂല്യ ശൃംഖലയിൽ ഇന്ത്യയെ ശക്തമായ സ്ഥാനത്ത് സ്ഥാപിച്ച്, നിക്ഷേപകർക്ക് ആവശ്യമായ വികസിത ഭൂമി  ഉടനടി അനുവദിക്കുന്നതിന് എൻഐസിഡിപി അവസരം ഒരുക്കുന്നു. ഇത് ആഭ്യന്തര-അന്തർദേശീയ നിക്ഷേപകർക്ക് ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നത് എളുപ്പമാക്കുന്നു. വ്യാവസായിക ഉൽപ്പാദനം വർധിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും 'ആത്മനിർഭർ ഭാരത്' അല്ലെങ്കിൽ സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കുകയും ചെയ്യുക എന്ന വിശാലമായ ലക്ഷ്യവുമായി ഒത്തുചേരുന്നു.

സാമ്പത്തിക സ്വാധീനവും തൊഴിൽ സൃഷ്ടിക്കലും:

NICDP, ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം ഒരു ദശലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 3 ദശലക്ഷം പരോക്ഷ തൊഴിലവസരങ്ങളും ആസൂത്രിത വ്യവസായവൽക്കരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു.  ഇത് ഉപജീവന അവസരങ്ങൾ പ്രദാനം ചെയ്യുക മാത്രമല്ല, ഈ പദ്ധതികൾ നടപ്പിലാക്കുന്ന പ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് സംഭാവന നൽകുകയും ചെയ്യും.

സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധത:

എൻഐസിഡിപിക്ക് കീഴിലുള്ള പദ്ധതികൾ സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, ഐസിടി അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിച്ചും, പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഹരിത സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  ഗുണമേന്മയുള്ളതും വിശ്വസനീയവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെ, സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ മാത്രമല്ല, പാരിസ്ഥിതിക സംരക്ഷണത്തിന്റെ മാതൃകകൾ കൂടിയായ വ്യാവസായിക നഗരങ്ങൾ സൃഷ്ടിക്കുകയാണ് ഗവൺമെന്റ്   ലക്ഷ്യമിടുന്നത്.

എൻഐസിഡിപിയുടെ കീഴിൽ 12 പുതിയ വ്യാവസായിക നോഡുകളുടെ അംഗീകാരം ആഗോള ഉൽപ്പാദന ശക്തിയായി മാറുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ്. സംയോജിത വികസനം, സുസ്ഥിര അടിസ്ഥാനസൗകര്യം, തടസ്സമില്ലാത്ത സമ്പർക്കസൗകര്യം എന്നിവയിൽ തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഈ പദ്ധതികൾ ഇന്ത്യയുടെ വ്യാവസായിക ഭൂപ്രകൃതിയെ പുനർനിർവചിക്കാനും വരുംവർഷങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ നയിക്കാനും ലക്ഷ്യമിടുന്നു.

ഇന്ന് അംഗീകാരം ലഭിച്ച ഈ പുതിയ പദ്ധതികൾക്ക് പുറമെ, NICDP ഇതിനകം നാല് പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ നാലെണ്ണം നിലവിൽ നടപ്പാക്കിവരികയാണ്. തുടർച്ചയായ ഈ പുരോഗതി ഇന്ത്യയുടെ വ്യാവസായിക മേഖലയെ പരിവർത്തനം ചെയ്യുന്നതിനും ഊർജസ്വലവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ  പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

 

-NS-



(Release ID: 2049424) Visitor Counter : 59