ഉപരാഷ്ട്രപതിയുടെ കാര്യാലയം

ജനാധിപത്യത്തിന്റെ അഭിവൃദ്ധിയ്ക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും മനുഷ്യാവകാശ സംരക്ഷണം അത്യന്താപേക്ഷിതം - ഉപരാഷ്ട്രപതി

Posted On: 12 OCT 2022 4:57PM by PIB Thiruvananthpuram



ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC) സ്ഥാപക ദിനാഘോഷം ഉപരാഷ്ട്രപതി ഇന്ന് ഉദ്ഘാടനം ചെയ്തു

ന്യൂ ഡൽഹി: ഒക്‌ടോബർ 11, 2022

ജനാധിപത്യത്തിന്റെ അഭിവൃദ്ധിയ്ക്ക് മനുഷ്യാവകാശ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. സ്വന്തം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ ഏറ്റവും സുരക്ഷിതമായ മാർഗ്ഗം മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നിലകൊള്ളുകയാണെന്നതിനാൽ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ പൗരന്മാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ന്യൂഡൽഹിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 30-ാം സ്ഥാപക ദിനാഘോഷത്തെ അഭിസംബോധന ചെയ്യവെ, സമൂഹത്തിലെ അധഃസ്ഥിതരും ദുർബലരുമായ ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷനെ ഉപരാഷ്ട്രപതി  അഭിനന്ദിച്ചു. രാജ്യത്തെ മനുഷ്യാവകാശ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം സഹായകമാകുമെന്നതിനാൽ കമ്മീഷന്റെ ഉപദേശരൂപേണയുള്ള നിർദ്ദേശങ്ങൾ പൊതുസമൂഹത്തിൽ  പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

മനുഷ്യാവകാശ സംരക്ഷണത്തിന് സമസ്തരെയും ഉൾക്കൊള്ളുന്ന വളർച്ച സുപ്രധാനമാണെന്ന് വ്യക്തമാക്കിയ ശ്രീ ധൻഖർ,  സമീപവർഷങ്ങളിൽ മനുഷ്യാവകാശങ്ങളെ പരിപോഷിപ്പിക്കും വിധം ഭരണവ്യവസ്ഥയിൽ, പ്രത്യേകിച്ച് ആരോഗ്യ, സാമ്പത്തിക മേഖലകളിൽ കൊണ്ടുവന്ന  വിവിധ പരിഷ്‌കാരങ്ങളെയും ഭാവാത്മക സംരംഭങ്ങളെയും പ്രശംസിച്ചു.

അഴിമതിയ്ക്ക്  മുന്നിൽ മനുഷ്യാവകാശങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുമെന്ന് സൂചിപ്പിച്ച ശ്രീ ധൻഖർ, പാവപ്പെട്ടവരും ദുർബലരും എളുപ്പത്തിൽ ഈ വിപത്തിന്  ഇരകളാക്കപ്പെടുമെന്നും അടിവരയിട്ടു സൂചിപ്പിച്ചു. സമീപ വർഷങ്ങളിൽ അഴിമതിക്കെതിരായി കൈക്കൊണ്ട തുടർച്ചയായ നടപടികളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലെ തിളക്കമാർന്ന അധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ  ശ്രീ. ജസ്റ്റിസ് അരുൺ മിശ്ര, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ, ഭാരവാഹികൾ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷന്മാർ, സുപ്രീം കോടതി ജഡ്ജിമാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ, യുഎൻ ഏജൻസികളുടെ പ്രതിനിധികൾ, മറ്റ് പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 
**********


(Release ID: 1867165) Visitor Counter : 156


Read this release in: English , Urdu , Hindi , Marathi