പ്രധാനമന്ത്രിയുടെ ഓഫീസ്‌

കുത്തിവയ്പ്പില്‍ മുന്‍ഗണന നല്കിക്കൊണ്ട് മുന്‍നിര കൊറോണ പോരാളികള്‍ക്ക് ഇന്ത്യ നന്ദി പ്രകടിപ്പിച്ചു : പ്രധാനമന്ത്രി


കൊറോണ പോരാളികള്‍ക്ക് പ്രധാനമന്ത്രി വികാര നിര്‍ഭരവും, ഹൃദയംഗമവും ആദരപൂര്‍ണ്ണവുമായ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

ലോകത്താകമാനം 60% കുട്ടികള്‍ക്കും ഇന്ത്യൻ നിർമ്മിത ജീവന്‍രക്ഷാ പ്രതിരോധകുത്തിവയ്പ്പുകളാണ് ലഭിക്കുന്നത്: പ്രധാനമന്ത്രി

Posted On: 16 JAN 2021 2:45PM by PIB Thiruvananthpuram

 

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ കാഴ്ച വച്ച നിസ്വാര്‍ത്ഥമായ ഉത്സാഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു. രാജ്യത്തൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായും, കുടുംബമായും രാജ്യം എന്ന നിലയ്ക്ക് കഴിഞ്ഞുപോയ വര്‍ഷം ഇന്ത്യക്കാര്‍ ഒട്ടേറെ പഠിക്കുകയും സഹിക്കുകയും ചെയ്തു. പ്രശസ്ത തെലുങ്ക് കവി ഗുര്‍ജാഡ വെങ്കട അപ്പാ റാവുവിനെ ഉദ്ധരിച്ച് കൊണ്ട് നമ്മള്‍ എപ്പോഴും മറ്റുള്ളവര്‍ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്ന് ശ്രീ മോദി പറഞ്ഞു. ഒരു രാഷ്ട്രം എന്നത് കേവലം മണ്ണും, വെള്ളവും, കല്ലും മാത്രമല്ല മറിച്ച് അത് നിലകൊള്ളുന്നത് ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ്. ഇന്ത്യയില്‍ ഈ ഉത്സാഹത്തോടെയാണ് കൊറോണയ്‌ക്കെതിരായ പോരാട്ടം നടന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടക്കത്തില്‍ തങ്ങളുടെ ഉറ്റവര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ അവരെ ശുശ്രൂഷിക്കാന്‍ പോലും കഴിയാതെ നിസ്സാഹയരായി ജനങ്ങള്‍ നിലകൊണ്ടതിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ അസുഖം ബാധിച്ചവര്‍ക്ക് ഏകാന്തതയില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വന്നു. രോഗബാധിതരായ കുട്ടികളെ തങ്ങളുടെ അമ്മമാരില്‍ നിന്നും അകറ്റേണ്ടി വന്നു. വയസ്സായ മാതാപിതാക്കള്‍ക്ക് ആശുപത്രികളില്‍ ഒറ്റയ്ക്ക് രോഗത്തോട് പൊരുതേണ്ടി വന്നു. രോഗവുമായുള്ള ഏറ്റുമുട്ടലില്‍ തോറ്റ് ജീവന്‍ വെടിയേണ്ടി വന്ന ബന്ധുക്കള്‍ക്ക് വേണ്ട വിധത്തിലുള്ള അന്ത്യയാത്രയും നല്‍കാനായില്ല. അത്തരം ഓര്‍മ്മകള്‍ ഇന്നും നമ്മെ ദുഃഖത്തിലാഴ്ത്തുന്നു, വികാരവായ്‌പോടെ പ്രധാനമന്ത്രി പറഞ്ഞു.
ആ കറുത്ത നാളുകളിലും ചിലര്‍ ആശയും, സഹായവും കൊണ്ടുവന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കിക്കൊണ്ട് മറ്റ് ജീവനുകളെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ്, മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സംഭാവനകളെ പ്രധാനമന്ത്രി ദീര്‍ഘമായി പരാമര്‍ശിച്ചു. തങ്ങളുടെ സ്വന്തം താല്പര്യങ്ങള്‍ക്കുപരി മനുഷ്യകുലത്തിനായുള്ള സേവനത്തിന് അവര്‍ മുന്‍ഗണന നല്‍കി. വൈറസിനെതിരായ യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ് അവരില്‍ ചിലര്‍ക്ക് തിരികെ വീടണയാന്‍ പറ്റിയില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  ആശയറ്റതും, ഭയാനകവുമായ അന്തരീക്ഷത്തില്‍ മുന്‍നിര പോരാളികള്‍ പ്രത്യാശ കൊണ്ടുവന്നു. അവരെ ആദ്യം കുത്തിവയ്ക്കുന്നതിലൂടെ അവരുടെ സേവനത്തെ രാജ്യം നന്ദിയോടെ അംഗീകരിക്കുകയാണ്, ശ്രീ മോദി പറഞ്ഞു.
****(Release ID: 1689062) Visitor Counter : 95