സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

അന്തര്‍സംസ്ഥാന പ്രസരണസംവിധാനം-ഹരിതോര്‍ജ്ജ ഇടനാഴി രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നത് 12,031 കോടി രൂപ ചെലവില്‍

സ്ഥാപിത പുനരുപയോഗ ഊര്‍ജ്ജശേഷി 2030ഓടെ 450 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലേക്കെത്താന്‍ പദ്ധതി സഹായിക്കും

Posted On: 06 JAN 2022 4:27PM by PIB Thiruvananthpuram

അന്തര്‍സംസ്ഥാന പ്രസരണസംവിധാനത്തിലെ ഹരിതോര്‍ജ്ജ ഇടനാഴി രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക്  പ്രയോജനപ്പെടുന്നതാണു പദ്ധതി. ഏകദേശം 10,750 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകളും  സബ്സ്റ്റേഷനുകളുടെ 27,500 മെഗാ വോള്‍ട്ട് ആംപിയര്‍ പരിവര്‍ത്തനശേഷിയും ഇതിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കും. കേരളത്തിനു പുറമെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായി ഏകദേശം 20 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളുടെ ഗ്രിഡ് ഏകീകരണത്തിനും ഊര്‍ജ്ജോല്‍പ്പാദനത്തിനും ഈ പദ്ധതി സഹായിക്കും.

12,031.33 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കപ്പെടുമെന്ന് കണക്കാക്കുന്ന പദ്ധതിക്ക് 33 ശതമാനം കേന്ദ്രസഹായം ലഭിക്കും. അതായത്, 3970.34 കോടി രൂപ. 2021-22 മുതല്‍ 2025-26 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കരുതപ്പെടുന്ന പദ്ധതിക്ക് കേന്ദ്ര സാമ്പത്തിക സഹായം (സിഎഫ്എ) ഉപയോഗിക്കുക വഴി അന്തര്‍സംസ്ഥാന പ്രസരണ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനും അതുവഴി ഊര്‍ജ്ജ നിരക്കുകള്‍ കുറയ്ക്കാനും കഴിയും. കേന്ദ്ര സഹായം ഫലത്തില്‍ രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് സഹായകരമാകും.

സ്ഥാപിക്കപ്പെട്ട പുനരുപയോഗ ഊര്‍ജ്ജ ശേഷി 2030ഓടെ 450 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലേക്കെത്താന്‍ പദ്ധതി സഹായിക്കും

പദ്ധതി രാജ്യത്തിന്റെ ദീര്‍ഘകാല ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് സംഭാവന നല്‍കുകയും കാര്‍ബണ്‍ പ്രവാഹം കുറച്ച് പരിസ്ഥിതിക്ക് അനുകൂലമായ സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്യും. ഊര്‍ജ്ജ മേഖലയിലും അനുബന്ധ മേഖലകളിലും വൈദഗ്ധ്യം നേടിയവരും അല്ലാത്തവരുമായ തൊഴിലാളികള്‍ക്ക് വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയും.

ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ ഒന്നാം ഘട്ട ജിഇസിയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 24 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജോല്‍പാദനം ലക്ഷ്യമിടുന്ന ഒന്നാം ഘട്ട പദ്ധതി 2022ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ധനസഹായമായ 4056.67 കോടി രൂപ ഉള്‍പ്പെടെ 10,141.68 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കപ്പെടുന്ന ഒന്നാം ഘട്ടം 9700 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകള്‍ കൂട്ടിച്ചേര്‍ക്കലും സബ്സ്റ്റേഷനുകളുടെ 22500 എംവിഎ ശേഷിസൃഷ്ടിക്കലുമാണ് ലക്ഷ്യമിടുന്നത്.



(Release ID: 1788090) Visitor Counter : 218