നിതി ആയോഗ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം സമാപിച്ചു


ഓരോ സംസ്ഥാനവും അതിന്റെ ശക്തി തിരിച്ചറിയുകയും ലക്ഷ്യങ്ങള്‍ നിര്‍വചിക്കുകയും വേണം; ഇന്ത്യ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഇത് നിര്‍ണായകം: പ്രധാനമന്ത്രി

Posted On: 17 JUN 2022 9:16PM by PIB Thiruvananthpuram

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം ഇന്ന് സമാപിച്ചു. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും യുവ ജില്ലാ കളക്ടര്‍മാരും മജിസ്ട്രേറ്റുമാരും ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും നഗരാസൂത്രണത്തിലൂടെയും നഗരസഭകള്‍ക്കുള്ള ധനസഹായത്തിലൂടെയും നഗരഭരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകളാണ്  മൂന്നാം ദിവസ നടന്നത്. ഗവണ്‍മെന്റ് പദ്ധതികളുടെ സമ്പൂര്‍ണ നടപ്പാക്കല്‍ ഉറപ്പാക്കുന്നതിനും കര്‍മയോഗി ദൗത്യം വഴി ഗവണ്‍മെന്റ് ജീവനക്കാരുടെ കര്‍മശേഷി ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്ര-സംസ്ഥാന ഏകോപനത്തിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

വിവിധ മേഖലകള്‍ക്കായി ഒരു റോഡ്മാപ്പ് തയ്യാറാക്കുന്നതില്‍ ചര്‍ച്ചകള്‍ ഉപയോഗപ്രദമാണെന്ന്, വിപുലമായ ചര്‍ച്ചകളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ടീം ഇന്ത്യ എന്ന നിലയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത പ്രവര്‍ത്തന നിര്‍ദേശങ്ങളും പുത്തന്‍ ആശയങ്ങളും കാലതാമസം കൂടാതെ നടപ്പാക്കണം, അദ്ദേഹം പറഞ്ഞു.

ഏറ്റവും കുറഞ്ഞ ഗവണ്‍മെന്റ് ഇടപെടല്‍; പരമാവധി ഭരണ നിര്‍വഹണം എന്ന സമീപനത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, ഇന്ത്യയില്‍ കൂടുതല്‍ അനായാസ ജീവിതം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. കര്‍മദൗത്യമായി നടപ്പാക്കുമ്പോള്‍ ചെറിയ കുറ്റകൃത്യങ്ങളെ കുറ്റവിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ തങ്ങളുടെ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നടത്തുന്ന വാങ്ങലുകള്‍ക്ക് ജിഇഎം പോര്‍ട്ടല്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഇത് സമയവും ചെലവും ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്കും സേവനദാതാക്കള്‍ക്കും കൂടുതല്‍ സാമ്പത്തിക മൂല്യം നല്‍കുന്ന, പ്രത്യേകിച്ച് മലയോര മേഖലകളില്‍ അവശ്യ മരുന്നുകളോ ഹോര്‍ട്ടികള്‍ച്ചറല്‍ ഉല്‍പന്നങ്ങളോ വിതരണം ചെയ്യുന്നതുപോലുള്ള സേവന വ്യവസായത്തില്‍ ഡ്രോണുകളുടെ ഉപയോഗത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

സംസ്ഥാന ഗവണ്‍മെന്റ് വകുപ്പുകളിലുടനീളമുള്ള എല്ലാ ഒഴിവുകളും നികത്തണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, സംസ്ഥാനങ്ങള്‍ ഓരോ മേഖലയ്ക്കും കീഴിലുള്ള അത്തരം ഒഴിവുകള്‍ കണ്ടെത്തി അവ നികത്തണമെന്ന് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, അങ്കണവാടികളെ പ്രാഥമിക വിദ്യാലയങ്ങളുമായി സംയോജിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണം.

നഗരസഭകളുടെ ധനകാര്യം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ കൈക്കൊള്ളുന്ന സംരംഭങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അതുല്യമായ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത ആശയങ്ങള്‍ പഠിക്കുകയും സ്ഥാപനവല്‍ക്കരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.  നികുതി പിരിവിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും നൂതന രീതികളും അവതരിപ്പിക്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്തു. നഗര, വാര്‍ഡ് സൗന്ദര്യവല്‍ക്കരണത്തില്‍ സംസ്ഥാനങ്ങള്‍ മത്സരങ്ങള്‍ നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഓരോ സംസ്ഥാനവും തങ്ങളുടെ ശക്തി തിരിച്ചറിയുകയും ലക്ഷ്യങ്ങള്‍ നിര്‍വചിക്കുകയും അത് നേടുന്നതിനുള്ള ഒരു റോഡ്മാപ്പ് വികസിപ്പിക്കുകയും ചെയ്യണം. ഇന്ത്യ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. ഭാവി വികസനത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നഗരപ്രദേശങ്ങള്‍ നിര്‍ണായകമാകും.  അതിനാല്‍, നഗര തദ്ദേശ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം, നഗരാസൂത്രണം നൂതനമായി നടത്തണം, അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി-ഗതിശക്തി ഉചിതമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  എല്ലാ ഗവണ്‍മെന്റ് പദ്ധതികളിലും പരിപാടികളിലും സാങ്കേതികവിദ്യയുടെ ഉപയോഗം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വിവരശേഖരണത്തില്‍ പരസ്പര പ്രവര്‍ത്തനക്ഷമത സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

എല്ലാ പുതിയ ആശയങ്ങളും പ്രവര്‍ത്തനക്ഷമമായ നിര്‍ദേശങ്ങളും മുന്നോട്ട് കൊണ്ടുപോകുകയും പരിശോധിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനവും പരിഷ്‌കരണവും രൂപാന്തരവുമാണ് കാലഘട്ടത്തിന്റെ ആവശ്യം.

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് അഭിനന്ദിച്ചു. ടീം ഇന്ത്യയുടെ യഥാര്‍ത്ഥ ഊര്‍ജ്ജത്തില്‍ സമ്മേളനത്തിലെ വിവിധ ചര്‍ച്ചകളില്‍ അതീവ താല്‍പര്യം കാണിച്ചതിന് പ്രധാനമന്ത്രിയെ അവര്‍ പ്രശംസിച്ചു. ഉള്‍ക്കാഴ്ചയുള്ള നിര്‍ദേശങ്ങളും പുതിയ ആശയങ്ങളും ലഭിക്കാന്‍ സമ്മേളനം സഹായിച്ചതായും പങ്കെടുത്തവര്‍ പറഞ്ഞു.

സൂക്ഷ്മമായ ആലോചനകള്‍ക്കുശേഷം, കൃഷി, വിദ്യാഭ്യാസം, നഗരഭരണം എന്നീ മേഖലകളിലെ പവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു.  പൗരന്മാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള നൂതന ആശയങ്ങളും മികച്ച രീതികളും ചര്‍ച്ച ചെയ്തു.

നിതി ആയോഗ് ഭരണസമിതി യോഗത്തില്‍ ഈ മൂന്ന് മേഖലകള്‍ക്കായുള്ള റോഡ്മാപ്പ് ചര്‍ച്ച ചെയ്ത് ഉറപ്പിച്ചുകൊണ്ട് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഈ സഹകരണ സമീപനം മുന്നോട്ട് കൊണ്ടുപോകും.

--ND--

 



(Release ID: 1834924) Visitor Counter : 189


Read this release in: English , Urdu , Marathi , Hindi