ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യത്തെ (സിഡിആര്‍ഐ) 'അന്താരാഷ്ട്ര സംഘടന'യായി കണക്കാക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം


ഐക്യരാഷ്ട്രസഭയുടെ 1947ലെ (പ്രത്യേകാവകാശ-വിടുതല്‍) നിയമപ്രകാരം വിഭാവനംചെയ്ത ഇളവുകളും വിടുതലുകളും പ്രത്യേകാവകാശങ്ങളും നല്‍കാന്‍ സിഡിആര്‍ഐയുമായി ആസ്ഥാന ഉടമ്പടി (എച്ച്ക്യുഎ) ഒപ്പിടാനും അനുമതി

Posted On: 29 JUN 2022 3:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യത്തെ (സിഡിആര്‍ഐ) 'അന്താരാഷ്ട്ര സംഘടന'യായി കണക്കാക്കുന്നതിന് അംഗീകാരം നല്‍കി. ഐക്യരാഷ്ട്രസഭയുടെ 1947ലെ (പ്രത്യേകാവകാശ-വിടുതല്‍) നിയമപ്രകാരം വിഭാവനംചെയ്ത ഇളവുകളും വിടുതലുകളും പ്രത്യേകാവകാശങ്ങളും നല്‍കാന്‍ സിഡിആര്‍ഐയുമായി ആസ്ഥാന ഉടമ്പടി (എച്ച്ക്യുഎ) ഒപ്പിടാനും മന്ത്രിസഭ അനുമതിയേകി.

ഈ നടപടി അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും ഫലപ്രദമായും നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തില്‍ സംഘടനയ്ക്കു സ്വതന്ത്രവും അന്തര്‍ദേശീയവുമായ നിയമസ്വത്വമേകും. ഇത് സിഡിആര്‍ഐക്ക് ഇനി പറയുംവിധത്തില്‍ സഹായകമാകും:

  1. ദുരന്തസാധ്യതയുള്ള മറ്റ് രാജ്യങ്ങളിലേക്ക് വിദഗ്ധരെ നിയോഗിക്കാന്‍; കൂടാതെ/അല്ലെങ്കില്‍, ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയ്ക്കായും മറ്റും അംഗരാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ ഇന്ത്യയിലെത്തിക്കാന്‍;
  2. സിഡിആര്‍ഐ പ്രവര്‍ത്തനങ്ങള്‍ക്കായി ആഗോളതലത്തില്‍ തുക വിന്യസിക്കുകയും അംഗരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യാന്‍;
  3. ദുരന്തങ്ങള്‍ക്കും കാലാവസ്ഥാ അപകടസാധ്യതകള്‍ക്കും വിഭവങ്ങള്‍ക്കും അനുസൃതമായി പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ രാജ്യങ്ങളെ സഹായിക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കാന്‍;
  4. അനുയോജ്യമായ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളും പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിനുള്ള ഉപായങ്ങള്‍ സ്വീകരിക്കാനും  രാജ്യങ്ങള്‍ക്ക് സഹായം നല്‍കാന്‍;
  5. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി), പാരീസ് കാലാവസ്ഥാ ഉടമ്പടി, ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള സെന്‍ഡായി ചട്ടക്കൂട് എന്നിവയുമായി കൂട്ടിയിണക്കി, നിലവിലുള്ളതും ഭാവിയിലാവശ്യമുള്ളതുമായ ദുരന്ത-കാലാവസ്ഥാ പ്രതിരോധ അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്നതിന് അംഗരാജ്യങ്ങള്‍ക്ക് അവരുടെ സംവിധാനങ്ങള്‍ നവീകരിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍;
  6. ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങള്‍ ആഭ്യന്തരതലത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് അന്താരാഷ്ട്ര ഇടപെടല്‍ പ്രയോജനപ്പെടുത്താന്‍; കൂടാതെ
  7. ആഗോള വിദഗ്ധരുമായി സംവദിക്കാന്‍ ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നവര്‍ക്കും അവസരമേകുന്നു. ദുരന്തനിവാരണ അടിസ്ഥാനസൗകര്യ വികസനത്തിന് പിന്തുണയേകാന്‍ - പൊതു-സ്വകാര്യ മേഖലകളില്‍ - നമ്മുടേതായ ശേഷികള്‍ വര്‍ധിപ്പിക്കാനും സംവിധാനങ്ങളൊരുക്കാനും ഇതു സഹായിക്കും.

സിഡിആര്‍ഐ ആരംഭിച്ചശേഷം 31 രാജ്യങ്ങളും ആറ് അന്താരാഷ്ട്ര സംഘടനകളും രണ്ടു സ്വകാര്യമേഖലാ സ്ഥാപനങ്ങളും അംഗങ്ങളായി. സാമ്പത്തികമായി പുരോഗമിച്ച വിവിധ രാജ്യങ്ങള്‍, വികസ്വര രാജ്യങ്ങള്‍, കാലാവസ്ഥാവ്യതിയാനത്തിനും ദുരന്തങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാജ്യങ്ങള്‍ എന്നിവയെക്കൂടി ഭാഗമാക്കി സിഡിആര്‍ഐ അംഗങ്ങളുടെ എണ്ണം വിപുലപ്പെടുത്തുകയാണ്.

ഒരു നിശ്ചിത കാലയളവില്‍, ഇന്ത്യയില്‍ മാത്രമല്ല, കൂട്ടാളികളായ മറ്റു രാജ്യങ്ങളിലും ദുരന്തനിവാരണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സംഘടനകളുടെ/കൂട്ടാളികളുടെ ശൃംഖല വികസിപ്പിക്കും.

പശ്ചാത്തലം:

2019 ഓഗസ്റ്റ് 28ന്, ന്യൂഡല്‍ഹിയില്‍ സെക്രട്ടറിയറ്റ് ഉള്‍പ്പെടെ, സിഡിആര്‍ഐ സംവിധാനമൊരുക്കുന്നതിന്, 480 കോടി രൂപയുടെ പിന്തുണയ്ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2019-20 മുതല്‍ 2023-24 വരെയുള്ള 5 വര്‍ഷ കാലയളവില്‍ സെക്രട്ടറിയറ്റ് ഓഫീസ് സ്ഥാപിക്കുന്നതിനും ആവര്‍ത്തിച്ചുള്ള ചെലവുകള്‍ വഹിക്കുന്നതിനും സാങ്കേതിക സഹായത്തിനും ഗവേഷണ പ്രോജക്ടുകള്‍ക്കും തുടര്‍ച്ചയായി ധനസഹായം നല്‍കുന്നതിനുമായി സിഡിആര്‍ഐയുടെ ഒരു കോര്‍പ്പസായി കേന്ദ്രഗവണ്‍മെന്റ് പിന്തുണ നല്‍കുന്നു.

2019 സെപ്റ്റംബര്‍ 23ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ പ്രവര്‍ത്തന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് സിഡിആര്‍ഐക്കു തുടക്കംകുറിച്ചത്. കേന്ദ്രഗവണ്‍മെന്റ് ആരംഭിച്ച രണ്ടാമത്തെ പ്രധാന ആഗോള സംരംഭമാണിത്. ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിലും ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലും ഇന്ത്യയുടെ നേതൃത്വപരമായ പങ്കിന്റെ ആവിര്‍ഭാവമാണിത്.

ദേശീയ ഗവണ്‍മെന്റുകള്‍, യുഎന്‍ ഏജന്‍സികള്‍, പരിപാടികള്‍, ബഹുമുഖ വികസന ബാങ്കുകള്‍, ധനകാര്യ സംവിധാനങ്ങള്‍, സ്വകാര്യ മേഖല, വിദ്യാഭ്യാസ-വിജ്ഞാന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ആഗോള കൂട്ടായ്മയാണ് സിഡിആര്‍ഐ.  കാലാവസ്ഥാവ്യതിയാനം ചെറുക്കാനും ദുരന്തനിവാരണത്തിനുമായി അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെ പ്രതിരോധം വര്‍ധിപ്പിക്കാനും അതുവഴി സുസ്ഥിരവികസനം ഉറപ്പാക്കാനും ഇതു ലക്ഷ്യമിടുന്നു.

--ND--


(Release ID: 1838028) Visitor Counter : 160