പഞ്ചായത്തീരാജ് മന്ത്രാലയം
ഗ്രാമപഞ്ചായത്തുകളിൽ സുസ്ഥിര വികസനം ലക്ഷ്യം സാക്ഷാത്കരിക്കാൻ യോജിച്ച പരിശ്രമം അത്യാവശ്യം: കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി ശ്രീ. കപിൽ മൊരേശ്വർ പാട്ടീൽ
Posted On:
14 NOV 2022 9:52PM by PIB Thiruvananthpuram
ഗ്രാമപഞ്ചായത്തുകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ സംബന്ധിക്കുന്ന ത്രിദിന ദേശീയ ശിൽപശാല കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു
കൊച്ചി, നവംബർ 14, 2022
ഗ്രാമപഞ്ചായത്തുകളിൽ സുസ്ഥിര വികസനം ലക്ഷ്യം സാക്ഷാത്കരിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും യോജിച്ച പരിശ്രമത്തിന് കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി ശ്രീ കപിൽ മൊരേശ്വർപാട്ടീൽ ആഹ്വാനം ചെയ്തു. വിഷയാധിഷ്ഠിത സമീപനങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തെക്കുറിച്ചുള്ള ത്രിദിന ദേശീയ ശിൽപശാലയുടെ ഉദ്ഘാടന സമ്മേളനത്തിൽ ദാരിദ്ര്യരഹിതവും മെച്ചപ്പെട്ട ഉപജീവനമാർഗയുക്തവുമായ ഗ്രാമപഞ്ചായത്തുകൾ എന്ന ഒന്നാമത്തെ പ്രമേയം ആധാരമാക്കി ഇന്ന് കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സർക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ,തൃശൂർ (KILA) എന്നിവയുടെ സഹകരണത്തോടെയാണ് 2022 നവംബർ 14 മുതൽ 16 വരെ നടക്കുന്ന ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വിഭാവനം ചെയ്ത പ്രകാരമുള്ള ഗ്രാമീണ വികസനമെന്ന നമ്മുടെ പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഐക്യത്തോടെ കൈകോർത്ത് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രമന്ത്രി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ ഫലപ്രദമായി അതിജീവിക്കാൻ ബന്ധപ്പെട്ടവർക്കിടയിലുള്ള ചർച്ചകളിലൂടെ പരിഹാരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ശിൽപശാലകൾ സംഘടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു .
ഓരോ പഞ്ചായത്തിന്റെയും സമഗ്ര വികസനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഞ്ചായത്ത് അധ്യക്ഷന്മാരോട് ആഹ്വാനം ചെയ്ത ശ്രീ കപിൽ മൊരേശ്വർ പാട്ടീൽ, ഉന്നതമായ ലക്ഷ്യങ്ങൾ മുന്നിൽക്കാണുകയും സാധ്യമായ വഴികളിൽ അവ നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്ന് അവരോട് നിർദ്ദേശിച്ചു. പഞ്ചായത്തുകൾ തനത് വരുമാനമുണ്ടാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ കേന്ദ്രമന്ത്രി, സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെയും വികസനത്തിനായി സർക്കാർ ഫണ്ടുകളിന്മേലുള്ള ആശ്രിതത്വം കുറയ്‌ക്കേണ്ടതിന്റെയും ആവശ്യകതയും എടുത്തു പറഞ്ഞു.
ബജറ്റ് വിഹിതത്തിന്റെ നല്ലൊരു പങ്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ച കേരളത്തെ ശില്പശാലയുടെ വേദിയായി തിരഞ്ഞെടുത്തതിൽ കേന്ദ്രമന്ത്രി അഭിനന്ദനം അറിയിച്ചു. ഇത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത്രിദിന ശിൽപശാലയിൽ ചർച്ച ചെയ്തതും ചർച്ച ചെയ്യപ്പെടുന്നതും ആയ മികച്ച മാതൃകകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരോട് അഭ്യർത്ഥിച്ച കേന്ദ്രമന്ത്രി, അതത് സംസ്ഥാനങ്ങളിൽ അവ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സബ്കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്, സബ് കാ പ്രയാസ് എന്ന ആശയം മുന്നോട്ടു വച്ചതെന്ന് മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് എന്ന സ്വപ്നം കൂടി സാക്ഷാത്കരിക്കാനാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരോട് അഭ്യർത്ഥിച്ചു.
ആശയങ്ങൾ പങ്കുവെക്കുകയും മികച്ച സമ്പ്രദായങ്ങൾ അനുകരിക്കുകയും ചെയ്തുകൊണ്ട് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിനുമുള്ള വഴികളും മാർഗങ്ങളും ചർച്ചചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രസ്താവിച്ച ശ്രീ വി മുരളീധരൻ ഇത്തരം ശിൽപശാലകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
കേന്ദ്രസർക്കാരിന്റെ ഒട്ടേറെ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്നുണ്ടെന്നും ഈ പദ്ധതികൾ പൂർണതോതിൽ നടപ്പാക്കുമ്പോൾ നാട്ടിലെ സാധാരണക്കാർക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നും ശ്രീ വി മുരളീധരൻ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയത് ജമ്മു കശ്മീരിലെ ഗ്രാമീണ മേഖലയുടെ വികസനത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് നിരീക്ഷിച്ച ശ്രീ വി മുരളീധരൻ, പഞ്ചായത്തുകൾക്കുള്ള പരിമിതികൾ മനസ്സിലാക്കി, പദ്ധതികൾ എല്ലാവർക്കും ഒരുപോലെ പ്രാപ്യമാക്കാൻ കേന്ദ്ര സർക്കാർ ശക്തമായ ശ്രമങ്ങൾ നടത്തി വരികയാണെന്ന് കൂട്ടിച്ചേർത്തു.
മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കപ്പെടുമെന്നതിനാൽ ഇവിടെ പങ്കെടുക്കുന്ന എല്ലാവർക്കും ശിൽപശാല പ്രയോജനകരമാകുമെന്ന് മുഖ്യപ്രഭാഷണം നടത്തവേ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ദരിദ്രരിൽ നിന്നും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുമുള്ള നേതാക്കളെ വളർത്തിയെടുക്കുന്നതിന് മൂർത്തമായ ശ്രമങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സുസ്ഥിര വികസനത്തിലൂടെ ദാരിദ്ര്യ നിർമാർജനത്തിന് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്തീ രാജ് മന്ത്രാലയം സെക്രട്ടറി ശ്രീ സുനിൽകുമാർ, ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ നാഗേന്ദ്ര നാഥ് സിൻഹ എന്നിവരും ചടങ്ങിൽ സംസാരിച്ചു. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരൻ സ്വാഗതവും കേരള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് നന്ദിയും പറഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പ്രദർശനം ശ്രീ കപിൽ മൊരേശ്വർ പാട്ടീൽ, ശ്രീ വി മുരളീധരൻ, ശ്രീ എം ബി രാജേഷ് എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. കൂടാതെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ തീമാറ്റിക് മേഖലകളിലെ വിവിധ വികസന/ ഉപജീവന/ നൈപുണ്യ വികസന പദ്ധതികളും സംരംഭങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന വ്യത്യസ്ത തീമാറ്റിക് സ്റ്റാളുകളും സന്ദർശിച്ചു
ദേശീയ സാമൂഹിക സഹായ പദ്ധതി (എൻഎസ്എപി), മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,പഞ്ചായത്തുകളിലൂടെയുള്ള ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവും (NRLM) എന്നിവയെ സ്വാധീനിക്കുന്ന പാർശ്വവൽക്കരണം, കൂടാതെ അടിസ്ഥാന സേവനങ്ങൾ, സാമൂഹിക സുരക്ഷാ ശൃംഖല, സംരക്ഷണ സംവിധാനങ്ങൾ തുടങ്ങിയവയുടെ ലഭ്യത എന്നിവയുടെ ദേശീയ തലത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ശിൽപശാല ലക്ഷ്യമിടുന്നത്.
കൂടാതെ ഉപജീവനമാർഗങ്ങൾ - വരുമാന അസമത്വവും ദാരിദ്ര്യവും പരിഹരിക്കുന്നതിലും കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുന്നതിലും ദരിദ്രരും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഞ്ചായത്തുകളുടെ പങ്ക് എന്നിവയും വിഷയമാകും. ദുരന്തങ്ങളും തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളും സൃഷ്ടിക്കുന്ന പെട്ടെന്നുള്ള ആഘാതങ്ങൾക്കെതിരെ ദുർബലരായ സമൂഹങ്ങളുടെ പ്രതിരോധശേഷി വളർത്തിയെടുക്കുകയും ശില്പശാലയുടെ വിഷയത്തിൽ ഉൾപ്പെടുന്നു.
.
പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി ശ്രീ സുനിൽ കുമാർ, ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ നാഗേന്ദ്ര നാഥ് സിൻഹ എന്നിവരും കേന്ദ്ര-സംസ്ഥാന ഗവൺമെന്റിലെ സെക്രട്ടറിമാർ,മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വിവിധ സാങ്കേതിക സെഷനുകൾക്ക് നേതൃത്വം നൽകുന്നു .
ദേശീയ ശിൽപശാലയുടെ മൂന്നാം ദിവസം 'അനുഭവം പങ്കിടലും പഠനവും' എന്നതിനെ ആസ്പദമാക്കി പങ്കെടുക്കുന്നവരുടെ / പ്രതിനിധികളുടെ ഫീൽഡ് വിസിറ്റും സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ ശിൽപശാലയുടെ സമാപന ദിനം ഫീൽഡ് സന്ദർശനങ്ങൾക്കായിമാറ്റി വെച്ചിരിക്കുന്നു,.അവിടെ പങ്കെടുക്കുന്നവരെ ഗ്രാമപഞ്ചായത്തുകളിലേക്ക് കൊണ്ടുപോകുകയും കേരളത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെയും ഉപജീവനോപാധി വർദ്ധനയുടെയും നയവും പ്രവർത്തന മാനങ്ങളും സംബന്ധിച്ച് ഉൾക്കാഴ്ച ലഭ്യമാക്കുകയും ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പങ്കാളിത്ത ആസൂത്രണ സംവിധാനങ്ങൾ, സാമൂഹ്യ സംഘടനകൾ, എസ്എച്ച്ജി കൂട്ടായ്‌മകൾ, സന്നദ്ധപ്രവർത്തകർ, സിഎസ്‌ഒകൾ തുടങ്ങി വിവിധ പങ്കാളികൾ, ദരിദ്രർക്ക് പ്രയോജനപ്രദം ആകുന്ന വിധത്തിൽ വികസന നയം രൂപപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് ഫീൽഡ് വിസിറ്റ് വഴി പ്രതിനിധികൾക്ക് മനസ്സിലാക്കാനാകും.
രാജ്യത്തുടനീളവും സംസ്ഥാനത്തുടനീളവുമുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഭാരവാഹികളും ദേശീയ ശിൽപശാലയിൽ പങ്കെടുക്കും. വിഷയാധിഷ്ഠിത മേഖലകളിൽ സംരംഭങ്ങൾ നടപ്പാക്കുന്ന പഞ്ചായത്തുകളെ ശിൽപശാലയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. ദേശീയ ശിൽപശാലയിൽ 1500-ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ പഞ്ചായത്തുകളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഭാരവാഹികളും, ദാരിദ്ര്യനിർമാർജനത്തിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രധാന സംഭാവന നൽകുന്ന ഏജൻസികൾ, നൈപുണ്യം/ ഉപജീവനമാർഗം വർദ്ധിപ്പിക്കൽ എന്നിവയിലൂടെ കൂടുതൽ സാധ്യതകൾ കണ്ടെത്തി ഗ്രാമീണ ജനതയെ ശാക്തീകരിക്കാൻ സഹായിക്കുന്ന വിദഗ്ധ പങ്കാളികൾ എന്നിവർ ഉൾപ്പെടും. എല്ലാ സംസ്ഥാനങ്ങളുടെയും/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സംസ്ഥാന പഞ്ചായത്തീരാജ്, ഗ്രാമവികസന വകുപ്പ്, ആസൂത്രണ വകുപ്പ്, മറ്റ് അനുബന്ധ വകുപ്പുകൾ, NIRD&PR, SIRD&PR-കൾ, പഞ്ചായത്തീരാജ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, യൂ. എൻ ഏജൻസികൾ, എൻ ജി ഒ കൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. വിവിധ തലങ്ങളിലുള്ള കുടുംബശ്രീ, MGNREGS അംഗങ്ങളും ദേശീയ ശിൽപശാലയിൽ പങ്കെടുക്കും.
SKY
(Release ID: 1876074)
Visitor Counter : 210