ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ഉത്പാദന മേഖലയിൽ, വിദേശ നിക്ഷേപങ്ങളുടെ ആകർഷക കേന്ദ്രമാണ് ഇന്ത്യ - ഡോ. ജിതേന്ദ്ര സിംഗ്

Posted On: 23 FEB 2022 3:46PM by PIB Thiruvananthpuram

ഉത്പാദന മേഖലയിൽ, വിദേശ നിക്ഷേപങ്ങളുടെ ആകർഷക കേന്ദ്രമാണ് ഇന്ത്യയെന്ന്, DST-CII ഇന്ത്യ-സിംഗപ്പൂർ സാങ്കേതിക ഉച്ചകോടിയുടെ 28-ാമത് പതിപ്പിൽ ഉദ്‌ഘാടന പ്രഭാഷണം നടത്തവെ, കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഇന്ത്യൻ വിപണിയിൽ ആകൃഷ്ടരായി, മേക്ക് ഇൻ ഇന്ത്യ ഉദ്യമത്തിന്റെ സഹായത്തോടെ, രാജ്യത്ത് ഉത്പാദന ശാലകൾ സ്ഥാപിക്കുകയോ, സ്ഥാപിക്കുന്നതിനുള്ള പാതയിലോ ആണ് ആഗോള ഭീമന്മാർ എന്നതിനാൽ ഇന്ത്യ ഹൈടെക് നിർമ്മാണ കേന്ദ്രമായി മാറുകയാണെന്ന് മന്ത്രി പറഞ്ഞു. നൂറു കൊടിയിൽ അധികം ഉപഭോക്താക്കളും വർദ്ധിച്ചുവരുന്ന ക്രയ ശേഷിയും ഇന്ത്യൻ വിപണിയെ ആകർഷകമാക്കുന്നു.

പുതുതലമുറ സാങ്കേതിക വിദ്യകൾ നവസംരംഭകത്വത്തിന് ചുക്കാൻ പിടിക്കുമ്പോൾ, നൂതന സാങ്കേതിക വിദ്യയ്ക്ക് പ്രാമുഖ്യമുള്ള 25 രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

ആസിയാനിൽ, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സിംഗപ്പൂരെന്നും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്രോതസ്സാണ് ആ രാജ്യമെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഏകദേശം 9000 ഇന്ത്യൻ കമ്പനികൾ സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, 440 ലധികം സിംഗപ്പൂർ കമ്പനികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സ്മാർട്ട് സിറ്റികൾ, നഗര ആസൂത്രണം, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയിൽ സിംഗപ്പൂർ കമ്പനികൾക്ക് പങ്കാളിത്തമുണ്ടെന്നും ടൗൺഷിപ്പുകൾക്കായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നതിൽ സിംഗപ്പൂർ ഒട്ടേറെ സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂർ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മൈക്രോ-ഉപഗ്രഹം 2011-ലും, 8 ഉപഗ്രഹങ്ങൾ 2014-15 കാലഘട്ടത്തിലും ISRO വിക്ഷേപിച്ച കാര്യം ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് അന്തിമ രൂപം നൽകിയ ധാരണാപത്ര-നിർവ്വഹണ കരാർ ഇന്ത്യ സിംഗപ്പൂർ ശാസ്ത്ര, സാങ്കേതിക, നൂതന സംരംഭകത്വ രംഗത്ത് സഹകരണം ശക്തിപ്പെടുത്തുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികൾ നേരിടുന്നതിനുള്ള പുതിയ ഉത്പന്നങ്ങൾ സംയുക്തമായി വികസിപ്പിക്കാൻ വ്യവസായ, ഗവേഷണ സ്ഥാപനങ്ങളെ ഇത് പ്രാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2020 മുതൽ 2021 വരെ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം, 35 ശതമാനം അതായത്, 19.8 ബില്യൺ ഡോളറിൽ നിന്ന് 26.8 ബില്യൺ ഡോളറായി വർധിച്ച കാര്യം വാണിജ്യ ബന്ധങ്ങളുടെയും ഗതാഗതത്തിന്റെയും ചുമതലയുള്ള സിംഗപ്പൂർ മന്ത്രി എസ് ഈശ്വരൻ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ചൂണ്ടിക്കാട്ടി.

സിംഗപ്പൂർ മുൻകൈയെടുത്ത് ബെംഗളൂരുവിൽ സ്ഥാപിച്ച ഗ്ലോബൽ ഇന്നൊവേഷൻ അലയൻസ് (GIA) നോഡിനെ പരാമർശിച്ച്, ചെറുകിട - ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി ഇന്ത്യൻ നഗരങ്ങളിൽ കൂടുതൽ GIA നോഡുകൾ സ്ഥാപിക്കുമെന്ന് ഈശ്വരൻ വ്യക്തമാക്കി.



(Release ID: 1800638) Visitor Counter : 145


Read this release in: English , Hindi , Marathi , Tamil