രാജ്യരക്ഷാ മന്ത്രാലയം

സായുധസേനയില്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ‘അഗ്നിപഥ്’ പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


ബന്ധപ്പെട്ട സേവനനിയമപ്രകാരം നാലുവര്‍ഷത്തേയ്ക്ക് ‘അഗ്നിവീരന്‍മാരെ’ എന്റോള്‍ചെയ്യും

മൂന്നു സേവനങ്ങള്‍ക്കും ബാധകമായ റിസ്‌ക് & ഹാര്‍ഡ്ഷിപ്പ് ബത്തകളുള്ള ആകര്‍ഷകമായ പ്രതിമാസ പാക്കേജ്

നിശ്ചിത നാലുവര്‍ഷ കാലയളവു പൂര്‍ത്തിയാകുമ്പോള്‍ അഗ്നിവീരന് ഒറ്റത്തവണയായി ‘സേവാനിധി’ പാക്കേജില്‍ പണം നല്‍കും

ഈ വര്‍ഷം 46,000 അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യും

റിക്രൂട്ട്മെന്റ് റാലികള്‍ 90 ദിവസത്തിനകം

ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സായുധ സേനയ്ക്ക് യൗവനയുക്തവും അനുയോജ്യവും വൈവിധ്യപൂര്‍ണവുമായ മുഖമുണ്ടാകണം

Posted On: 14 JUN 2022 1:12PM by PIB Thiruvananthpuram

രാജ്യത്തെ യുവാക്കള്‍ക്കു സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നതിനുള്ള ആകര്‍ഷകമായ റിക്രൂട്ട്മെന്റ് പദ്ധതിക്കു കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. 'അഗ്നിപഥ്' എന്ന പേരിലുള്ള പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ 'അഗ്നിവീരന്‍മാര്‍' എന്ന പേരില്‍ അറിയപ്പെടും. ദേശസ്നേഹമുള്ളതും പ്രചോദിതരുമായ യുവാക്കള്‍ക്കു സായുധ സേനയില്‍ നാലുവര്‍ഷം സേവനം ചെയ്യാന്‍ അഗ്നിപഥ് അവസരമൊരുക്കുന്നു.

 

സായുധ സേനയ്ക്കു യുവത്വമാര്‍ന്ന മുഖം പ്രാപ്തമാക്കുന്നതിനാണ് 'അഗ്നിപഥ്' പദ്ധതി രൂപകല്‍പ്പന ചെയ്തത്. സമകാലിക സാങ്കേതിക പ്രവണതകളുമായി കൂടുതല്‍ ഇണങ്ങിച്ചേരുന്ന യുവപ്രതിഭകളില്‍, യൂണിഫോം അണിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് അവസരമേകും. കൂടാതെ നൈപുണ്യവും അച്ചടക്കവുമാര്‍ന്നതും പ്രചോദിതവുമായ മനുഷ്യശക്തിയെ സമൂഹത്തിനു തിരികെ ലഭിക്കുകയും ചെയ്യും. സായുധസേനയെ സംബന്ധിച്ചിടത്തോളം, ഇത് സായുധസേനയുടെ യുവത്വത്തിന് ഊര്‍ജമേകും. 'ജോഷ്', 'ജസ്ബ' എന്നിങ്ങനെ ഫലപ്രദവും ജനകീയവുമായ പുതിയ മുഖം നല്‍കുകയും ചെയ്യും. അതോടൊപ്പം ഈ കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് സാങ്കേതികത്തികവുള്ള സായുധസേന എന്ന നിലയിലേക്കു പരിവര്‍ത്തനവുമുണ്ടാകും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യന്‍ സായുധ സേനയുടെ ശരാശരി പ്രായം ഏകദേശം 4-5 വര്‍ഷം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ചടക്കം, ഉത്സാഹം, ശ്രദ്ധ എന്നിവയില്‍ ആഴത്തില്‍ ധാരണയുള്ള, മതിയായ വൈദഗ്ധ്യമുള്ളവരും മറ്റു മേഖലകളില്‍ സംഭാവന നല്‍കാന്‍ കഴിവുള്ളവരുമായ, വലിയ തോതില്‍ പ്രചോദിതരായ യുവാക്കളെ ഉള്‍പ്പെടുത്തുന്നതിലൂടെ രാഷ്ട്രത്തിനു വളരെയധികം പ്രയോജനം ലഭിക്കും. ചെറിയ കാലയളവിലുള്ള സൈനികസേവനത്തിലൂടെ രാഷ്ട്രത്തിനും സമൂഹത്തിനും രാഷ്ട്രത്തിലെ യുവജനങ്ങള്‍ക്കുമുണ്ടാകുന്ന നേട്ടങ്ങള്‍ വളരെ വലുതാണ്. ദേശസ്നേഹം വളര്‍ത്തല്‍, കൂട്ടായ പ്രവര്‍ത്തനങ്ങള്‍, ശാരീരികക്ഷമത വര്‍ധിപ്പിക്കല്‍, രാജ്യത്തോടുള്ള വിശ്വസ്തത, ബാഹ്യ-ആഭ്യന്തര ഭീഷണികളുടെയും പ്രകൃതിദുരന്തങ്ങളുടെയും സമയത്തു ദേശീയ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ ലഭ്യത തുടങ്ങിയവ ഇതിന്റെ നേട്ടങ്ങളാണ്.

 

മൂന്നുസേവനങ്ങളുടെയും മനുഷ്യവിഭവശേഷി നയത്തില്‍ പുതിയ യുഗത്തിനു തുടക്കം കുറിക്കാന്‍ ഗവണ്‍മെന്റ് അവതരിപ്പിച്ച പ്രധാന പ്രതിരോധ നയ പരിഷ്‌കരണമാണിത്. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന ഈ നയം ഇനി മുതല്‍ മൂന്നു സേവനങ്ങളിലേക്കുമുള്ള എന്റോള്‍മെന്റിനെ നിയന്ത്രിക്കും.

 

അഗ്നിവീരന്മാര്‍ക്കുള്ള പ്രയോജനങ്ങള്‍

 

മൂന്നുസേവനങ്ങള്‍ക്കും ബാധകമായ അപായസാധ്യതാ-അവശതാ ബത്തകള്‍ക്കൊപ്പം ആകര്‍ഷകമായ നിര്‍ദേശാനുസൃത പ്രതിമാസ പാക്കേജും അഗ്നിവീറുകള്‍ക്കുണ്ടാകും. നിശ്ചിത നാലുവര്‍ഷ കാലയളവു പൂര്‍ത്തിയാകുമ്പോള്‍, അഗ്നിവീരന്മാര്‍ക്ക് ഒറ്റത്തവണ 'സേവാനിധി' പാക്കേജിലൂടെ പണം നല്‍കും. അത് അഗ്നിവീരന്മാരുടെ വിഹിതവും അതിന്മേല്‍ സമാഹരിച്ച പലിശയും ഗവണ്‍മെന്റില്‍ നിന്നുള്ള സമാനവിഹിതവും അടങ്ങുന്നതായിരിക്കും. വിശദവിവരങ്ങള്‍ ഇനി പറയുന്നു:

 

 

വർഷം

നിർദേശാനുസൃതമാക്കിയ പാക്കേജ് (പ്രതിമാസ)

കൈയിൽ കിട്ടുന്നത് (70%)

അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്കുള്ള സംഭാവന (30%)

കേന്ദ്ര ഗവൺമെന്റിന്റെ കോർപ്പസ് ഫണ്ടിലേക്കുള്ള സംഭാവന

എല്ലാ തുകയും രൂപയിൽ (പ്രതിമാസ സംഭാവന)

ഒന്നാം വർഷം

30000

21000

9000

9000

രണ്ടാം വർഷം

33000

23100

9900

9900

മൂന്നാം വർഷം

36500

25580

10950

10950

നാലാം വർഷം

40000

28000

12000

12000

നാലുവർഷത്തിനുശേഷം അഗ്നിവീർ കോർപ്പസ് ഫണ്ടിലെ മൊത്തം സംഭാവന

5.02 ലക്ഷം രൂപ

5.02 ലക്ഷം രൂപ

4 വർഷ കാലാവധിക്കു ശേഷം

സേവാനിധി പാക്കേജായി 11.71 ലക്ഷം രൂപ

(ബാധകമായ പലിശ നിരക്കുകൾ പ്രകാരം മുകളിൽ പറഞ്ഞ തുകയിൽ സമാഹരിച്ച പലിശയും ഉൾപ്പെടെ)

 

'സേവാനിധി'യെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കും. ഗ്രാറ്റുവിറ്റിക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല. അഗ്നിവീരന്മാര്‍ക്ക് ഇന്ത്യന്‍ സായുധ സേനയിലെ അവരുടെ പ്രവര്‍ത്തനകാലയളവില്‍ 48 ലക്ഷം രൂപയുടെ നോണ്‍-കോണ്‍ട്രിബ്യൂട്ടറി ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും.

 

രാഷ്ട്രസേവനത്തിന്റെ ഈ കാലയളവില്‍, അഗ്നിവീരന്മാര്‍ക്കു സൈനിക വൈദഗ്ധ്യവും അനുഭവപരിചയവും, അച്ചടക്കം, ശാരീരിക ക്ഷമത, നേതൃഗുണം, ധൈര്യം, രാജ്യസ്‌നേഹം എന്നിവ പകര്‍ന്നുനല്‍കും. ഈ നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം, രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ അവര്‍ക്കു വളരെയധികം സംഭാവന നല്‍കാന്‍ കഴിയുന്ന പൗരസമൂഹത്തിലേക്ക് അഗ്നിവീരന്മാര്‍ സന്നിവേശിപ്പിക്കപ്പെടും. നേടിയ കഴിവുകള്‍ ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തനായി നില്‍ക്കത്തക്കവണ്ണം സമാനതകളില്ലാത്ത യോഗ്യതകള്‍  ഓരോ അഗ്നിവീരനുമേകും. അഗ്നിവീരന്‍മാര്‍, അവരുടെ യൗവനത്തിന്റെ ആദ്യഘട്ടത്തില്‍ നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍, തൊഴില്‍പരമായും വ്യക്തിപരമായും സ്വയം മികച്ച പതിപ്പായി മാറാനുള്ള തിരിച്ചറിവുണ്ടാക്കുകയും പക്വതയും അച്ചടക്കവും ആര്‍ജിക്കുകയും ചെയ്യും. അഗ്നിവീരന്മാര്‍ പ്രവര്‍ത്തനകാലയളവിനുശേഷം പൗരസമൂഹത്തില്‍ അവരുടെ പുരോഗതിക്കായി തുറക്കുന്ന വഴികളും അവസരങ്ങളും തീര്‍ച്ചയായും രാഷ്ട്രനിര്‍മ്മാണത്തിനു വലിയ മുതല്‍ക്കൂട്ടാകും. കൂടാതെ, ഏകദേശം 11.71 ലക്ഷം രൂപ വരുന്ന 'സേവാനിധി' സാമ്പത്തിക സമ്മര്‍ദമില്ലാതെ അവന്റെ/അവളുടെ ഭാവി സ്വപ്നങ്ങള്‍ പിന്തുടരാന്‍ അഗ്നിവീരന്മാരെ സഹായിക്കും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇത് ഏറെ ഗുണകരമാകും.

 

സായുധ സേനയില്‍ റെഗുലര്‍ കേഡറായി എന്റോള്‍ ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍, ചുരുങ്ങിയത് 15 വര്‍ഷ കാലയളവിലേക്കു സേവനമനുഷ്ഠിക്കേണ്ടതുണ്ട്. കൂടാതെ ഇന്ത്യന്‍ ആര്‍മിയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുടെ/മറ്റു റാങ്കുകളുടെ നിലവിലുള്ള സേവന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും അവരുടെ കാര്യങ്ങള്‍ ക്രമീകരിക്കുന്നത്. നാവികസേനയിലും വ്യോമസേനയിലും തത്തുല്യമായ റാങ്കുകളില്‍ ഇക്കാര്യം ക്രമീകരിക്കും. വ്യോമസേനയില്‍ പോര്‍മുഖങ്ങളില്‍ അണിനിരക്കേണ്ടതില്ലാത്ത അംഗമായി എന്റോള്‍ ചെയ്യപ്പെടുന്നവര്‍ക്കു കാലാകാലങ്ങളില്‍ ഭേദഗതി വരുത്തുന്നതുപ്രകാരമാകും വ്യവസ്ഥകള്‍.

 

സായുധ സേനയിലെ യുവാക്കളും പരിചയസമ്പന്നരുമായ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മികച്ച സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിലൂടെ കൂടുതല്‍ യുവത്വവും സാങ്കേതികമായി പ്രാവീണ്യമുള്ളതുമായ യുദ്ധസേനയൊരുക്കുന്നതിലേക്ക് ഈ പദ്ധതി വഴിതെളിക്കും.

 

 

പ്രയോജനങ്ങള്‍

·      സായുധ സേനാ റിക്രൂട്ട്മെന്റ് നയത്തിലെ പരിവര്‍ത്തന പരിഷ്‌കരണം.

·      യുവാക്കള്‍ക്കു രാജ്യത്തെ സേവിക്കുന്നതിനും രാഷ്ട്രനിര്‍മാണത്തില്‍ സംഭാവന നല്‍കുന്നതിനുമുള്ള അതുല്യമായ അവസരം.

·      സായുധസേനയുടെ മുഖം യുവത്വമാര്‍ന്നതും ചലനാത്മകവുമാകും.

·      അഗ്നിവീരന്മാര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക പാക്കേജ്.

·      അഗ്നിവീരന്മാര്‍ക്കു മികച്ച സ്ഥാപനങ്ങളില്‍ പരിശീലനം ലഭ്യമാക്കാനും അവരുടെ കഴിവുകളും യോഗ്യതകളും വര്‍ദ്ധിപ്പിക്കാനുമുള്ള അവസരം.

·      പൗരസമൂഹത്തില്‍ സൈനിക ധര്‍മചിന്തയുള്ള, നല്ല അച്ചടക്കവും വൈദഗ്ധ്യവുമുള്ള യുവാക്കളുടെ ലഭ്യത.

·      സമൂഹത്തിലേക്കു മടങ്ങിവരുന്നവര്‍ക്കും യുവാക്കള്‍ക്കു മാതൃകയാകാന്‍ കഴിയുന്നവര്‍ക്കും മതിയായ പുനര്‍ തൊഴിലവസരങ്ങള്‍.

 

 

നിബന്ധനകളും വ്യവസ്ഥകളും

 

അഗ്നിപഥ് പദ്ധതിപ്രകാരം, അഗ്നിവീരന്മാരെ നാലുവര്‍ഷത്തേക്ക് അതത് സേവന നിയമങ്ങള്‍ക്കു കീഴിലുള്ള സേനയില്‍ എന്റോള്‍ ചെയ്യും. നിലവിലുള്ള മറ്റേതൊരു റാങ്കില്‍ നിന്നും വ്യത്യസ്തമായി അവര്‍ക്കായി സായുധ സേനയില്‍ പ്രത്യേക റാങ്ക് രൂപീകരിക്കും. നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാകുമ്പോള്‍, സായുധ സേന കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന വ്യവസ്ഥാപിത ആവശ്യകതകളുടെയും നയങ്ങളുടെയും അടിസ്ഥാനത്തില്‍, സായുധസേനയില്‍ സ്ഥിരമായ എന്റോള്‍മെന്റിന് അപേക്ഷിക്കാനുള്ള അവസരം അഗ്നിവീരന്മാര്‍ക്കു നല്‍കും. ഈ അപേക്ഷകള്‍ അവരുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനകാലയളവിലെ പ്രകടനം ഉള്‍പ്പെടെയുള്ള വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി കേന്ദ്രീകൃതരീതിയില്‍ പരിഗണിക്കും. കൂടാതെ ഓരോ നിര്‍ദ്ദിഷ്ട ബാച്ചിലെയും അഗ്നിവീരന്മാരുടെ 25% വരെ സായുധസേനയുടെ സാധാരണ കേഡറില്‍ എന്റോള്‍ ചെയ്യപ്പെടും. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം പുറപ്പെടുവിക്കും.

 

അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളായ വ്യാവസായിക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് എന്നിവയില്‍ നിന്നുള്ള പ്രത്യേക റാലികളും ക്യാമ്പസ് ഇന്റര്‍വ്യൂകളും ഉള്‍പ്പെടെ മൂന്നുസേവനങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് എന്റോള്‍മെന്റ് നടത്തുന്നത്. എന്റോള്‍മെന്റ് 'ഓള്‍ ഇന്ത്യ ഓള്‍ ക്ലാസ്' അടിസ്ഥാനത്തിലായിരിക്കും. 17.5 മുതല്‍ 21 വരെ പ്രായമുള്ളവര്‍ക്കാണു യോഗ്യത ലഭിക്കുന്നത്. സായുധ സേനയില്‍ എന്റോള്‍ ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള, അതത് വിഭാഗങ്ങള്‍ക്ക്/തൊഴിലുകള്‍ക്ക് ബാധകമായ, മെഡിക്കല്‍ യോഗ്യതാ വ്യവസ്ഥകള്‍ അഗ്നിവീരന്മാര്‍ പാലിക്കേണ്ടതുണ്ട്. വിവിധ വിഭാഗങ്ങളില്‍ എന്റോള്‍ ചെയ്യുന്നതിനുള്ള അഗ്നിവീരന്‍മാരുടെ വിദ്യാഭ്യാസ യോഗ്യത പ്രചാരത്തിലുള്ളതുപോലെ നിലനില്‍ക്കും. {ഉദാഹരണത്തിന്: ജനറല്‍ ഡ്യൂട്ടി (ജിഡി)യില്‍ സൈനികസേവനത്തിനുള്ള പ്രവേശനത്തിന്, വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് ആണ്.

-ND-(Release ID: 1833819) Visitor Counter : 432