രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചു
Posted On:
16 MAR 2023 7:02PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മാർച്ച് 16, 2023
ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ ഇന്ന് (മാർച്ച് 16, 2023) കൊച്ചിയിൽ സമ്മാനിച്ചു.
ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളിൽ സമുദ്രശക്തി നിർണായകമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നീണ്ട തീരപ്രദേശവും ദ്വീപ് സമൂഹങ്ങളും ഗണ്യമായ കടൽയാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. കഴിഞ്ഞ 75 വർഷമായി, യുദ്ധസജ്ജവും ബഹുമുഖവും വൈദഗ്ദ്ധ്യമുള്ളതുമായ നാവികസേന നമ്മുടെ എതിരാളികളെ ചെറുക്കുകയും സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുകയും സാമൂഹിക-സാമ്പത്തിക വളർച്ച സുഗമമാക്കുന്നതിന് സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്തു. നമ്മുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിലും നമ്മുടെ വ്യാപാര പാതകൾ സുരക്ഷിതമാക്കുന്നതിലും ദുരന്തസമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യൻ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയിൽ രാജ്യം അഭിമാനിക്കുന്നു എന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ദൗത്യ-സജ്ജവും പ്രതികരണ സജ്ജവുമായ ഒരു സേന എന്ന നിലയിൽ ഇന്ത്യൻ നാവികസേന ഗണ്യമായ ശേഷി കാലക്രമേണ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ നമ്മുടെ സമുദ്ര അയൽപക്കത്തെ ആകസ്മിക സംഭവങ്ങളോടുള്ള 'ദ്രുത പ്രതികരണത്തിനും' നമ്മുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കാനും രാജ്യം നാവികസേനയെ ഉറ്റുനോക്കുന്നു എന്നും ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു.
ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിക്കുന്ന ചടങ്ങിന് തൊട്ടുമുമ്പ് ഐഎൻഎസ് വിക്രാന്ത് സന്ദർശനത്തെക്കുറിച്ച് സംസാരിച്ച രാഷ്ട്രപതി, തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്ത് ആത്മനിർഭര ഭാരതത്തിന്റെ ഉജ്ജ്വല ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വിമാനവാഹിനിക്കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മുഴുവൻ നാവിക സേനാംഗങ്ങളെയും കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനെയും INS വിക്രാന്ത് യാഥാർത്ഥ്യമാക്കുന്നതിൽ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. അർപ്പണബോധത്തോടെയും അതുല്യമായും രാജ്യത്തെ സേവിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ധീരരായ സ്ത്രീപുരുഷ സേനാംഗങ്ങളിൽ അഭിമാനിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
*************************************
(Release ID: 1907736)
Visitor Counter : 308