പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഡിജിറ്റൽ ഇന്ത്യയും സ്കിൽ ഇന്ത്യയും രാജ്യത്തിൻറെ ഭാവി മാറ്റിമറിക്കുന്ന രണ്ട് പ്രധാന സ്തംഭങ്ങൾ എന്ന് കേന്ദ്ര മന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ


ഒരു ദിവസത്തെ സന്ദർശനത്തിനായി കോഴിക്കോട് എത്തിയ മന്ത്രി കേരളത്തിലെ 20 കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സംവദിച്ചു

പോസ്റ്റഡ് ഓണ്‍: 30 DEC 2022 4:22PM by PIB Thiruvananthpuram

കോഴിക്കോട്: ഡിസംബർ 30, 2022

ഡിജിറ്റൽ ഇന്ത്യയും സ്കിൽ ഇന്ത്യയും രാജ്യത്തിൻറെ ഭാവി മാറ്റിമറിക്കുന്ന രണ്ട് പ്രധാന സ്തംഭങ്ങൾ എന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ. പുതിയ ഇന്ത്യ യുവാക്കളുടെതാണ്. ഇന്ത്യ അവർക്കായി വലിയ അവസരങ്ങൾ തുറന്നു നൽകും. അതുകൊണ്ടുതന്നെ ബിരുദ വിദ്യാർത്ഥികൾ നൈപുണ്യ നവീകരണ പരിപാടികളുടെ ഭാഗമാകണം. ഡിജിറ്റൽ വ്യവസ്ഥയിലേക്ക് പ്രവേശിക്കാൻ ഈ വൈദഗ്ധ്യം അവരെ സഹായിക്കും.

 



 

ഇന്ത്യയെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പം പൂർണ്ണമായും മാറിയിരിക്കുകയാണ്. 1985-ൽ ഒരു പദ്ധതിക്കായി സർക്കാർ 100 രൂപ ചെലവഴിക്കുമ്പോൾ 15 രൂപ മാത്രമായിരുന്നു ലക്ഷ്യത്തിലെത്തിയിരുന്നത്. ഇന്നാകട്ടെ 100 രൂപ ചിലവഴിക്കുമ്പോൾ ആ 100 രൂപയും ലക്ഷ്യത്തിലെത്തുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ഓരോ ഘട്ടത്തിലും കാലികമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അവസരങ്ങൾക്ക് അതിരുകളില്ലെന്ന് മാത്രമല്ല അവ എല്ലാവർക്കുമായി തുറന്നിരിക്കുന്നു എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

20 കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി താമരശേരിയിലെ കത്തോലിക്ക ബിഷപ്പ് ഹൗസിൽ, 'യുവജനങ്ങളുടെ ആധുനിക ഭാരതം - സാങ്കേതിക വിദ്യാ ദശകത്തിലെ അവസരങ്ങൾ' എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു ശ്രീ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി.



 

അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വർഷം 7. 5 ലക്ഷം കോടി രൂപ നിക്ഷേപിച്ചു. ആധുനികവൽക്കരണത്തിനായി ധാരാളം പണം ചെലവഴിക്കുന്നു. രാജ്യത്തെ നികുതി പിരിവ് ലക്ഷ്യം വച്ചതിലും 25 ശതമാനം കവിഞ്ഞു. 430 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ കൂടുതൽ ശക്തിപ്പെട്ടിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

കോവിഡനന്തര കാലഘട്ടം ലോകത്തിന് ഇന്ത്യയുടെ ശക്തി കാണിച്ചുകൊടുത്തു. കോവിഡിന് ശേഷം അമേരിക്ക പോലും അഭൂതപൂർവമായ പണപ്പെരുപ്പം നേരിടുകയാണ്. ചൈന മൂന്ന് പാദങ്ങളിൽ സാമ്പത്തിക തകർച്ച നേരിട്ടു. എന്നാൽ ഇന്ത്യയാകട്ടെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. സ്റ്റാർട്ടപ്പുകളുടെ എണ്ണം 86,000 കടന്നു. ഡിജിറ്റൽ ഇന്ത്യ ഇന്നൊവേഷൻ ഫണ്ട് ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യ സെമി കണ്ടക്ടറുകൾ നിർമ്മാണത്തിലേക്ക് കടക്കാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയ ശേഷം വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. മികച്ച പ്രകടനവും  ആസൂത്രണവും ലക്ഷ്യമിട്ട് ഏത് വിഷയവും ആരുമായും ചർച്ച ചെയ്യാൻ സർക്കാർ സദാ സന്നദ്ധമാണ്. ഗ്രാമ, നഗരഭേദമെന്യേ എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭ്യമാകണംമെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു.

സർക്കാർ ഈ മേഖലയിൽ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിനായി ഡിജിറ്റൽ ഇന്ത്യ നിയമം ഉടൻ അവതരിപ്പിക്കും എന്നും ശ്രീ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
 
****

( റിലീസ് ഐ.ഡി: 1887550) സന്ദര്‍ശക കൗണ്ടര്‍ : 71
ഈ റിലീസ് വായിക്കുക: English