പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ശ്രീചിത്ര കോൺക്ലേവ് - 2022 : കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും
Posted On:
15 OCT 2022 2:23PM by PIB Thiruvananthpuram
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സംഘടിപ്പിക്കുന്ന 'ശ്രീചിത്ര കോൺക്ലേവ് 2022 ' വിദേശകാര്യ-പാർലമെ ന്ററി കാര്യ സഹമന്ത്രി ശ്രീ. വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 17ന് രാവിലെ 9 .30 മണിക്ക് ശ്രീ ചിത്രയിലെ അച്യുത മേനോൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്. 'മെഡിക്കൽ ഉപകരണങ്ങൾ: 2047-ലേക്കുള്ള പരിവർത്തനവും ദിശാബോധവും' എന്നതാണ് ദ്വദിന കോൺക്ലേവിന്റെ വിഷയം.
വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടി, ആരോഗ്യമന്ത്രി ശ്രീമതി.വീണാ ജോർജ്ജ്, ഡോ.ശശി തരൂർ എം പി , കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ.എസ്.ചന്ദ്രശേഖർ, കേന്ദ്ര ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ പ്രൊഫ.അതുൽ ഗോയൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളാകും. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ .വി.കെ. സാരസ്വത് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മുൻ സെക്രട്ടറി പ്രൊഫ അശുതോഷ് ശർമ്മ അഞ്ചാമത് ജി. പാർത്ഥസാരഥി സ്മാരക പ്രഭാഷണം നിർവ്വഹിക്കും.
രാജ്യത്തെ ആരോഗ്യ സേവന മേഖലയിലെ സാങ്കേതികവിദ്യാ വെല്ലുവിളികൾ നേരിടുവാൻ വിവിധ പ്രൊഫഷണലുകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരികയാണ് കോൺക്ലേവിന്റെ ലക്‌ഷ്യം. കാർഡിയോളജി &കാർഡിയാക് സർജറി, ന്യൂറോളജി &ന്യൂറോ സർജറി, റേഡിയോളജി, അനസ്തേഷ്യോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ സാങ്കേതിക അവതരണങ്ങളുള്ള പ്രത്യേക സെഷനുകളാണ് കോൺക്ലേവിന്റെ പ്രധാന ആകർഷണം. ഓരോ സാങ്കേതിക വിഷയാവതരണ സെഷന് ശേഷവും രാജ്യത്തെ ആരോഗ്യ സേവന മേഖലയിലെ ഉപകരണ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെ ആവിഷ്കരിക്കുന്ന ധവളപത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് .
--NS--
(Release ID: 1868017)
Visitor Counter : 225