പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
മെറ്റീരിയൽ റീസൈക്ലിംഗ് വ്യവസായത്തോടുള്ള പ്രതിബദ്ധതയിൽ കേന്ദ്ര ഗവൺമെന്റ് ഉറച്ചു നിൽക്കുന്നു, അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും മുന്നോട്ട് കൊണ്ടുപോകേണ്ടതും ആവശ്യമാണ്: കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ
Posted On:
04 FEB 2023 5:37PM by PIB Thiruvananthpuram
പ്രാഥമിക സ്റ്റീൽ ഉൽപ്പാദനത്തിലെ സ്ക്രാപ്പ് ഉപയോഗം 2047 ഓടെ 15% ൽ നിന്ന് 50% ആയി വളരും" - ഐ എം ആർ സി 2023-ൽ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ
ഇന്റർനാഷണൽ ഇന്ത്യൻ മെറ്റീരിയൽ റീസൈക്ലിംഗ് കോൺഫറൻസിന്റെ പത്താം പതിപ്പിന് കൊച്ചിയിൽ സമാപനം
കൊച്ചി , ഫെബ്രുവരി 04, 2023
മെറ്റീരിയൽ റീസൈക്ലിംഗ് വ്യവസായത്തോടുള്ള പ്രതിബദ്ധതയിൽ കേന്ദ്ര ഗവണ്മെന്റ് ഉറച്ചുനിൽക്കുന്നുവെന്ന് കേന്ദ്ര സിവിൽ വ്യോമയാന - സ്റ്റീൽ വകുപ്പ് മന്ത്രി ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇന്നത്തെ ലോകത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും മുന്നോട്ട് കൊണ്ടുപോകേണ്ടതുമായ ഒരു മേഖലയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് റീസൈക്ലിംഗ് വ്യവസായം ഇന്ത്യയുടെ ജിഎസ്ടിയിലേക്ക് ഏകദേശം 10,000 കോടി സംഭാവന ചെയ്യുന്നു, വരും വർഷങ്ങളിൽ ഇത് 35,000 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. മെറ്റീരിയൽ റീസൈക്ലിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംആർഐഐ) കൊച്ചിയിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഇന്ത്യൻ മെറ്റീരിയൽ റീസൈക്ലിംഗ് കോൺഫറൻസിന്റെ പത്താം പതിപ്പിന്റെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. "ഇനി വരാനിരിക്കുന്ന തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അതിനാൽ വസ്തുക്കളുടെ പുനചക്രമണ മേഖല പ്രധാനമാണ്, ”അദ്ദേഹം പറഞ്ഞു.
അമൃത കാലത്തേക്കുള്ള ഇന്ത്യയുടെ യാത്ര ദീർഘവീക്ഷണമുള്ളതായിരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു, ഇന്ത്യയുടെ ചാക്രിക സമ്പദ്‌വ്യവസ്ഥയോടും റീസൈക്ലിംഗ് മേഖലയോടും ഗവൺമെന്റിന് പൂർണ്ണ പ്രതിബദ്ധതയുണ്ടെന്നും ഉരുക്കിന്റെ പ്രതിശീർഷ ഉപഭോഗം വർദ്ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. നമ്മുടെ സ്റ്റീലിന്റെ 22% പുനചംക്രമണത്തിലൂടെയാണ് ഉൽപ്പാദിപ്പിക്കുന്നതെന്നും എന്നാൽ ഈ മേഖലയുടെ വികസനത്തിന് അനൗപചാരിക മേഖല കൂടി ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, “2070 ഓടെ നെറ്റ്കാർബൺ സീറോയോടുള്ള നമ്മുടെ പ്രതിബദ്ധതയ്ക്കായി, 2030-ഓടെ 20% ഊർജ്ജ കാര്യക്ഷമത ഉപകരണങ്ങൾ ഉപയോഗിച്ച് നമുക്ക് ഹ്രസ്വകാല ലക്ഷ്യങ്ങൾ കൈവരിക്കാം എന്നും മന്ത്രി പറഞ്ഞു.
സ്റ്റീൽ വ്യവസായം റീസൈക്ലിംഗ് മേഖലയുടെ ഉപവിഭാഗമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു., അത് കുറയ്ക്കുക, പുന ചംക്രമണം ചെയ്യുക, പുനരുപയോഗിക്കുക, വീണ്ടെടുക്കുക, പുനർരൂപകൽപ്പന ചെയ്യുക, പുനർനിർമ്മാണം ചെയ്യുക എന്നിവ ഉൾപ്പെടുന്ന '6 R' ന്റെ തത്വവുമായി ചേർത്ത് പ്രാവർത്തികമാക്കണം. 6 R-കളുടെ ഈ തത്വങ്ങൾ എല്ലാ കോർപ്പറേറ്റ് ഭരണ സംവിധാനങ്ങളുടെയും ഭാഗമായി മാറണമെന്ന് മന്ത്രി വിഭാവനം ചെയ്തു.
കാഴ്ചപ്പാടിൽ ദീർഘവീക്ഷണമുള്ളവരായിരിക്കാനുള്ള കഴിവും ഇതുവരെ ഒരു രാജ്യവും മുന്നോട്ട് വരാത്ത രംഗത്തെ നയിക്കാനുള്ള കഴിവും ഇന്ത്യക്കുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നാം ലോകത്തിന് കാണിച്ചുകൊടുത്തതായി മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം,കോവിഡിനെ കൈകാര്യം ചെയ്ത രീതി എന്നതുൾപ്പെടെ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി സംരംഭങ്ങൾ ആദ്യമായി തുടങ്ങിയതിന്റെ പല ഉദാഹരണങ്ങളും ഇന്ത്യയിലുണ്ടെന്ന് മന്ത്രി പറഞ്ഞു . " അതിന്റെ തുടർച്ചയായി റീസൈക്ലിംഗ് ഉൾപ്പെടെ ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ മേഖലയിൽ നേതൃസ്ഥാനം വഹിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു."
ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ മേഖലയ്ക്ക് സ്റ്റീൽ ഏറ്റവും അനുയോജ്യമാണെന്നും ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള സമാന സമ്പദ്‌വ്യവസ്ഥയ്ക്കും റീസൈക്ലിംഗ് മേഖലയ്ക്കുമായി ഗവൺമെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ സിന്ധ്യ പറഞ്ഞു. ഉരുക്ക് മേഖല പലതരത്തിലുള്ള പാഴ് വസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പാഴ് വസ്തുക്കളുടെ പുനരുപയോഗം ഒന്നിലധികം വ്യവസായങ്ങളിൽ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ആ ലക്ഷ്യത്തിൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മേഖലയിൽ രേഖപ്പെടുത്തിയ വളർച്ച ഊന്നിപ്പറഞ്ഞുകൊണ്ട് , കഴിഞ്ഞ 8 വർഷത്തിനിടെ ഇന്ത്യ 25 ദശലക്ഷം ടൺ സ്ക്രാപ്പുകൾ ഉത്പാദിപ്പിക്കുകയും 5 ദശലക്ഷം ടൺ വാങ്ങുകയും ചെയ്തു എന്ന് ശ്രീ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സ്റ്റീൽ ഉത്പാദനം പ്രതിവർഷം 80 ദശലക്ഷത്തിൽ നിന്ന് 120 ദശലക്ഷം ടണ്ണായി, ഉത്പാദനം ഏകദേശം 50% വർദ്ധിച്ചു. “നമ്മുടെ സ്റ്റീലിന്റെ 22% പുന ചംക്രമണത്തി ത്തിലൂടെയാണ് ഉത്പാദിപ്പിക്കുന്നത്. അനൗപചാരിക മേഖലയെ ഔപചാരിക മേഖലയിലേക്ക് കൊണ്ടുവരണമെന്ന് ഉറപ്പാക്കണം, അതിലൂടെ റീസൈക്ലിംഗ്, ചാക്രിക സമ്പദ്‌വ്യവസ്ഥ മേഖലയ്ക്ക് പുതിയ ഊന്നൽ നൽകും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പുനചംക്രമണ മേഖലക്കും ചാക്രിക സമ്പദ്‌വ്യവസ്ഥയ്ക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തെ പരാമർശിച്ചുകൊണ്ട്, 2021 ലെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ശ്രീ സിന്ധ്യ അനുസ്മരിച്ചു, "മനുഷ്യനും പ്രകൃതിയും ഇനി ഒരു സംഘട്ടനത്തിലായിരിക്കാൻ കഴിയില്ല, യോജിപ്പുള്ള ബന്ധത്തിൽ രണ്ടും ഒരുമിച്ച് നിലനിൽക്കണം. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മുന്നോട്ടുവച്ച ഈ ചിന്തയുടെ അടിസ്ഥാന ശിലയാണ് ചാക്രിക സമ്പദ്‌വ്യവസ്ഥയെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
വരും വർഷങ്ങളിൽ ഭൂമിയെ സംരക്ഷിക്കുന്ന ഹരിത സമ്പദ്‌വ്യവസ്ഥയെ സൂചിപ്പിക്കുന്ന ഒരു പദമാണ് സ്ക്രാപ്പ്. 2030-ഓടെ CO2 ഉദ്‌ഗമനം 50% കുറയ്ക്കണമെന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്, അത് സാധ്യമാകുന്നതിന് സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഉറവിടമാണ് സ്ക്രാപ്പ് . സ്ക്രാപ്പിന്റെ ഉപയോഗം ഊർജവും കാർബൺ ഉദ്‌ഗമനവും ലാഭിക്കുക മാത്രമല്ല, ടൺ കണക്കിന് ഇരുമ്പയിര്, പാചക കൽക്കരി, ചുണ്ണാമ്പുകല്ല് എന്നിവയുടെ ഉപഭോഗം ലാഭിക്കുകയും ചെയ്യുന്നു. 2047-ലെ വീക്ഷണം അനുസരിച്ച്, ഇന്നത്തെ 15% സ്ക്രാപ്പ് ഉപയോഗം അടുത്ത 5 വർഷത്തിനുള്ളിൽ ഏകദേശം 25% ആയി വർദ്ധിക്കും. അതായത് ഉരുക്ക് നിർമ്മാണത്തിനുള്ള സ്ക്രാപ്പിന്റെ അളവ് 50% ആയി ഉയരണം, 50% മാത്രമേ ഇരുമ്പയിരിനെ ആശ്രയിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഫെബ്രുവരി 2 മുതൽ 4 വരെ കൊച്ചിയിൽ നടന്ന ഇന്റർനാഷണൽ ഇന്ത്യൻ മെറ്റീരിയൽ റീസൈക്ലിംഗ് കോൺഫറൻസിന്റെ പത്താം പതിപ്പിന് മെറ്റീരിയൽ റീസൈക്ലിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ (MRAI) ആതിഥേയത്വം വഹിച്ചു. ആഗോളതലത്തിൽ പുന ചംക്രമണ മേഖലയിലെ ഏറ്റവും വലിയ യോഗത്തിൽ 38 രാജ്യങ്ങളിൽ നിന്നുള്ള 450 വിദേശ പ്രതിനിധികൾ ഉൾപ്പെടെ 1800-ലധികം പ്രതിനിധികൾ പങ്കെടുത്തു.
പുന ചംക്രമണത്തിന്റെ തോത് പരമാവധി വർദ്ധിപ്പിക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, 2070-ഓടെ കാർബൺ ന്യൂട്രാലിറ്റി എന്ന ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുക എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ച ഉയർത്തിക്കാട്ടുന്നതിലാണ് കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ചടങ്ങിൽ സ്റ്റീൽ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി ശ്രീമതി രുചിക ചൗധരി ഗോവിൽ, മഹാരാഷ്ട്ര ഗവൺമെന്റ് വ്യവസായം & ഖനികൾ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഹർഷദീപ് കാംബ്ലെ എന്നിവരും മറ്റ് നിരവധി പ്രമുഖരും പങ്കെടുത്തു.
പ്ലാസ്റ്റിക് റീസൈക്ലിംഗ് ഇപിആർ പോളിസി & ബിഐഎസ് സ്റ്റാൻഡേർഡ്സ്, ടയർ റീസൈക്ലിങ്ങിലെ സാങ്കേതിക മുന്നേറ്റവും നയച്ചട്ടകൂടുകളും തുടങ്ങി ഒന്നിലധികം പാനൽ ചർച്ചകൾ 3 ദിവസമായുള്ള പരിപാടിയിൽ നടന്നു.
സമ്മേളനത്തിൽ പ്രമുഖ അന്താരാഷ്ട്ര വ്യവസായ പ്രമുഖരും , കേന്ദ്രസ്റ്റീൽ മന്ത്രാലയം, ഖനി മന്ത്രാലയം, പരിസ്ഥിതി, വനം & കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വാണിജ്യ, വ്യവസായ മന്ത്രാലയം, നിതി ആയോഗ് , ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ & ടെക്നോളജി മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
RRTN/SKY
(Release ID: 1896316)
Visitor Counter : 177