പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ശ്രീ ചിത്രയിൽ കോമ്പിനേഷൻ ഡിവൈസസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യും
Posted On:
14 NOV 2022 2:49PM by PIB Thiruvananthpuram
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ കോമ്പിനേഷൻ ഡിവൈസസ് ബ്ലോക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭൂമിശാസ്ത്ര വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ ജിതേന്ദ്ര സിംഗ് നാളെ (നവംബർ 15ന് ) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30 മണിക്കാണ് പരിപാടി. കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരനും ചടങ്ങിൽ സംസാരിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 53 കോടി രൂപയുടെ ധനസഹായത്തോടെയാണ് 1,20,000 ചതുരശ്ര അടി വിസ്തീർണമുള്ള ബ്ലോക്ക് നിർമ്മിക്കുന്നത്. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ സംഘടിതമായി കൈകാര്യം ചെയ്യുന്നതിനായി മരുന്നുകളുമായി സംയോജിപ്പിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൽ സംഭാവന നൽകാൻ ഈ സംരംഭം സഹായിക്കും.
ഇൻ-വിട്രോ ഡയഗ്നോസ്റ്റിക്സ്, പോയിന്റ് ഓഫ് കെയർ ഡിവൈസുകൾ, ബയോസെൻസറുകൾ, ടിഷ്യു എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), വെർച്വൽ റിയാലിറ്റി (വിആർ), ഓർത്തോട്ടിക്സ്, റീഹാബിലിറ്റേഷൻ എന്നിവയുടെ വികസനത്തിനുള്ള ലബോറട്ടറികളും മൈക്രോ ഇലക്‌ട്രോ മെക്കാനിക്കൽ സിസ്റ്റങ്ങളും (എം ഇ എം എസ് ) മൈക്രോ റോബോട്ടിക്‌സ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളും കോമ്പിനേഷൻ ഡിവൈസസ് ബ്ലോക്കിൽ സ്ഥാപിക്കും.
പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്, തിരുവനന്തപുരം പൂജപുര കൗൺസിലർ ശ്രീ വി വി രാജേഷ് എന്നിവർ ആശംസകൾ നേർന്നു. എസ്സിടിഐഎംഎസ്ടി ഡയറക്ടർ പ്രൊഫ സഞ്ജയ് ബിഹാരി, ബിഎംടി വിംഗ് മേധാവി ഡോ. ഹരികൃഷ്ണ വർമ്മ പി ആർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
കേന്ദ്ര സഹമന്ത്രി ശ്രീ ജിതേന്ദ്ര സിംഗ് രാവിലെ 11 മണിക്ക് ശ്രീ ചിത്രയിലെ അച്യുത മേനോൻ സെന്റർ ഓഡിറ്റോറിയത്തിൽ ഹോസ്പിറ്റൽ വിംഗിലെ എല്ലാ ജീവനക്കാരെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്യും.
--NS--
(Release ID: 1875780)
Visitor Counter : 65