ഉപരാഷ്ട്രപതിയുടെ കാര്യാലയം
യുവാക്കളില്‍ സേവനമനോഭാവം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യം: ഉപരാഷ്ട്രപതി
സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു സാമൂഹികസേവനം നിര്‍ബന്ധമാക്കണമെന്ന് ഉപരാഷ്ട്രപതി
പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും തത്വശാസ്ത്രം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ കാതലാണ്; അതിനു വ്യാപകപ്രചാരം ലഭിക്കണം: ഉപരാഷ്ട്രപതി
വിദ്വേഷപ്രസംഗങ്ങളോടും അധിക്ഷേപിക്കുന്നതരത്തിലുള്ള എഴുത്തുകളോടും വിയോജിക്കുന്നുവെന്ന് ഉപരാഷ്ട്രപതി
വികസനത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുള്‍പ്പെടുന്ന വിഭാഗങ്ങളില്‍ എത്തിച്ചേരണം: ഉപരാഷ്ട്രപതി
കേരളത്തിലെ ആധ്യാത്മിക-സാമൂഹ്യ നായകനായ വിശുദ്ധ ചാവറയച്ചനു ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഉപരാഷ്ട്രപതി
സമൂഹത്തില്‍ സാമുദായികമൈത്രിയും സഹിഷ്ണുതയും കൈവരിക്കുന്നതില്‍ വിശുദ്ധ ചാവറ വലിയ സംഭാവന നല്‍കി: ഉപരാഷ്ട്രപതി
വിശുദ്ധ ചാവറയച്ചന്റെ 150-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഉപരാഷ്ട്രപതി പങ്കെടുത്തു
Posted On:
03 JAN 2022 1:07PM by PIB Thiruvananthpuram
ചെറുപ്പകാലംതൊട്ടു യുവാക്കളില്‍ സേവനമനോഭാവം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു പറഞ്ഞു. നിലവിലെ അവസ്ഥ കഴിഞ്ഞു സാധാരണ നിലയിലേക്ക് തിരിച്ചെത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്കു സാമൂഹ്യസേവനം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം വിദ്യാലയങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറയുടെ 150-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഈ മഹാമാരിക്കാലം പിന്നിട്ടുകഴിഞ്ഞാല്‍, ഗവണ്‍മെന്റ്-സ്വകാര്യമേഖലയിലെ സ്‌കൂളുകള്‍ കുറഞ്ഞത് രണ്ടു മൂന്നുവാരമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുമായി പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഇത് അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Today, there is a dire need to inculcate the spirit of service from a young age. Once this pandemic is behind us and normalcy returns, I would suggest that both government and private schools must make community service of at least 2-3 weeks compulsory for students. pic.twitter.com/iY4ZAN3mCD
— Vice President of India (@VPSecretariat) January 3, 2022
പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും തത്വശാസ്ത്രം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ കാതലാണെന്നും അതിനു വ്യാപകപ്രചാരം ലഭിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ''നമ്മളെ സംബന്ധിച്ചു 'വസുധൈവ കുടുംബകം' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ലോകം ഒരൊറ്റ കുടുംബമാണ്. ആ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാകണം നാം മുമ്പോട്ടുപോകേണ്ടത്.''- അദ്ദേഹം പറഞ്ഞു.ഓരോ വ്യക്തിക്കും രാജ്യത്ത് തന്റെ വിശ്വാസം ആചരിക്കാനും അവയെക്കുറിച്ചു സംസാരിക്കാനും അവകാശമുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ''നിങ്ങളുടെ മതം അനുഷ്ഠിക്കുക, എന്നാല്‍ വിദ്വേഷ പ്രസംഗങ്ങളും അധിക്ഷേപിക്കുന്നതരത്തിലുള്ള എഴുത്തുകളും പാടില്ല''- അദ്ദേഹം പറഞ്ഞു. മറ്റു മതങ്ങളെ പരിഹസിക്കാനും സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളോടുള്ള വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.
വിദ്വേഷപ്രസംഗങ്ങളും എഴുത്തുകളും സംസ്‌കാരത്തിനും പൈതൃകത്തിനും പാരമ്പര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും എതിരാണെന്ന് നിരീക്ഷിച്ച ശ്രീ നായിഡു, മതനിരപേക്ഷത ഓരോ ഇന്ത്യക്കാരന്റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നും രാജ്യം അതിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ ലോകമെമ്പാടും ആദരിക്കപ്പെടുന്നുണ്ടെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മൂല്യസംവിധാനത്തെ ശക്തിപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.
The benefits of development must percolate down to the last man in the most backward and impoverished segments of our socio-economic order. #SaintChavara pic.twitter.com/XXR5exVgbT
— Vice President of India (@VPSecretariat) January 3, 2022
ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും യുവാക്കളെ പ്രേരിപ്പിച്ച അദ്ദേഹം, മറ്റുള്ളവരുമായുള്ള പങ്കിടലും കരുതലുമെന്ന ഇന്ത്യന്‍ തത്ത്വചിന്തയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നത് ഒരു വ്യക്തിക്ക് വളരെയധികം സംതൃപ്തി നല്‍കുമെന്ന് മാത്രമല്ല, അവന്റെ അല്ലെങ്കില്‍ അവളുടെ നല്ല പ്രവൃത്തികളുടെപേരില്‍ ജനങ്ങള്‍ക്ക് ആ വ്യക്തിയെ ദീര്‍ഘകാലം ഓര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
യോഗയോ മറ്റേതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമമോ ചെയ്ത് ശാരീരികക്ഷമത നിലനിര്‍ത്താനും ''പ്രകൃതിയെ സ്‌നേഹിച്ചു ജീവിക്കാനും'' യുവാക്കളെ ശ്രീ നായിഡു ഉപദേശിച്ചു. നല്ല ഭാവിക്കായി പ്രകൃതിയെ സംരക്ഷിക്കാനും സംസ്‌കാരം സംരക്ഷിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
തന്റെ ജീവിതകാലത്തുതന്നെ ജനങ്ങള്‍ വിശുദ്ധനായി കണ്ടിരുന്ന കേരളത്തിലെ ഈ ഐതിഹാസിക ആത്മീയ-സാമൂഹ്യ നായകന്‍ എല്ലാ അര്‍ഥത്തിലും യഥാര്‍ഥ ദാര്‍ശനികനായിരുന്നുവെന്ന് വിശുദ്ധ ചാവറയച്ചനു ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ഉപരാഷ്ട്രപതി പറഞ്ഞു. 19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ ആത്മീയ, വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പരിഷ്‌കര്‍ത്താവായാണ് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയത്. ജനങ്ങളെ സാമൂഹ്യമായി പരിഷ്‌കരിക്കുന്നതിന് അദ്ദേഹം വിലപ്പെട്ട സംഭാവനകളാണു നല്‍കിയതെന്നും ശ്രീ നായിഡു പറഞ്ഞു.
സമൂഹത്തില്‍ സാമുദായികമൈത്രിയും സഹിഷ്ണുതയും കൈവരിക്കുന്നതിന് വിശുദ്ധ ചാവറ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ ശ്രീ നായിഡു, എല്ലാവരുടെയും ക്ഷേമത്തില്‍ അദ്ദേഹം എല്ലായ്‌പ്പോഴും ശ്രദ്ധാലുവായിരുന്നെന്നും സമാധാനപരമായ മനുഷ്യബന്ധങ്ങള്‍ മറ്റെന്തിനെക്കാളും പവിത്രവും പ്രാധാന്യമുള്ളതുമാണെന്ന് നമ്മെ പഠിപ്പിച്ചുവെന്നും പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും സാമൂഹികമായും സാംസ്‌കാരികമായും ഒരുമിച്ചു നിര്‍ത്താനും രാജ്യത്തെ മുമ്പോട്ടു നയിക്കാനുമുള്ള കാഴ്ചപ്പാടുകളുള്ള ഓരോ ചാവറയച്ചന്‍മാരെ ഓരോ സമൂഹത്തിനും ഇന്ന് ആവശ്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
The Vice President, Shri M. Venkaiah Naidu being welcomed by Union Minister, Shri V. Muraleedharan, Shri VN Vasavan, Minister for Co-operation & Registration, Kerala, Shri Thomas Chazhikadan, Member of Parliament and other dignitaries upon his arrival at Mannanam, Kottayam today. pic.twitter.com/KMVJBGCwko
— Vice President of India (@VPSecretariat) January 3, 2022
വിദ്യാഭ്യാസം, സാമൂഹ്യനീതി, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകയാക്കണമെന്നു മറ്റു സംസ്ഥാനങ്ങളോട് ഉപരാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളുടേയും യുവജനങ്ങളുടേയും സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിലെ ശാക്തീകരണംവഴി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ മാതൃക പിന്തുടര്‍ന്നു പുരോഗതിയും വികസവും കൈവരിക്കാനാകുമെന്ന് ഈ വിപ്ലവകരമായ മാതൃക തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ അന്ത്യോദയ എന്ന കാഴ്ചപ്പാടുപോലെ, സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിലെ അവസാനയാളിലും ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള സാമൂഹ്യ-സാമ്പത്തിക വിഭാഗത്തിലും എത്തിച്ചേരുമ്പോള്‍ മാത്രമേ വികസനം എന്നതു സാര്‍ഥകമാകൂവെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍, കേരള സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി ശ്രീ വി എന്‍ വാസവന്‍, കേരള മുന്‍ മുഖ്യമന്ത്രിയും നിയമസഭാ സാമാജികനുമായ ശ്രീ ഉമ്മന്‍ ചാണ്ടി, പാര്‍ലമെന്റ് അംഗം ശ്രീ തോമസ് ചാഴിക്കാടന്‍, കര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് പ്രയര്‍ ജനറല്‍ ശ്രീ റവ. തോമസ് ചാത്തംപറമ്പില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉപരാഷ്ട്രപതിയുടെ പ്രസംഗംത്തിന്റെ പൂർണരൂപം ചുവടെ :
പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,
ചാവറ പിതാവ് എന്നറിയപ്പെടുന്ന വിശുദ്ധ ചാവറയെ സ്മരിക്കാനും ആദരമര്‍പ്പിക്കാനുമാണു നാമിവിടെ കൂടിയിരിക്കുന്നത്. തന്റെ ജീവിതകാലത്തുതന്നെ ജനങ്ങള്‍ വിശുദ്ധനായി കണ്ടിരുന്ന കേരളത്തിലെ ഈ ഐതിഹാസിക ആത്മീയ-സാമൂഹ്യ നേതാവ് എല്ലാ അര്‍ഥത്തിലും യഥാര്‍ഥ ദാര്‍ശനികനായിരുന്നു. 19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ ആത്മീയ, വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പരിഷ്‌കര്‍ത്താവായാണ് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയത്. ജനങ്ങളെ സാമൂഹ്യമായി പരിഷ്‌കരിക്കുന്നതിന് അദ്ദേഹം വിലപ്പെട്ട സംഭാവനകളാണു നല്‍കിയത്.
വിശുദ്ധ ചാവറയച്ചന്റെ വ്യക്തിത്വവും കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണെങ്കിലും സാമൂഹ്യ-വിദ്യാഭ്യാസ രംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ സ്വന്തം സമുദായത്തിലെ ജനങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളവയായിരുന്നില്ല. 19ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1846ല്‍ മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയം സ്ഥാപിക്കുകവഴി അദ്ദേഹത്തിന്റെ തുറന്ന മനസും എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന മനോഭാവവും വ്യക്തമായിരുന്നു. ഇത്തരമൊരു ധീരവും സാമ്പ്രദായിക രീതികള്‍ക്ക് എതിരായതുമായ നടപടിയിലൂടെ അദ്ദേഹം ജാതി-ലിംഗ-മതഭേദമന്യേ എല്ലാവര്‍ക്കും സംസ്‌കൃതപഠനം സാധ്യമാക്കി. അങ്ങനെ, പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന ഒരു സമൂഹത്തെ ഒന്നിച്ചുകൊണ്ടുവന്ന് ഒരുത്തമ ബഹുസ്വരസമൂഹെത്ത കാട്ടിത്തരികയായിരുന്നു ആ സംസ്‌കൃത വിദ്യാലയം.
പള്ളിക്കൂടം എന്ന പേരില്‍ എല്ലാ ഇടവക പള്ളികളോടും ചേര്‍ന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതാണ് അദ്ദേഹത്തിന്റെ വിപ്ലവകരമായ മറ്റൊരു സംഭാവന. 1864ല്‍ ആരംഭിച്ച പള്ളിക്കൂടങ്ങളില്‍ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ടായിരുന്നു. അടിസ്ഥാന വിദ്യാഭ്യാസം നല്‍കിയിരുന്ന ഈ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി ഉച്ചഭക്ഷണവിതരണവും ഉണ്ടായിരുന്നു. ഇത് അക്കാലത്തു കുട്ടികളെ സ്‌കൂളുകളില്‍ അയയ്ക്കുന്നതിനു മാതാപിതാക്കളെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി മാറുകയായിരുന്നു.
സമൂഹത്തില്‍ മതസൗഹാര്‍ദ്ദവും സഹിഷ്ണുതയും നിലനില്‍ക്കുന്നതിനു വിശുദ്ധ ചാവറയച്ചന്‍ വിലപ്പെട്ട സംഭാവനകളാണു നല്‍കിയത്. ഉപചാരശീലവും ലാളിത്യവും ദയയും ഒത്തിണങ്ങിയ ചാവറയച്ചന്‍ ജീവിതത്തിലെ എല്ലാ തുറകളിലുമുള്ളവരില്‍ നിന്നു സുഹൃത്തുക്കളെ നേടി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് അദ്ദേഹം എല്ലായ്പ്പോഴും ആകുലനായിരുന്നു. ഏറ്റവും പ്രധാനമായി, സമാധാനപൂര്‍ണമായ മനുഷ്യബന്ധങ്ങള്‍ പരിശുദ്ധമാണെന്നും അതു മറ്റെന്തിനെക്കാളും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം നമ്മളെ പഠിപ്പിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും സാമൂഹികമായും സാംസ്‌കാരികമായും ഒരുമിച്ചു നിര്‍ത്താനും രാജ്യത്തെ മുമ്പോട്ടു നയിക്കാനുമുള്ള കാഴ്ചപ്പാടുകളുള്ള ഓരോ ചാവറയച്ചന്‍മാരെ ഓരോ സമൂഹത്തിനും ഇന്ന് ആവശ്യമുണ്ട്.
ചാവറയച്ചനെ സംബന്ധിച്ച് ആധ്യാത്മികത എന്നതു സാധാരണക്കാര്‍ക്കായി ശാസ്ത്രവും സാങ്കേതികവിദ്യയുമായി യോജിച്ചുപ്രവര്‍ത്തിക്കുന്ന ഒന്നായിരുന്നു. 1846ല്‍ അദ്ദേഹം ആരംഭിച്ച സെന്റ് ജോസഫ്‌സ് പ്രസ് എന്ന ഗവണ്‍മെന്റ് ഉടമസ്ഥതയിലല്ലാത്ത കേരളത്തിലെ ആദ്യ പ്രസ് ഇതിനുള്ള മികച്ച ഉദാഹരണമാണ്. ഇതു കേവലമൊരു പ്രസ് സ്ഥാപിച്ച സംഭവമല്ല. മറിച്ച്, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രസ് ആ രംഗത്തുണ്ടായിരുന്ന യൂറോപ്യന്‍ കുത്തക അവസാനിപ്പിക്കുകകൂടിയാണു ചെയ്തത്. സാധാരണക്കാരിലേക്കു വിജ്ഞാനമെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രിന്റിംഗ് യന്ത്രങ്ങള്‍ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുകയും ചെയ്തു. സ്വാശ്രയത്വത്തില്‍ അഭിമാനം കൊള്ളുകയും തദ്ദേശീയമായവയുടെ ശബ്ദമാകണമെന്നും ഇതു ജനങ്ങളെ പഠിപ്പിച്ചു. ഇത് എല്ലാ അര്‍ത്ഥത്തിലും സ്വദേശി, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയ്ക്കു കേരളത്തില്‍ നിന്നുള്ള ആദ്യകാല മാതൃകയായിരുന്നു.
സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടു തനിക്കുണ്ടായിരുന്ന ദീര്‍ഘവീക്ഷണങ്ങളുടെ ഫലമായി ചാവറയച്ചന്‍ 19ാം നൂറ്റാണ്ടിന്റെ പകുതിയില്‍ കര്‍മ്മലീത്ത മഠങ്ങളും നിരവധി സ്വയംതൊഴില്‍ പരിശീലനസ്ഥാപനങ്ങളും സ്ഥാപിക്കുക വഴി സ്ത്രീകള്‍ക്കു വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങള്‍ സൃഷ്ടിച്ചു. ഓരോ മഠത്തിനു കീഴിലും പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകളെ സംബന്ധിച്ചു പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുകയായിരുന്നു പ്രഥമ പരിഗണന. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 1866ല്‍ എജ്യൂക്കന്റാറ്റ് (ബോര്‍ഡിംഗ് ഹൗസ്) സ്ഥാപിച്ചത്. ഈ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കാനും പരിശീലനം നേടാനും സ്ത്രീകള്‍ ധാരാളമായി മുമ്പോട്ടു വന്നതു പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉണ്ടായ വിപ്ലവകരമായ മാറ്റത്തിനുള്ള പാത തുറക്കുകയായിരുന്നു. ഈ സ്ഥാപനങ്ങളില്‍ മലയാളം, തമിഴ്, ഇംഗ്ലീഷ്, ലാറ്റിന്‍ ഭാഷകള്‍ പഠിപ്പിച്ചു. ജപമാല നിര്‍മാണം, പൂക്കള്‍ നിര്‍മാണം, തുന്നല്‍, നെയ്ത്തുജോലി, പാചകം, സംഗീതം, ഗണിതം, സൂചി ഉപയോഗിച്ചുള്ള ജോലികള്‍ എന്നിവയും ഇവിടെ അഭ്യസിപ്പിച്ചു.
ഏതൊരാള്‍ക്കും തങ്ങളുടെ ജാതി, നിറം, ലിംഗം എന്നിവയ്ക്കതീതമായി അന്തസുള്ള ജീവിതം ലഭിക്കാനുള്ള അവകാശമുണ്ടെന്നതു ചാവറയച്ചന്റെ വിശ്വാസപ്രമാണങ്ങളില്‍ ഒന്നായിരുന്നു. പ്രായാധിക്യം, അനാരോഗ്യം. ദാരിദ്ര്യം, ഉപേക്ഷിക്കപ്പെടല്‍ എന്നിവയൊന്നും ഒരാളുടെ സന്തോഷകരമായ ജീവിതത്തേയും സമാധാനപൂര്‍ണമായ മരണത്തേയും തടയുന്ന കാര്യങ്ങളാകരുതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം 1869ല്‍ ആലപ്പുഴയിലെ കൈനകരിയില്‍ ധര്‍മശാല അഥവാ ഉപവിശാല എന്ന പേരില്‍ അശരണര്‍ക്കായി സ്ഥാപനം ആരംഭിച്ചു. മറ്റൊരു മാനുഷികമായ ചുവടുവയ്പായിരുന്നു പാവപ്പെട്ടവരെ സഹായിക്കുന്നതിനായി അദ്ദേഹം ആരംഭിച്ച പിടിയരി (ഒരു കൈ നിറയെ അരി) പ്രസ്ഥാനം. ഇത് ഒരു സവിശേഷ വിഭവസമാഹരണ യജ്ഞവും പൊതുവിതരണസമ്പ്രദായവുമായിരുന്നു. ഇതു പട്ടിണിപ്പാവങ്ങള്‍ക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനായും ദൈനംദിനവിഭവങ്ങളില്‍ നിന്ന് ഒരു പിടി അരി ലാഭിക്കാന്‍ ജനങ്ങള്‍ക്കു പ്രേരണയായി.
അറിയുന്നതിലും വായിക്കുന്നതിലും ചാവറയച്ചന്‍ തല്‍പ്പരനായിരുന്നു. സംസ്‌കൃതം, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ് ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അദ്ദേഹത്തിനു പാണ്ഡിത്യമുണ്ടായിരുന്നു. സാഹിത്യം ജനങ്ങളെ ശക്തരാക്കാനുള്ള ആയുധമാണെന്നു വിശ്വസിച്ചിരുന്ന ചാവറയച്ചന്‍ തന്റെ കാവ്യഭംഗി തുളുമ്പുന്ന കൃതികളിലൂടെ ആധ്യാത്മികതയും തത്വശാസ്ത്രവും പ്രസരിപ്പിച്ചു.
കുടുംബബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തിയിട്ടുള്ള ചാവറയച്ചന്‍ പെരുമാറ്റ ശാസ്ത്രം എന്ന മേഖല വികാസം പ്രാപിക്കുന്നതിനു പതിറ്റാണ്ടുകള്‍ക്കുമുമ്പു കുടുംബബന്ധങ്ങളിലെ കെട്ടുറപ്പും ഊഷ്മളതയും നിലനിര്‍ത്തുന്നതിനു സഹായിക്കുന്ന 'ഒരു നല്ല അപ്പന്റെ ചാവരുള്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. 'ഒരു മനുഷ്യനെപ്പോലും സഹായിക്കാത്ത ഒരു ദിവസം ഉണ്ടായാല്‍ അതിനെ നീ ജീവിതമായി കണക്കാക്കരുത്' എന്ന ഈ പുസ്തകത്തിലെ വരികള്‍ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചതാണ്.
ഇന്ന് കാര്‍മലൈറ്റിസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ) എന്ന പേരില്‍ അറിയപ്പെടുന്ന പുരുഷന്‍മാര്‍ക്കായുള്ള സഭ 1831 മെയ് 11നും സ്ത്രീകള്‍ക്കായുള്ള മദര്‍ കാര്‍മല്‍ എന്ന സഭ (സിഎംസി) 1866 ഫെബ്രുവരി 13നും തന്റെ സഹപ്രവര്‍ത്തകരായ വൈദികര്‍ക്കൊപ്പംചേര്‍ന്നു സ്ഥാപിച്ചതടക്കം ചാവറയച്ചന്റെ സംഭാവനകള്‍ നിരവധിയാണ്.
നവോത്ഥാനത്തിന്റെ ഉണര്‍വിനെ ജീവകാരുണ്യപ്രവര്‍ത്തനവുമായും ആഗോളതലത്തിലുള്ള സര്‍വസാഹോദര്യം എന്ന ക്രിസ്ത്യന്‍ മൂല്യവുമായും സമന്വയിപ്പിച്ചയാളാണു ചാവറയച്ചന്‍. ഈ സംരംഭങ്ങള്‍ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കരുത്താര്‍ജിക്കുകവഴി അതിന്റെ സ്ഥാപകന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതു കാണുന്നത് എനിക്ക് ആഹ്ലാദം പകരുന്നു.
വിശുദ്ധ ചാവറയച്ചന്റെയും ശ്രീനാരായണഗുരുവിന്റെയും ദര്‍ശനങ്ങളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് കേരളം വിദ്യാഭ്യാസം, സാമൂഹ്യനീതി, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മാതൃകയാക്കാന്‍ മറ്റു സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ ഞാനീ അവസരം ഉപയോഗിക്കുന്നു. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളുടേയും യുവജനങ്ങളുടേയും സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിലെ ശാക്തീകരണംവഴി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ മാതൃക പിന്തുടര്‍ന്നു പുരോഗതിയും വികസവും കൈവരിക്കാനാകുമെന്ന് ഈ വിപ്ലവകരമായ മാതൃക തെളിയിക്കുന്നു. ഞാന്‍ ഇടയ്ക്കു പരാമര്‍ശിക്കുന്നതുപോലെ, ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ അന്ത്യോദയ എന്ന കാഴ്ചപ്പാടുപോലെ സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിലെ അവസാനയാളിലും ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള സാമൂഹ്യ-സാമ്പത്തിക വിഭാഗത്തിലും എത്തിച്ചേരുമ്പോള്‍ മാത്രമേ വികസനം എന്നതു സാര്‍ഥകമാകൂ.
ഈ രാജ്യത്തെ യുവജനങ്ങളില്‍ നിന്നു ചെറുപ്രായത്തില്‍ തന്നെ അവരുടെ സേവനം ആവശ്യമായ കാലഘട്ടമാണിത്. കോവിഡ് മഹാമാരി അവസാനിച്ചു ജനജീവിതം സാധാരണ നിലയിലാകുമ്പോള്‍ ഗവണ്‍മെന്റ്-സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വര്‍ഷത്തില്‍ രണ്ടുമുതല്‍ മൂന്നുവരെ ആഴ്ച സാമൂഹ്യസേവനം നിര്‍ബന്ധമാക്കണമെന്നു ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഇതു മറ്റുള്ളവരെ പരിഗണിക്കാനും അവരുമായി പങ്കിടാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. പങ്കിടാനും പരിഗണിക്കാനുമുള്ള ആശയം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായുള്ളതും പ്രചാരം ലഭിക്കേണ്ടതുമാണ്. നമ്മെ സംബന്ധിച്ചു 'വസുധൈവ കുടുംബകം' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ലോകം ഒരൊറ്റ കുടുംബമാണ്. ആ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാകണം നാം മുമ്പോട്ടുപോകേണ്ടത്.
നന്ദി! ജയ് ഹിന്ദ്!
NS MRD
****
(Release ID: 1787154)