റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

രണ്ടു പുതിയ ലൈനുകള്‍ക്കും ഇന്ത്യന്‍ റെയില്‍വേയിലുടനീളം ബഹുതല ട്രാക്കിംഗ് പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി


പദ്ധതികളുടെ ആകെ ചെലവ് ഏകദേശം 6,456 കോടി രൂപയായിരിക്കും . 2028-29 നകം പൂര്‍ത്തിയാകും

നിര്‍മ്മാണ വേളയില്‍ ഈ പദ്ധതികള്‍ നേരിട്ട് ഏകദേശം 1.14 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും

Posted On: 28 AUG 2024 3:26PM by PIB Thiruvananthpuram

റെയില്‍വേ മന്ത്രാലയത്തിന്റെ  ഏകദേശം 6,456 കോടി രൂപ ചെലവുവരുന്ന 3 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സി.സി.ഇ.എ) അംഗീകാരം നല്‍കി.

അംഗീകാരം നല്‍കിയ പദ്ധതികള്‍ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും  മെച്ചപ്പെടുത്തും. നിലവിലുള്ള ലൈനുകളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗതാഗത ശൃംഖലകളും മെച്ചപ്പെടുത്തും. അതിലൂടെ വിതരണ ശൃംഖലകള്‍ കാര്യക്ഷമമാക്കുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

പുതിയ ലൈന്‍ നിര്‍ദ്ദേശങ്ങള്‍ നേരിട്ടുള്ള കണക്റ്റിവിറ്റി  പ്രദാനം ചെയ്യുകയും  ഇന്ത്യന്‍ റെയില്‍വേയ്ക്ക് മെച്ചപ്പെട്ട കാര്യക്ഷമതയും സേവന വിശ്വാസ്യതയും നല്‍കുകയും ചെയ്യും. ഇന്ത്യന്‍ റെയില്‍വേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ വിഭാഗങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം പ്രദാനം ചെയ്യുന്നതിലൂടെ ബഹുതല-ട്രാക്കിംഗ് നിര്‍ദ്ദേശം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'പുതിയ  ഇന്ത്യ' എന്ന കാഴ്ചപ്പാടിന് അനുസൃതമായി നടപ്പിലാക്കുന്ന ഈ പദ്ധതികള്‍ ഈ മേഖലകളിലെ സമഗ്രമായ വികസനത്തിലൂടെ പ്രദേശങ്ങളിലെ ജനങ്ങളുടെ തൊഴില്‍/സ്വയംതൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.
സംയോജിത ആസൂത്രണത്തിലൂടെ സാദ്ധ്യമായ ബഹുമാതൃകാ കണക്റ്റിവിറ്റിക്ക്  വേണ്ടിയുള്ള പിഎം-ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ ഫലമായ പദ്ധതികള്‍, ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും ചലനത്തിന് തടസ്സമില്ലാത്ത ബന്ധിപ്പിക്കല്‍ പ്രദാനം ചെയ്യും.
ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ 4 സംസ്ഥാനങ്ങളിലെ 7 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ഈ 3 പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ശൃംഖലയില്‍ ഏകദേശം 300 കിലോമീറ്റര്‍ വര്‍ദ്ധനയുമുണ്ടാക്കും.

വികസനംകാംക്ഷിക്കുന്ന രണ്ടു ജില്ലകളിലേക്കുള്ള (നുവാപദ, കിഴക്കന്‍ സിംഗ്ബം) ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്ന ഈ പദ്ധതികളിലൂടെ 14 പുതിയ സ്‌റ്റേഷനുകളും നിര്‍മ്മിക്കും, പുതിയ പാതപദ്ധതികള്‍ ഏകദേശം 1,300 ഗ്രാമങ്ങള്‍ക്കും 11 ലക്ഷം ജനങ്ങൾക്കും  കണക്റ്റിവിറ്റി  ലഭ്യമാക്കും. ബഹുമാതൃക-ട്രാക്കിംഗ് പദ്ധതി ഏകദേശം 1,300 ഗ്രാമങ്ങളുടെയും 19 ലക്ഷം ജനങ്ങളുടെയും കണക്റ്റിവിറ്റി  മെച്ചപ്പെടുത്തുകയും ചെയ്യും.

കാര്‍ഷികോല്‍പ്പന്നങ്ങള്‍, വളം, കല്‍ക്കരി, ഇരുമ്പയിര്, ഉരുക്ക്, സിമന്റ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ പാതകളാണിത്. ശേഷി വര്‍ദ്ധിപ്പിക്കല്‍ പ്രവൃത്തികള്‍ 45 എം.ടി.പി.എ (പ്രതിവര്‍ഷം ദശലക്ഷം ടണ്‍) അധിക ചരക്ക് ഗതാഗതത്തിന് കാരണവുമാകും. റെയില്‍വേ പരിസ്ഥിതി സൗഹൃദവും ഊര്‍ജ കാര്യക്ഷമതയുള്ള ഗതാഗത മാര്‍ഗ്ഗവും ആയതിനാല്‍, കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (10 കോടി ലിറ്റര്‍) കുറയ്ക്കുന്നതിനും കാണ്‍ബണ്‍ഡൈ ഓക്‌സൈഡ് ഉദ്വമനം (240 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും ഇത് സഹായിക്കും, ഇത് 9.7 കോടി മരങ്ങള്‍ നടുന്നതിന് തുല്യവുമാണ്.

 

-NS-


(Release ID: 2049406) Visitor Counter : 40