പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

കേന്ദ്ര സഹമന്ത്രിമാരായ ഡോ.സുഭാസ് സര്‍ക്കാരും ശ്രീ വി.മുരളീധരനും കാസർകോട് കേന്ദ്ര സർവകലാശാലയുടെ ആറാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

Posted On: 25 MAR 2023 2:56PM by PIB Thiruvananthpuram


ദേശീയ വിദ്യാഭ്യാസ നയം 2020 എന്നത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന ഒരു സമഗ്ര നയമാണ്: ഡോ. സുഭാസ് സർക്കാർ

NEP രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു: ശ്രീ വി. മുരളീധരൻ


കാസർകോട്: 2023 മാർച്ച് 25.

കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സർക്കാർ, കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ.വി.മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിൽ കാസർകോട് കേരള കേന്ദ്ര സർവകലാശാലയുടെ ആറാമത് ബിരുദദാന ചടങ്ങ് ഇന്ന് സർവകലാശാലാ കാമ്പസിൽ നടന്നു.

സ്കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ തലത്തിലും വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി കേന്ദ്ര ഗവൺമെന്റ്  അക്ഷീണം പ്രയത്നിക്കുന്നുവെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സർക്കാർ പറഞ്ഞു.   ദേശീയ വിദ്യാഭ്യാസ നയം 2020 (NEP) രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന ഒരു സമഗ്ര നയമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ, ദേശീയ വിദ്യാഭ്യാസ നയം പുതിയ നൂറ്റാണ്ടിനായി ഇന്ത്യയിലെ യുവാക്കളെ ഒരുക്കുന്നുവെന്ന് ഡോ.സുഭാസ് സർക്കാർ കൂട്ടിച്ചേർത്തു. സുസ്ഥിര വികസനത്തിന് സഹായിക്കുന്ന സമഗ്രമായ വിദ്യാഭ്യാസമാണ് രാജ്യം വിഭാവനം ചെയ്യുന്നതെന്നും എല്ലാ വിദ്യാർത്ഥികളെയും  ഉൾക്കൊള്ളുന്നതും എല്ലാവർക്കും പ്രാപ്യവും തുല്യതയുള്ളതുമായ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ NEP വിഭാവനം ചെയ്യുന്നതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

പുരാതന ഇന്ത്യൻ പാരമ്പര്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, ജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്യൂച്ചറിസ്റ്റിക് വിജ്ഞാന സംവിധാനങ്ങൾ സൃഷ്ടിക്കാൻ NEP എങ്ങനെ സഹായിക്കുമെന്ന്  അദ്ദേഹം വിശദമാക്കി.വിദ്യാഭ്യാസ സമ്പ്രദായത്തെ 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങളുമായി യോജിപ്പിക്കാനും ഇന്ത്യയെ വിദ്യാഭ്യാസരംഗത്തെ ആഗോള നേതാവാക്കാനുമാണ് നയം ലക്ഷ്യമിടുന്നതെന്ന് ഡോ.സുഭാസ് സർക്കാർ പറഞ്ഞു.

സമഗ്രമായ മാലിന്യ സംസ്കരണ സംവിധാനം സ്വീകരിച്ചതിനും ഹരിത കാമ്പസ് സംരംഭത്തിനും ഡോ. സുഭാസ് സർക്കാർ കേരള കേന്ദ്ര സർവകലാശാല അധികൃതരെ അഭിനന്ദിച്ചു.

പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന്  ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ.വി.മുരളീധരൻ പറഞ്ഞു. ‘ആത്മ നിർഭർ ഭാരത്’ ആകുകയാണ് ഗവൺമെന്റിന്റെ  ലക്ഷ്യമെന്ന് പറഞ്ഞ ശ്രീ വി മുരളീധരൻ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ വിഭവ തലസ്ഥാനമായി മാറുമെന്നും കൂട്ടിച്ചേർത്തു. മാനവികതയിൽ അധിഷ്ഠിതമായ ആഗോള വികസനമാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു.

സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കിടേശ്വരലു അധ്യക്ഷത വഹിച്ച ചടങ്ങിൽ 2021, 2022 വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ 1947 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി.

രജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ, പരീക്ഷാ കൺട്രോളർ (ഐ/സി) പ്രൊഫ.എം.എൻ. മുസ്തഫ, കോടതി അംഗങ്ങൾ, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ, ഡീൻസ്, വകുപ്പ് മേധാവികൾ, അധ്യാപകർ, ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കാമ്പസിൽ നടന്ന മറ്റൊരു പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ഡോ. സുഭാസ് സർക്കാരും ശ്രീ.വി.മുരളീധരനും സംയുക്തമായി അധ്യാപകർക്കായി   നിർമ്മിച്ച ക്വാർട്ടേഴ്സുകളുടെയും ക്യാമ്പസിൽ ഹോസ്റ്റലുകൾക്കായി പ്രത്യേകം നിർമ്മിച്ച കാന്റീനുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. കാമ്പസിലെ സ്വാമി വിവേകാനന്ദന്റെ 12 അടി ഉയരമുള്ള പ്രതിമ ഇരുവരും ചേർന്ന് അനാച്ഛാദനം ചെയ്തു.

 
പിന്നീട് കാമ്പസിൽ നടന്ന മറ്റൊരു പരിപാടിയിൽ കേരള കേന്ദ്ര സർവകലാശാലയും വിദ്യഭ്യാസ വികാസ് കേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന  ‘ജ്ഞാനോത്സവം 1198’ ന്റെ ബ്രോഷർ ഡോ. സുഭാസ് സർക്കാർ പ്രകാശനം ചെയ്തു.
 

 

BKM/SKY
******


(Release ID: 1910692) Visitor Counter : 59


Read this release in: English