പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

ഇലക്ട്രിക്ക് വാഹന ഗവേഷണത്തിൽ മുന്നേറാൻ എൻ ഐ ടി ടാറ്റ എലക്സി യുടെ സഹായത്തോടെ ഇലക്ട്രിക്ക് വാഹന ലാബും കെൽട്രോണുമായി ധാരണാപത്രവും

Posted On: 19 JUL 2024 1:18PM by PIB Thiruvananthpuram

കോഴിക്കോട്: ജൂലൈ 19, 2024



ടാറ്റ എലക്സിയുടെ സഹായത്തോടെയുള്ള ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി റിസർച്ച് ആൻഡ് കോളാബോറേഷൻ ലാബ് (ഇ-ട്രാക് ലാബ്) കോഴിക്കോട് എൻ ഐ ടി യിൽ പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രിക്ക് വാഹനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും എൻ ഐ ടി സി യിലെ വിദ്യാർത്ഥികളെയും ഗവേഷകരെയും പ്രാപ്തരാക്കുക, ഗവേഷണ ഫലമായുള്ള പുത്തൻ കണ്ടുപിടുത്തങ്ങൾ വ്യവസായ വികസനത്തിന് ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-ട്രാക് ലാബ് പ്രവർത്തനം ആരംഭിച്ചത്.

കോഴിക്കോട് എൻഐടിയിലെ സെൻ്റർ ഫോർ ഇലക്ട്രിക് വെഹിക്കിൾ എഞ്ചിനീയറിംഗും (സിഇവിഇ) ടാറ്റ എലക്സി പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ഒരു സുപ്രധാന സംയുക്ത സംരംഭമായ റിസർച്ച് ലാബ് ഇലക്ട്രിക് വാഹന ഗവേഷണത്തിലും നവീകരണത്തിലും ഒരു നാഴികക്കല്ലായിരിക്കും.

 

എൻഐടിസി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, ടാറ്റ എലക്സിയിലെ ട്രാൻസ്പോർട്ടേഷൻ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡൻ്റും മേധാവിയുമായ ഷാജു എസ്. എന്നിവർ സംയുക്തമായി ലാബ് ഉദ്ഘാടനം ചെയ്തു.


ഇതുവരെയായി ഒരു വ്യവസായ സ്ഥാപനം എൻഐടിസിയിൽ നടത്തിയ ഏറ്റവും വലിയ നിക്ഷേപമാണ് ടാറ്റ എലക്സി നടത്തിയതെന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ഗതാഗതത്തിൻ്റെ ഭാവിയായ ഇലക്ട്രിക് വാഹനങ്ങളിൽ കൂടുതൽ ഗവേഷണം നടത്താൻ വിദ്യാർത്ഥികളെയും ഗവേഷകരെയും ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതരംഗത്തും മറ്റുരംഗങ്ങളിലും ബാറ്ററികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലേക്ക് ഗവേഷണം വ്യാപിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

എൻഐടിസിയും കെൽട്രോൺ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള പുതിയ സഹകരണ സംരംഭത്തിനും ഈ പരിപാടി സാക്ഷ്യം വഹിച്ചു. ഇലക്ട്രിക് വാഹനരംഗങ്ങളിൽ കൂടുതൽ സഹകരണത്തിനായി കെൽട്രോൺ പ്രൈവറ്റ് ലിമിറ്റഡുമായി കോഴിക്കോട് എൻഐടി ഒരു ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിൻ്റെ വ്യാവസായിക ഭൂപ്രകൃതിയിൽ പ്രധാന പങ്കുവഹിക്കുന്ന കെൽട്രോൺ കോംപോണൻ്റ് കോംപ്ലക്സ് ലിമിറ്റഡുമായുള്ള പങ്കാളിത്തം സെന്റർ ഫോർ ഇലക്ട്രിക്ക് വെഹിക്കിൾ എഞ്ചിനീറിംഗിന്റെ ഇലക്ട്രിക്ക് വാഹന ഗവേഷണപ്രവർത്തനങ്ങൾക്ക് പിന്തുണയാകും.

എൻഐടിസി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണയും കെൽട്രോൺ കംപോണൻ്റ് കോംപ്ലക്സ് ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ കൃഷ്ണകുമാർ കെ. ജി.യും ധാരണാപത്രം കൈമാറി. വൈദ്യുത വാഹനവുമായി ബന്ധപ്പെട്ട ഗവേഷണം ഉൾപ്പെടെ ബഹുമുഖ മേഖലകളിലെ സഹകരണ ഗവേഷണത്തിന് ധാരണാപത്രം ഊന്നൽ നൽകും.

എൻഐടിസിയും ടാറ്റ എൽക്സിയും തമ്മിലുള്ള സഹകരണം ഭാവിയിലേക്കുള്ള സുസ്ഥിരമായ  ഗതാഗത പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ്.

ലാബ് പ്രവർത്തനം ആദ്യഘട്ടത്തിലാണെന്നും നിലവിൽ ലാബിൽ ഇൻവെർട്ടറുകളും മോട്ടോറുകളും പരിശോധിക്കാനും പവർ ഇലക്ട്രോണിക് സംവിധാനങ്ങളുടെ രൂപകൽപ്പനക്കും വികസനത്തിനുമുള്ള ഗവേഷണങ്ങൾക്കും സൗകര്യമുണ്ടെന്നും ശ്രീ ഷാജു പറഞ്ഞു. ഗതാഗതത്തിനായുള്ള പരിസ്ഥിതി സൗഹൃദ പരിഹാരങ്ങളിലും ഭാവി ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിലും ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകളിൽ ഗവേഷണത്തിനും വികസനത്തിനും നേതൃത്വം നൽകുന്നതിനായി സ്ഥാപിതമായ സി വി ഇ വി യിൽ നിലവിൽ വിവിധ വകുപ്പുകളിൽ നിന്നായി 42  അധ്യാപകർ പ്രവർത്തിക്കുന്നു. കൂടാതെ ₹2.3 കോടി മൂല്യമുള്ള ആറ് പ്രോജക്ടുകളുടെ മേൽനോട്ടവും സി വി ഇ വി വഹിക്കുന്നു. പേറ്റൻ്റുകൾ വികസിപ്പിക്കുന്നതിനും ഉദ്യോഗാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നതിനും ഇലക്ട്രിക് വെഹിക്കിൾ (ഇവി) സാങ്കേതികവിദ്യയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.

 

ടാറ്റ എലക്സി കോഴിക്കോട് മേധാവി ശ്രീ ശരത് എം നായർ, എൻ ഐ ടിസി ഡീൻ (റിസർച് ആൻഡ് കൺസൾട്ടൻസി പ്രൊഫ. എൻ സന്ധ്യാറാണി, ഡീൻ (പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ്) പ്രൊഫ. പ്രിയ ചന്ദ്രൻ, സെൻ്റർ ഫോർ ഇൻഡസ്ട്രി-ഇൻസ്റ്റിറ്റിയൂഷണൽ റിലേഷൻസ് ചെയർപേഴ്സൺ പ്രൊഫ. ജോസ് മാത്യു, സിഇവിഇ ഉപദേശകൻ ശ്രീ ഷിലേൻ സഗുണൻ, സിഇവിഇ ചെയർപേഴ്സൺമാരായ ഡോ.നിഖിൽ ശശിധരൻ, ഡോ. ശ്രീലക്ഷ്മി എം.പി എന്നിവരും സംസാരിച്ചു.
 
 
******************************
 


(Release ID: 2034570) Visitor Counter : 12


Read this release in: English