കല്‍ക്കരി മന്ത്രാലയം

വർഷാന്ത്യ അവലോകനം : കേന്ദ്ര കല്‍ക്കരി മന്ത്രാലയം

Posted On: 28 DEC 2022 7:25PM by PIB Thiruvananthpuram

ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉല്‍പാദനം നടന്ന വര്‍ഷമെന്നതാണ് 2022ല്‍ കല്‍ക്കരി മന്ത്രാലയം നടത്തിയ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാന തെളിവുകളിലൊന്ന്.  ആണവോര്‍ജ പ്ലാന്റുകള്‍ക്കും മറ്റു മേഖലകള്‍ക്കും മതിയായ അളവില്‍ കല്‍ക്കരി വിതരണം ഉറപ്പാക്കാന്‍ സാധിച്ചു. കല്‍ക്കരിക്കടത്തു വേഗത്തിലാക്കാനായി പി.എം. ഗതിശക്തിക്കു കീഴില്‍ 13 റെയില്‍വേ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുമുണ്ട്. 64 കല്‍ക്കരി ഖനികള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലേലം ചെയ്ത വര്‍ഷവുമാണ് കഴിഞ്ഞുപോയത്. 2022 നവംബറില്‍ 141 കല്‍ക്കരി ഖനികളുടെ ലേലനടപടികള്‍ക്കു തുടക്കമിട്ടിട്ടുമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള നയപരിഷ്‌കരണങ്ങള്‍ക്കും മന്ത്രാലയം തയ്യാറായി.

രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഏറെ മുന്നോട്ടുപോകാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് 2022 പിന്നിടുമ്പോള്‍ കല്‍ക്കരി മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപക ഉച്ചകോടികള്‍ സംഘടിപ്പിച്ചും കല്‍ക്കരി വാതകരൂപത്തിലാക്കാനുള്ള പദ്ധതിക്കായി ബി.എച്ച്.ഇ.എല്‍., ഐ.ഒ.സി.എല്‍., ഗെയില്‍ (ഇന്ത്യ) തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളുമായി നിര്‍ണായക ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചും മുന്നോട്ടുപോയി. സ്വത്തിനെ പണമാക്കി മാറ്റല്‍ പദ്ധതിയിലൂടെ 40,104.64 കോടി രൂപ നേടാനായതും വിജയമായി. ഈ വഴിക്ക് 2021-22ല്‍ 3394 കോടി നേടിയെടുക്കുമെന്ന നിതി ആയോഗിന്റെ കണക്കുകൂട്ടലുകളെ മറികടന്നാണു വലിയ തുക സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയം. ഭൂമി ഏറ്റെടുക്കല്‍, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തല്‍, സുസ്ഥിര വികസനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കല്‍ തുടങ്ങിയ മേഖലകളിലും മന്ത്രാലയം കുതിപ്പു നേടി.

ഇ-ലേലത്തിന് ഏകജാലക സംവിധാനം നടപ്പാക്കുന്നതിനുള്ള പുതിയ സംവിധാനത്തിനു ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കി. മേഖല തിരിച്ചുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് ഇ-ലേല ജാലകങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടാണു പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഈ മാറ്റത്തിലൂടെ എല്ലാവര്‍ക്കും ഒരേ വിലയ്ക്കു കല്‍ക്കരി ലഭിക്കുന്ന സാഹചര്യമുണ്ടാകും. വിപണിയിലെ കള്ളക്കളികള്‍ക്ക് അവസാനം കുറിക്കുമെന്നതാണ് ഇതുകൊണ്ട് കല്‍ക്കരി കമ്പനികള്‍ക്കുള്ള നേട്ടം. പ്രവര്‍ത്തന ക്ഷമതയും ആഭ്യന്തര വിപണിയില്‍ കല്‍ക്കരിക്കുള്ള ആവശ്യകതയും വര്‍ധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്.
ദേശീയ കല്‍ക്കരി വിതരണ നയം (എന്‍.സി.ഡി.പി.) 2007ല്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറായി. കല്‍ക്കരി സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണു ലക്ഷ്യം. ഉപേക്ഷിക്കപ്പെട്ടതോ അടച്ചിട്ടതോ ആയ ഖനികളില്‍നിന്നുള്ള കല്‍ക്കരി സുതാര്യമായി വില്‍ക്കുന്നതിനുള്ള പോംവഴി ഇതിലുണ്ട്. കല്‍ക്കരി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും നടപടിക്രമങ്ങള്‍ പാലിക്കുന്നത്.
കല്‍ക്കരി വാതകവല്‍ക്കരണത്തിനു നല്‍കിവരുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. കോള്‍ ഇന്ത്യ ലിമിറ്റഡിനോ സിംഗരെന്‍ കോള്ളിയെറീസ് കമ്പനി ലിമിറ്റഡിനോ സ്വന്തം വാതകവല്‍ക്കരണ പ്ലാന്റുകള്‍ക്കായി അതതു കമ്പനികള്‍ തീരുമാനിക്കുന്ന വിലയ്ക്കു കല്‍ക്കരി നല്‍കുന്നതിനു ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടാവുന്നതാണ്. ഇതു രാജ്യത്തെ കല്‍ക്കരി വാതകവല്‍ക്കരണ പ്രവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുകയും പുതിയ രീതിയിലേക്കുള്ള മാറ്റം നേരത്തേ തന്നെ യാഥാര്‍ഥ്യമാക്കുന്നതിനു സഹായകമാവുകയും ചെയ്യും.
ഏറ്റെടുത്ത ഭൂമി വിനിയോഗിക്കുന്നതു സംബന്ധിച്ച് 2022 ഏപ്രില്‍ 22നു പ്രധാന ഉത്തരവിറക്കി. അതുപ്രകാരം കല്‍ക്കരി ഖനനത്തിന് അനുയോജ്യമല്ലാത്തതും ഖനനം പൂര്‍ത്തിയാക്കി ഉപേക്ഷിച്ചതുമായ ഭൂമി മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിക്കാം. പാട്ടം പോലുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി കല്‍ക്കരി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണു ഭൂമി ഉപയോഗപ്പെടുത്താന്‍ സാധിക്കുക. കോള്‍ വാഷറികള്‍ സ്ഥാപിക്കുന്നതിനും കണ്‍വെയര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും കല്‍ക്കരി പ്‌ളാന്റുകള്‍ തുടങ്ങുന്നതിനും റെയില്‍വേ സൈഡിങ്ങുകള്‍ ആരംഭിക്കുന്നതിനും ഇത്തരത്തിലുള്ള ഭൂമി മാറ്റിവെക്കാം. പദ്ധതികള്‍ക്കായി പുനരധിവസിപ്പിക്കുന്ന കുടുംബങ്ങള്‍ക്കു കൈമാറുകയും ചെയ്യാം. ഇത്തരം ആവശ്യങ്ങള്‍ക്കു പരമാവധി പാട്ടവര്‍ഷം 99 ആയിരിക്കും. ആണവോര്‍ജ പദ്ധതികളോ പുനുരപയോഗിക്കാവുന്ന ഊര്‍ജ പദ്ധതികള്‍ക്കോ ഇത്തരത്തിലുള്ള ഭൂമി ഉപയോഗപ്പെടുത്താം. കല്‍ക്കരി വാതകവല്‍ക്കരണ പദ്ധതികള്‍ക്കോ കെമിക്കല്‍ പ്‌ളാന്റുകള്‍ക്കോ ആയി മാറ്റിവെക്കാം. ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും വിനിയോഗിക്കാമെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 20 വരെ  കഴിഞ്ഞ വര്‍ഷം കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉപ കമ്പനികള്‍ക്കായി 1428.191 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 1195.78 ഏക്കര്‍ ഭൂമി കോള്‍ ഇന്ത്യ ലിമിറ്റഡ് ഉപ കമ്പനികള്‍ക്കു കൈമാറുകയും ചെയ്തു.

ക്രിമിനല്‍ കുറ്റമല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2022 സെപ്റ്റംബര്‍ ഏഴിനു പുറത്തിറക്കിയ ഉത്തരവിലൂടെ, മിനറല്‍ കണ്‍സെഷന്‍ (ഭേദഗതി) നിയമങ്ങള്‍, 2022 ഭേദഗതി ചെയ്തു. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്. 68 വ്യവസ്ഥകളുടെ ലംഘനടം ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും 10 വ്യവസ്ഥകളുടെ ലംഘനത്തിനുള്ള പിഴ കുറയ്ക്കുകയും ചെയ്തു. ഗവണ്‍മെന്റിലേക്ക് അടയ്ക്കാനുള്ള വാടക, റോയല്‍റ്റി, ഫീ, മറ്റു തുകകള്‍ എന്നിവ വൈകിയാല്‍ ഈടാക്കിയിരുന്ന 24% പിഴപ്പലിശ 12% ആയി കുറച്ചു.

2009നു മുന്‍പ് പ്രവര്‍ത്തനം നിലച്ച ഖനികള്‍ അടയ്ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കല്‍ക്കരി മന്ത്രാലയം ഒന്നാം ഖനി അടച്ചുപൂട്ടല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് 2009-ന് മുമ്പ് വലിയ തോതില്‍ ഖനികള്‍ നിര്‍ത്തലാക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ അടച്ചിടപ്പെടുകയോ ചെയ്തു. ഈ ഖനികള്‍ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന തരത്തില്‍ ശാസ്ത്രീയമായി അടച്ചുപൂട്ടുകയും അനധികൃത ഖനനം തടയുകയും ഖനനം ചെയ്ത ഭൂമിയുടെ സുരക്ഷയും പുനര്‍നിര്‍മ്മാണവും ഉറപ്പാക്കുകയും വേണം. അതിനാല്‍, 2022 ഒക്ടോബറില്‍ ഖനി അടച്ചുപൂട്ടല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു, 2009 ഓഗസ്റ്റ് 27 വരെ (ആദ്യ കല്‍ക്കരി ഖനികള്‍ പുറപ്പെടുവിച്ച തീയതി വരെ) കല്‍ക്കരി ഖനികളുടെ ദേശസാല്‍ക്കരണത്തിനുശേഷം ഖനികള്‍ നിര്‍ത്തലാക്കുകയോ ഉപേക്ഷിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്ത എല്ലാ കല്‍ക്കരി കമ്പനികള്‍ക്കും (ലിഗ്‌നൈറ്റ് ഉള്‍പ്പെടെ) ബാധകമാകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശമാണിത്. ഖനികള്‍ അടച്ചുപൂട്ടുന്നതിനുള്ള  മൊത്തത്തിലുള്ള ചട്ടക്കൂട് മാത്രമേ ഇതിലൂടെ ഉദ്ദേശിക്കുന്നുള്ളൂ. അന്തിമ നിര്‍വ്വഹണ പദ്ധതികളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട കമ്പനി ബോര്‍ഡുകള്‍ അംഗീകരിക്കണം. മാര്‍ഗനിര്‍ദേശങ്ങളുടെ മൊത്തത്തിലുള്ള ലക്ഷ്യം ഖനനം ചെയ്യപ്പെട്ട ഭൂമി ഖനനത്തിന് മുമ്പുള്ള ഘട്ടത്തിലേക്ക് കഴിയുന്നിടത്തോളം പുനഃസ്ഥാപിക്കുക എന്നതാണ്.

സി.ഐ.എം.എസ്. പോര്‍ട്ടല്‍ ടൈംലൈനിലെ ഭേദഗതി

സി.ഐ.എം.എസ്. പോര്‍ട്ടലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും മറ്റ് അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചും പങ്കാളിത്തമുള്ളവരുമായി ചര്‍ച്ച ചെയ്തശേഷം പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ സമയപരിധിയില്‍ ഭേദഗതി വരുത്തി. ഇറക്കുമതിക്കാരന് 60-ാം ദിവസത്തിന് മുമ്പും ഇറക്കുമതി ചരക്ക് പ്രതീക്ഷിക്കുന്ന തീയതിക്ക് അഞ്ച് ദിവസത്തിന് മുമ്പും രജിസ്‌ട്രേഷനായി അപേക്ഷിക്കാം. ഓട്ടോമാറ്റിക് രജിസ്‌ട്രേഷന്‍ നമ്പര്‍ 75 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കും. ചരക്ക് നീക്കം ചെയ്യുന്നതിന് കസ്റ്റംസ് അനുമതി ലഭിക്കാന്‍ ഇറക്കുമതി ചെയ്യുന്നയാള്‍ എന്‍ട്രി ബില്ലില്‍ രജിസ്‌ട്രേഷന്‍ നമ്പറും രജിസ്‌ട്രേഷന്റെ കാലഹരണ തീയതിയും നല്‍കേണ്ടതുണ്ട്.

നിര്‍ത്തിവെക്കപ്പെട്ട ഖനികള്‍ വരുമാനം പങ്കുവെക്കുന്ന മാതൃകയില്‍ വീണ്ടും തുറക്കുന്നു

മുമ്പ് കല്‍ക്കരി വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിച്ചിരുന്നതും ഖനനയോഗ്യമായ കരുതല്‍ ശേഖരവും അനുയോജ്യമായ ആഴവുമുള്ള നിരവധി ഉപേക്ഷിക്കപ്പെട്ട ഖനികള്‍ ഉണ്ട്. സുരക്ഷാ കാരണങ്ങളാലും പ്രാഥമികമായി ലാഭകരമല്ലാത്ത വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാലും ജീവനക്കാരുടെ വേതനം നല്‍കുന്നതിനു തടസ്സം നേരിട്ടതോടെയാണ് ഇവ അടച്ചിട്ടത്. .

നിര്‍ത്തലാക്കിയ ഖനികള്‍ ദേശീയ നഷ്ടമായി നിലകൊള്ളുന്നു. കാരണം വലിയ അളവില്‍ കരുതല്‍ ശേഖരം വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല; കല്‍ക്കരി മന്ത്രാലയം ഈ ഖനികള്‍ വരുമാനം പങ്കുവെക്കുന്ന മാതൃകയില്‍ തുറന്നുനല്‍കാന്‍ പദ്ധതിയിട്ടിരുന്നു. ഉപേക്ഷിക്കപ്പെട്ട ഈ ഖനികള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉള്‍ക്കൊള്ളുന്ന പദ്ധതി തയ്യാറാക്കാന്‍ കല്‍ക്കരി മന്ത്രാലയം ശ്രമിക്കുന്നു. കുറഞ്ഞ ചെലവുകളിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയിലൂടെയും സ്വകാര്യമേഖല ആവശ്യമായ കാര്യക്ഷമത കൊണ്ടുവരും എന്നതാണ് ഇത്തരമൊരു ചിന്തയ്ക്ക് അടിസ്ഥാനം. ദേശീയ താല്‍പ്പര്യത്തിനനുസരിച്ച് കല്‍ക്കരി വിഭവങ്ങളുടെ പരമാവധി വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സിഐ.എല്‍. ട്രാഞ്ച് ഒന്നില്‍ 20 ഖനികളും ട്രഞ്ച് രണ്ടില്‍ 10 ഖനികളും വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രി ഗതിശക്തിക്കു കീഴിലുള്ള പദ്ധതികള്‍:

കല്‍ക്കരി കടത്തുമ്പോഴുള്ള മലിനീകരണം കുറയ്ക്കാന്‍  കല്‍ക്കരി മന്ത്രാലയം, റെയില്‍വേയുടെ ഉപയോഗം കൂട്ടുകയും റോഡ് വഴി നീക്കുന്നതു കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കല്‍ക്കരി മേഖലകളിലേക്കു പുതിയ ബ്രോഡ് ഗേജ് റെയില്‍ ലൈനുകളുടെ ആസൂത്രിതമായ നിര്‍മ്മാണം, പുതിയ ലോഡിംഗ് പോയിന്റുകളിലേക്ക് റെയില്‍ ലിങ്കുകള്‍ നീട്ടല്‍, ചില സന്ദര്‍ഭങ്ങളില്‍ റെയില്‍ പാതകള്‍ ഇരട്ടിപ്പിക്കലും മൂന്നിരട്ടിയാക്കലും എന്നിവ റെയില്‍ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കും.

2021 ഒക്ടോബറില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഗതി ശക്തി- രാഷ്ട്ര മാസ്റ്റര്‍ പ്ലാന്‍ പ്രധാനമന്ത്രി ആരംഭിച്ചു. വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്തുകയും സവിശേഷ ആസൂത്രണ ഉപാധികള്‍ ഉള്‍പ്പെടെ സാങ്കേതികവിദ്യ വിപുലമായി പ്രയോജനപ്പെടുത്തുകയും ചെയ്യും.

പ്രധാനമന്ത്രി ഗതി ശക്തിയുടെ ലക്ഷ്യത്തിന് അനുസൃതമായി, ബഹുവിധ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനായി കല്‍ക്കരി മന്ത്രാലയം 13 റെയില്‍വേ പദ്ധതികള്‍ ഏറ്റെടുത്തു. ജാര്‍ഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളില്‍ വികസിപ്പിച്ചെടുക്കുന്ന വന്‍കിട പദ്ധതികള്‍ക്കായി നാല് റെയില്‍വേ പദ്ധതികള്‍ എന്‍എംപി പോര്‍ട്ടലില്‍ വിജയകരമായി രേഖപ്പെടുത്തിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഖനിയുടമകള്‍ക്കും അതിവേഗമുള്ള ചരക്കുനീക്കവും വിപുലമായ കണക്റ്റിവിറ്റിയും ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

--ND--



(Release ID: 1888470) Visitor Counter : 134