പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഏകഭാരതം ശ്രേഷ്ഠ ഭാരതം- യുവസംഗം :  കേരളത്തിൽ നിന്നും  തിരഞ്ഞെടുക്കപ്പെട്ട നാല്പത്തഞ്ച് വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം  നാളെ ഐഐടി പാലക്കാട്   നിന്നും ഉത്തർപ്രദേശിലേക്ക് യാത്ര തിരിക്കും

പോസ്റ്റഡ് ഓണ്‍: 22 MAY 2023 4:35PM by PIB Thiruvananthpuram

 


പാലക്കാട് : മെയ് 22, 2023

'ഏകഭാരതം ശ്രേഷ്ഠ ഭാരതം യുവസംഗം' പരിപാടിയുടെ   ഭാഗമായി കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല്പത്തഞ്ച് വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം  നാളെ ഐഐടി പാലക്കാട്ടു നിന്നും ഉത്തർപ്രദേശിലെ മോത്തിലാൽ നെഹ്റു  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് യാത്ര തിരിക്കുമെന്ന് ഐഐടി പാലക്കാട് ഡയറക്ടർ പ്രൊഫസർ എ ശേഷാദ്രി ശേഖർ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചക്ക് 2. 30ന് പാലക്കാട് ഐഐടി ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ ഐഐടി മദ്രാസിലെ  പ്രൊഫസറും പത്മശ്രീ പുരസ്ക്കാര ജേതാവുമായ ശ്രീ തളപ്പിൽ പ്രദീപ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.  

കേരളത്തിൽ നിന്നുള്ള 35 വിദ്യാർഥികളും ലക്ഷദ്വീപിൽ നിന്നുള്ള 10 പേരും അടങ്ങുന്നതാണ് സംഘം .  സംസ്ഥാനങ്ങൾ തമ്മിലുള്ള കലാ, സാംസ്കാരിക ആശയ വിനിമയത്തിന്റെ ഭാഗമായാണ് സന്ദർശനം.

ഒരാഴ്ചത്തെ സന്ദർശന വേളയിൽ, പ്രതിനിധികൾക്ക് ആതിഥേയ സംസ്ഥാനത്തിന്റെ പര്യടൻ (ടൂറിസം), പരമ്പര  (പാരമ്പര്യങ്ങൾ), പ്രഗതി (വികസനം), പരസ്പർ സമ്പർക്ക് (ആളുകൾ തമ്മിലുള്ള പരസ്പര  സമ്പർക്കം), പ്രോദ്യോഗിക് (സാങ്കേതികവിദ്യ)  തുടങ്ങിയ അഞ്ചോളം വിവിധ മേഖലകളിലെ വൈവിധ്യമാർന്ന വശങ്ങൾ അനുഭവിക്കാനും പഠിക്കാനും അവസരമുണ്ട്.

വാരണാസി, അലഹബാദ് മ്യൂസിയം, ചന്ദ്രശേഖർ ആസാദ് പാർക്ക് തുടങ്ങി വിവിധ സ്ഥലങ്ങളും   ഫുൽപൂരിലെ ഇഫ്‌കോ, എൻടിപിസി, മെജ തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളും  സംഘം സന്ദർശിക്കും.

അതേസമയം ഉത്തർപ്രദേശിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 45 വിദ്യാർഥികൾ പാലക്കാട് ഐ ഐ ടിയിലും സന്ദർശനം നടത്തും.ഈ മാസം 30 ന് പാലക്കാട്ടെത്തുന്ന സംഘം കാലടി ശ്രീ ശങ്കര സ്തൂപം, കോടനാട് ആന പരിശീലന കേന്ദ്രം, പറമ്പിക്കുളം, കുത്താമ്പുള്ളി കൈത്തറി ഗ്രാമം, കൽപ്പാത്തി പൈതൃക ഗ്രാമം, മലമ്പുഴ ഡാം,  ബി.ഇ.എം.എൽ.വ്യാവസായിക കേന്ദ്രം, പുതുശ്ശേരി പഞ്ചായത്ത്, എന്നിവ  സന്ദർശിക്കും

പാലക്കാട് ഐഐടി ഡീൻ, സ്റ്റുഡന്റ്സ് അഫയേഴ്സ്  പ്രൊഫ. ജഗദീഷ്  ഭൈരി , അഡ്മിനിസ്ട്രേഷൻ അഡ്വൈസർ കെ. മാധവനുണ്ണി,  ഇബിഎസ്ബി നോഡൽ ഓഫീസർ - ഡോ. സുഭാഷിസ്  മിത്ര,  മീഡിയ സെൽ ചെയർപേഴ്‌സൺ ഡോ. വീണ വേണുധരൻ , മീഡിയ ഓഫീസർ ഷാന  ശിഹാബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

( റിലീസ് ഐ.ഡി: 1926346) സന്ദര്‍ശക കൗണ്ടര്‍ : 75
ഈ റിലീസ് വായിക്കുക: English