റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

എം-1 യാത്രാ വാഹനങ്ങൾക്ക് 6 എയർബാഗ് നിർബന്ധമാക്കുന്നത് നീട്ടി

Posted On: 14 DEC 2022 3:43PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 14, 2022

2022 ജനുവരി 14-ലെ കരട് GSR 16(E) പ്രകാരം, 2022 ഒക്ടോബർ 1-ന് ശേഷം നിർമ്മിക്കുന്ന M1 വിഭാഗത്തിലെ വാഹനങ്ങളിൽ രണ്ട് വശങ്ങളിലും ടോർസോ എയർ ബാഗുകൾ ഘടിപ്പിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. മുൻ നിരയിൽ വശങ്ങളിലായി രണ്ട് എയർ ബാഗുകളും, പിൻ നിരയിൽ വശങ്ങളിലായി രണ്ട് എയർ ബാഗുകളും യാത്രക്കാരായ വ്യക്തികളുടെ സുരക്ഷയ്ക്കായി ഒരുക്കണമെന്നായിരുന്നു നിർദ്ദേശം. വാഹന യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ഇക്കാര്യം നിർദേശിച്ചിരുന്നത്. ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചിരുന്നു.

2022 സെപ്റ്റംബർ 30-ലെ കരട് GSR 751(E) പ്രകാരം ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ പരിഗണിച്ച്, ഇത് നടപ്പാക്കുന്നത് 2023 ഒക്ടോബർ 1-ലേക്ക് നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒരിക്കൽ കൂടി ക്ഷണിക്കുകയും ചെയ്തു.   ബന്ധപ്പെട്ടവരിൽ നിന്ന് നേരത്തെ ലഭിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിൽ (SIAM) നിന്ന് ലഭ്യമായ വിവരമനുസരിച്ച്, 3,27,730 പാസഞ്ചർ കാറുകളുടെ മൊത്തം പ്രതിമാസ വിൽപ്പന നടക്കുമ്പോൾ, മൊത്തം 55,264 കാറുകൾ അഥവാ 17% മാത്രമേ 6 എയർബാഗുകൾ ഘടിപ്പിക്കുന്നുള്ളൂ.

ഓട്ടോമോട്ടീവ് കോംപോണന്റ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്റെ (ACMA) ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രാജ്യത്തെ നിലവിലെ എയർബാഗ് നിർമ്മാണ ശേഷി 22.7 ദശലക്ഷമാണ്, അടുത്ത വർഷം ഉത്പാദനം 37.2 ദശലക്ഷമായി വർധന പ്രതീക്ഷിക്കുന്നു.

ഓട്ടോമൊബൈൽ, ഓട്ടോമൊബൈൽ ഘടക നിർമ്മാണ വ്യവസായങ്ങൾക്കായി സർക്കാർ വിജ്ഞാപനം ചെയ്ത ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (Production-Linked Incentive -PLI) എയർബാഗ് നിർമ്മാണ വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു. എയർബാഗിനുള്ള ഇൻഫ്ലേറ്റർ, എയർബാഗ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ്, എയർബാഗിനുള്ള സെൻസർ എന്നിവ നിർമ്മിക്കാനാണ് പ്രോത്സാഹനം.

ഒരു എയർ ബാഗിന്റെ നിശ്ചിത വില വാഹന മോഡലിനെയും, വിപണി സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, 4 എയർബാഗുകൾക്കും കൂടി [2 സൈഡ് എയർ ബാഗുകൾക്കും 2 കർട്ടൻ എയർബാഗുകൾക്കും] ഏകദേശ ചെലവ്  6000 രൂപയായിരിക്കും.

കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാതാ മന്ത്രി ശ്രീ നിതിൻ ഗഡ്കരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

 
RRTN/SKY
 
****
 


(Release ID: 1883490) Visitor Counter : 90


Read this release in: Gujarati , English , Urdu , Marathi