ന്യൂനപക്ഷകാര്യ മന്ത്രാലയം
2022 ഹജ്ജിന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ ആദ്യവാരം - ശ്രീ മുക്താർ അബ്ബാസ് നഖ്‌വി
Posted On:
22 OCT 2021 1:45PM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 22, 2021
ഹജ്ജ് തീർത്ഥാടനത്തിനുള്ള തിരഞ്ഞെടുക്കൽ നടപടികൾ, രണ്ട് വാക്സിൻ ഡോസുകളുടെ സ്വീകരണം, ഇന്ത്യ-സൗദി അറേബ്യ ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി നടക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. 2022 ഹജ്ജ് കാലത്തെ കൊറോണ പ്രോട്ടോക്കോളുകൾ പരിഗണിച്ചായിരിക്കും നടപടി. ന്യൂഡൽഹിയിൽ നടന്ന ഹജ്ജ് അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ ആരോഗ്യ കാർഡ്, 'E-MASIHA' ആരോഗ്യ സംവിധാനം, മക്ക-മദീനയിലെ താമസ/ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകുന്ന 'ഇ-ലഗേജ് പ്രീ-ടാഗിംഗ്' എല്ലാ ഹജ്ജ് തീർഥാടകർക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022ലെ ഹജ്ജ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നവംബർ ആദ്യവാരം ഉണ്ടാകും എന്ന് അറിയിച്ച ശ്രീ നഖ്‌വി, അതോടെ ഓൺലൈൻ അപേക്ഷ നടപടികൾക്കും തുടക്കമാകും എന്ന് അറിയിച്ചു. 2022 ഹജ്ജിനുള്ള മുഴുവൻ നടപടിക്രമങ്ങളും ഡിജിറ്റൽ ആയിരിക്കും. ഇൻഡോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരെ അയക്കുന്ന രാഷ്ട്രമാണ് ഇന്ത്യ.
കൊറോണാ പ്രോട്ടോക്കോളുകൾ, ആരോഗ്യ-ശുചിത്വ പാലന നടപടികൾ എന്നിവ സംബന്ധിച്ച് 2022 ഹജ്ജിനുള്ള പ്രത്യേക പരിശീലനങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്ത്യയിലും സൗദി അറേബ്യയിലും പ്രത്യേക തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി കേന്ദ്ര മന്ത്രി വ്യക്തമാക്കി. മഹാമാരി പരിഗണിച്ച് ദേശീയ-അന്തർദേശീയ പ്രോട്ടോകോൾ നിയന്ത്രണങ്ങൾ 2022 ഹജ്ജിൽ ഉടനീളം നടപ്പാക്കുന്നതാണ്.
പുരുഷ പിന്തുണ ഇല്ലാത്തവരുടെ ('മെഹ്‌റാം' ഇല്ലാതെ) വിഭാഗത്തിൽ 2020, 2021 ഹജ്ജിനായി മൂവായിരത്തിലേറെ സ്ത്രീകളാണ് അപേക്ഷിച്ചത് എന്ന് ശ്രീ നഖ്‌വി അറിയിച്ചു. ഇവർ താൽപര്യപ്പെടുന്ന പക്ഷം 2022 ഹജ്ജിലേയ്ക്ക് ഇവരുടെ അപേക്ഷകൾക്ക് സാധുത ഉണ്ടായിരിക്കുന്നതാണ്. മറ്റ് സ്ത്രീകൾക്കും ഇതേ വിഭാഗത്തിൽ 2022 ഹജ്ജിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനു കീഴിൽ അപേക്ഷിക്കുന്ന എല്ലാ സ്ത്രീകളെയും ലോട്ടറി സംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്നതാണ്.
RRTN/SKY
(Release ID: 1765745)
Visitor Counter : 203