Posted On:
22 DEC 2021 2:17PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 22, 2021
ഗവൺമെന്റിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ വാഹന മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിനും വാഹനങ്ങളുടെയും വാഹന ഭാഗങ്ങളുടെയും ഒരു ബദൽ നിർമ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനും കേന്ദ്ര ഘനവ്യവസായ മന്ത്രാലയം (MHI) തുടർച്ചയായി പ്രവർത്തിക്കുന്നു. ഘനവ്യവസായ മന്ത്രാലയത്തിന്റെ ഈ വർഷത്തെ പ്രധാന സംരംഭങ്ങൾ ഇനിപ്പറയുന്നവയാണ്:
1. ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടെ ഉൽപ്പാദനവും ഉപയോഗവുമായി ബന്ധപ്പെട്ട പദ്ധതിയുടെ രണ്ടാം ഘട്ടം (FAME INDIA-ഫെയിം ഇന്ത്യ II) 2021 ജൂണിൽ പുനർരൂപകൽപ്പന ചെയ്യുകയും 10,000 കോടി രൂപ ചെലവിൽ ആരംഭിക്കുകയും ചെയ്തു. ഇനിപ്പറയുന്ന ഭേദഗതികൾ വരുത്തി:
• ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ഡിമാൻഡ് ഇൻസെന്റീവ് 10,000/KWh-ൽ നിന്ന് 15,000/KWh ആയി വർദ്ധിപ്പിച്ചു. പരമാവധി പരിധി വാഹനങ്ങളുടെ വിലയുടെ 20% ൽ നിന്ന് 40% ആയി ഉയർത്തി.
· ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ മുൻകൂർ ചെലവ് താങ്ങാനാവുന്ന തലത്തിലും ഐ സി ഇ -3 ചക്ര വാഹനങ്ങൾക്ക് തുല്യമായും കൊണ്ടുവരുന്നതിനുമുള്ള പ്രധാന മാർഗ്ഗം സമാഹരണം (aggregation) ആയിരിക്കും.
• ഇലക്ട്രിക് ബസുകൾക്കായി, 4 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള 9 നഗരങ്ങൾ (മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, സൂറത്ത്, പൂനെ) ലക്ഷ്യമിടുന്നു.
• ഈ പദ്ധതി രണ്ട് വർഷത്തേക്ക് കൂടി, അതായത് 2024 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നു.
വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വിൽപ്പന ഫെയിം II-ന്റെ പുനർ രൂപകൽപ്പനയ്ക്ക് മുമ്പ്, ആഴ്ചയിൽ 700 എന്നതിൽ നിന്ന് ഫെയിം II-ന്റെ പുനർ രൂപകൽപ്പനയ്ക്ക് ശേഷം ആഴ്ചയിൽ 5000 ൽ അധികമായി വർദ്ധിച്ചു.
ഈ വർഷത്തെ ഫെയിം ഇന്ത്യ II പദ്ധതിക്ക് കീഴിലുള്ള നേട്ടങ്ങൾ:
• 2021 വർഷത്തിൽ, (ഡിസംബർ 16 വരെ) മൊത്തം 1.4 ലക്ഷം വൈദ്യുത വാഹനങ്ങൾക്ക് ഫെയിം II-ന് കീഴിൽ ഏകദേശം 500 കോടി രൂപയുടെ കിഴിവ് നൽകിയിട്ടുണ്ട്. FAME II-ന് കീഴിൽ ഇതുവരെ 1.85 ലക്ഷം വൈദ്യുത വാഹനങ്ങൾക്ക് കിഴിവ് നൽകിയിട്ടുണ്ട്.
• ഈ വർഷം 2021 ഡിസംബർ 16 വരെ 835 ഇലക്ട്രിക് ബസുകൾ വിന്യസിച്ചിട്ടുണ്ട്. ഫെയിം II-ന് കീഴിൽ ആകെ 861 വൈദ്യുത ബസുകൾ വിന്യസിച്ചിട്ടുണ്ട്.
• നഗര /സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾ ഈ വർഷം ഡിസംബർ 16 വരെ, 1,040 വൈദ്യുത ബസുകൾക്കുള്ള സപ്ലൈ ഓർഡർ നൽകിയിട്ടുണ്ട്. ഫെയിമിന് കീഴിൽ ആകെ 3,428 ഇലക്ട്രിക് ബസുകളുടെ സപ്ലൈ ഓർഡറുകൾ നൽകിയിട്ടുണ്ട്.
• ഈ വർഷം നഗര/സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾക്ക് അവരുടെ അഭ്യർത്ഥനപ്രകാരം 1,040 ഇലക്ട്രിക് ബസുകൾക്കായി സപ്ലൈ ഓർഡർ/ഔദ്യോഗിക സ്ഥിരീകരണ പത്രം (letter of award) നൽകാനുള്ള കാലാവധി ദീർഘിപ്പിച്ച് നൽകി.
• 2021 ഡിസംബർ 16 വരെ 1,576 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിക്കുകയും, 9 എക്സ്പ്രസ് വേ-കളിലും 16 ഹൈവേ-കളിലും ഇതിനായുള്ള ഔദ്യോഗിക സ്ഥിരീകരണ പത്രം നൽകുകയും ചെയ്തിട്ടുണ്ട്.
• 2021 ഡിസംബർ 16 വരെ 35 ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള ഔദ്യോഗിക സ്ഥിരീകരണ പത്രം നൽകിയിട്ടുണ്ട്. FAME II-ന് കീഴിൽ നഗരങ്ങളിലെ 1,797 ചാർജിംഗ് സ്റ്റേഷനുകൾക്കായി അനുമതി നൽകിയിട്ടുണ്ട്.
• ഈ വർഷം, ഡിസംബർ 16 വരെ 104 ഇവി ചാർജിംഗ് സ്റ്റേഷനുകൾ കമ്മീഷൻ ചെയ്തിട്ടുണ്ട്.
2. രാജ്യത്ത് 50 GWh അഡ്വാൻസ് ഡ് കെമിസ്ട്രി സെൽ (എസിസി), 5 GWh 'നിഷ്' എസിസി ഉൽപ്പാദന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന്, 18,100 കോടി രൂപ മുതൽമുടക്കിലുള്ള നാഷണൽ പ്രോഗ്രാം ഓൺ അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലിന്, 2021 മെയ് 12-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ രാജ്യത്ത് എസിസി ഇറക്കുമതി ചെയ്യുകയാണ്. 2021 ജൂൺ 9-നാണ് പദ്ധതി വിജ്ഞാപനം ചെയ്തത്.
• ഈ പദ്ധതിയിലൂടെ ആഭ്യന്തര-വിദേശ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നു.
• 45,000 കോടി രൂപയുടെ മൊത്തം നിക്ഷേപമാണ് ഈ പദ്ധതിയുടെ കീഴിൽ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പ്രകാരം എസിസിയുടെ ഇറക്കുമതി ചെലവിൽ 1,50,000 കോടി രൂപ കുറയും.
• ആഭ്യന്തര, അന്തർദേശീയ നിർമ്മാതാക്കളിൽ നിന്നുള്ള അപേക്ഷ ക്ഷണിക്കുന്നതിനായി 2021 ഒക്ടോബർ 22-ന് റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (RFP) പുറപ്പെടുവിച്ചു. 2021 നവംബർ 12-ന് നടന്ന പ്രീ-പ്രൊപ്പോസൽ കോൺഫറൻസിൽ 20-ലധികം ആഭ്യന്തര, അന്തർദേശീയ നിർമ്മാതാക്കളെ പ്രതിനിധീകരിച്ച് 100-ലധികം പേർ പങ്കെടുത്തു.
3. നൂതന വാഹന സാങ്കേതികവിദ്യ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വാഹന നിർമാണ മൂല്യ ശൃംഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുമായി 25,938 കോടി രൂപ ചെലവിൽ വാഹന, വാഹന ഘടകഭാഗങ്ങൾക്കായുള്ള ഉൽപാദന അധിഷ്ഠിത കിഴിവ് (പിഎൽഐ) പദ്ധതിക്ക് 2021 സെപ്റ്റംബർ 15-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
• പി എൽ ഐ പദ്ധതി അഞ്ച് വർഷത്തിൽ, 1,42,500 കോടിയിലധികം പുതിയ നിക്ഷേപം ആകർഷിക്കും. 12.3 ലക്ഷം കോടിയ്ക്ക് മുകളിൽ ഇൻക്രിമെന്റൽ ഉൽപ്പാദനവും, 7.5 ലക്ഷം അധിക തൊഴിലവസരങ്ങളും സൃഷ്ടിക്കും.
• ഈ പദ്ധതി, വാഹന വ്യവസായത്തിന്റെ മൂല്യ ശൃംഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിക്കാനും ആഗോള വാഹന വ്യാപാരത്തിൽ ഇന്ത്യയുടെ വിഹിതം വർദ്ധിപ്പിക്കാനും സഹായിക്കും.
• പി എൽ ഐ പദ്ധതി നിലവിലുള്ള വാഹനകമ്പനികൾക്കും പുതിയ നിക്ഷേപകർക്കും ലഭ്യമാണ്.
• ഈ പദ്ധതിയ്ക്ക്, ചാമ്പ്യൻ ഒഇഎം ഇൻസെന്റീവ് സ്കീം, കംപോണന്റ് ചാമ്പ്യൻ ഇൻസെന്റീവ് സ്കീം എന്നിങ്ങനെ രണ്ട് ഘടകങ്ങളുണ്ട്.
• ഈ പദ്ധതി, വൈദ്യുത വാഹനങ്ങൾക്കും ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങൾക്കും അവയുടെ ഘടകങ്ങൾക്കും 13-18% കിഴിവും, അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ് ടെക്നോളജി ഉൽപ്പന്നങ്ങൾക്ക് 8-13% കിഴിവും നൽകുന്നു. 2022-23 സാമ്പത്തിക വർഷം മുതൽ 2026-27 സാമ്പത്തിക വർഷം വരെയുള്ള അഞ്ച് വർഷത്തേക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.
• വാഹന, വാഹന ഭാഗങ്ങൾക്കായി ഉള്ള പി എൽ ഐ പദ്ധതിയും മാർഗ്ഗനിർദ്ദേശങ്ങളും 2021 സെപ്തംബർ 23-ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്.
4. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട്, നയങ്ങൾ രൂപീകരിക്കുന്നതിന് ഘന വ്യവസായ മന്ത്രാലയം 2021 ഡിസംബർ 4 ന് ഗോവയിൽ വകുപ്പ് മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡെയുടെ അധ്യക്ഷതയിൽ കേന്ദ്ര ഗവൺമെന്റ്, സംസ്ഥാന ഗവൺമെൻറ്റുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, നിർമ്മാതാക്കൾ, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദഗ്ധർ എന്നിവരിൽ നിന്നുള്ള എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി വട്ട മേശ സമ്മേളനം സംഘടിപ്പിച്ചു.
മറ്റ് സംരംഭങ്ങൾ
11.3 കിലോമീറ്റർ നീളമുള്ള, ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ ട്രാക്ക് (HST) 2021 ജൂൺ 29-ന് മധ്യപ്രദേശിലെ ഇൻഡോറിലെ നട്രാക്സിൽ (NATRAX) - ഉദ്ഘാടനം ചെയ്തു. രാജ്യത്തിനകത്ത് വാഹനങ്ങൾക്കായുള്ള എല്ലാത്തരം ഹൈ സ്പീഡ് പെർഫോമൻസ് പരിശോധനകൾക്കും ഇത് പ്രയോജനപ്രദമാകും. ഇത് തദ്ദേശീയ വാഹന നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കും.
1. മൂന്ന് പുതിയ കേന്ദ്രങ്ങളിൽ അതിനൂതന ഓട്ടോമോട്ടീവ് ഹോമോജെനൈസേഷൻ, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ, ഗവേഷണ വികസന പ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യം എന്നിവയുടെ സജ്ജീകരണവും, നിലവിലുള്ള മൂന്ന് കേന്ദ്രങ്ങളുടെ നവീകരണവും NATRIP-ൽ ഉൾപ്പെടുന്നു. ഈ പദ്ധതി 2021 മാർച്ച് 3-ന് പൂർത്തിയാക്കുകയും തുടർന്ന് നാഷണൽ ഓട്ടോമോട്ടീവ് ബോർഡ് (NAB) ഏറ്റെടുക്കുകയും ചെയ്തു.
2. അസ്ഥിരോഗ വൈകല്യമുള്ളവർക്കുള്ള ജി എസ് ടി ഇളവ് സർട്ടിഫിക്കറ്റ്, കേന്ദ്ര ഘന വ്യവസായ മന്ത്രാലയം അതിന്റെ പൗരത്വ ചാർട്ടറിന് കീഴിൽ നൽകുന്ന ഒരു പ്രധാന സേവനമാണ്. ആധാർ അംഗീകൃത ജിഎസ്ടി ഇളവ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഒരു ഓൺലൈൻ പോർട്ടൽ 2020 നവംബറിൽ ആരംഭിച്ചു.
3. മൂലധന വിഭവ മേഖലയിലെ നൈപുണ്യ വിടവുകളും സാങ്കേതിക ആവശ്യങ്ങളും അടിസ്ഥാന സൗകര്യ വികസനവും പരിഹരിക്കുന്നതിനായി, ക്യാപിറ്റൽ ഗുഡ്സ് സ്കീമിന്റെ ഒന്നാം ഘട്ടം 2014-ൽ ആരംഭിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം വഴി ഗവൺമെന്റ് പിന്തുണയോടെ അക്കാദമിക മേഖലയും വ്യവസായവും തമ്മിൽ സാങ്കേതിക വികസനം വളർത്തിയെടുക്കുന്നതിന് വഴിയൊരുക്കി.
• പദ്ധതിക്ക് കീഴിൽ പതിനഞ്ച് കോമൺ എഞ്ചിനീയറിംഗ് ഫെസിലിറ്റി സെന്ററുകൾ (സിഇഎഫ്സി) സ്ഥാപിച്ചു. ഐഐടി-കൾ, ഐഐഎസ്സി, സിഎംടിഐ തുടങ്ങിയ പ്രമുഖ ദേശീയ ഗവേഷണ സ്ഥാപനങ്ങളിൽ 25 പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നു, ഈ സാങ്കേതികവിദ്യകളിൽ ചിലത് വാണിജ്യവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
• 74 ശിൽപശാലകൾ, വെബിനാറുകൾ, ബോധവൽക്കരണ സെഷനുകൾ തുടങ്ങിയവ ഈ വർഷം ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
4. നിലവിലുള്ള ക്യാപിറ്റൽ ഗുഡ്സ് പദ്ധതിക്ക് കീഴിൽ വെബ് അധിഷ്ഠിത ഓപ്പൺ മാനുഫാക്ചറിംഗ് ടെക്നോളജി ഇന്നൊവേഷൻ പ്ലാറ്റ്ഫോമുകളുടെ വികസനം.:
ഇത് സാങ്കേതിക വിഭവങ്ങളെയും ബന്ധപ്പെട്ട വ്യവസായത്തെയും ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരും. സാങ്കേതിക പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അതിനുള്ള ബഹുമുഖ പരിഹാരത്തിനും സൗകര്യമൊരുക്കും. ഇത് സ്റ്റാർട്ടപ്പുകളെ സഹായിക്കുകയും നൂതനാശയ രംഗത്ത് സ്വകാര്യ ഫണ്ടിങ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ടെക്നോളജി ഇന്നൊവേഷൻ പ്ലാറ്റ്ഫോമുകൾ 2021 ജൂലൈ 2-ന് (വെർച്വൽ രീതിയിൽ) ഉദ്ഘാടനം ചെയ്തു. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:
• സാങ്കേതിക വിദ്യകളുടെ വികസനത്തിലും വിജ്ഞാന വിനിമയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആറ് ടെക്നോളജി പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചിട്ടുണ്ട്.
• സാങ്കേതിക പ്ലാറ്റ്ഫോമുകളിലെ ഓൺലൈൻ രജിസ്ട്രേഷൻ ഇനിപ്പറയുന്ന url-ൽ നടത്താം: https://aspir.icat.in, https://sanrachna.bhe1.in/, https://technovuus.araiindia.coin, https://techport.hmtmachinetoo1s.com, https://kite.iitm.ac.in/, drishti.cmti.res.in/. 60,000-ത്തിലധികം വിദ്യാർത്ഥികൾ, വിദഗ്ധർ, സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ലാബുകൾ എന്നിവ ഈ പ്ലാറ്റ്ഫോമുകളിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
5. 'ഇന്ത്യൻ മൂലധന വിഭവ മേഖലയിലെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിന്റെ' രണ്ടാം ഘട്ടത്തിന്, ഗവൺമെന്റ് ബജറ്റ് വിഹിതമായി 975 കോടി ഉൾപ്പെടെ 1,207 കോടി രൂപയുടെ സാമ്പത്തിക ചെലവിന് അനുമതി നൽകുന്നത് പരിഗണനയിലാണ്.