പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യാപകർക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിക്കുന്ന ത്രിദിന ബോധവത്കരണ പരിപാടി ആരംഭിച്ചു

Posted On: 13 DEC 2020 6:47PM by PIB Thiruvananthpuram

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രലയത്തിൻ്റെ  കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ ഔട്ട്റീച്ച് ബ്യൂറോ തിരുവനന്തപുരവും അസോസിയേഷൻ ഫോർ ദി ഇൻറലകച്വലി ഡിസേബൾഡ് (എയ്ഡ് ) ഉം സംയുക്തമായി നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യാപകർക്കും മാതാപിതാക്കൾക്കുമുള്ള  ത്രിദിന  ബോധവത്കരണ പരിപാടി ഇന്ന് ആരംഭിച്ചു. 


കോവിഡ് മൂലം ഉയർന്നുവന്ന പുതിയ സാഹചര്യങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാൻ ഭിന്നശേഷിയുള്ള കുട്ടികളുടെ അധ്യാപകരെയും മാതാപിതാക്കളെയും സജ്ജമാക്കുകയാണ് ഈ മൂന്ന് ദിവസത്തെ പരിപാടി ലക്ഷ്യമിടുന്നത്. 


''ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്നതും, അവർക്കു കൂടി പ്രാപ്യവും സുസ്ഥിരവും മെച്ചപ്പെട്ടതുമായ ഒരു കോവിഡാനന്തര ലോകം പണിതുയർത്താം'' എന്നതാണ് ഈ കഴിഞ്ഞ ഡിസംബർ മൂന്നിന് ആഘോഷിച്ച  ഭിന്നശേഷിയുള്ളവർക്കായുള്ള അന്താരാഷ്‌ട്ര ദിനത്തിന്റെ സന്ദേശമെന്ന് ഇന്നത്തെ ക്ലാസ് നയിച്ച പ്രമുഖ മോട്ടിവേഷണൽ-എബിലിറ്റി ട്രെയിനർ ശ്രീ ബ്രഹ്മ നായകം മഹാദേവൻ പറഞ്ഞു.  ഈ ലോകത്തെ  ഭിന്നശേഷിക്കാരയവർക്കു കൂടുതൽ പ്രാപ്യമാക്കാനും അവരെ സമൂഹത്തിൽ ഉൾപ്പെടുത്തുന്നതിനും എല്ലാ ഭാഗത്തുനിന്നും ഒരു കൂട്ടായ ശ്രമം ഉണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  


കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സാമ്പത്തിക ഉപദേഷ്ടാവായ ശ്രീ.പി.കെ.അബ്ദുൾ കരീം, റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ കേരള ലക്ഷദ്വീപ് മേഘലയുടെ ജോയിൻ്റ് ഡയറകടർ ഡോ. നീതു സോന, അസോസിയേഷൻ ഫോർ ദി  ഇന്റലക്ച്വലി ഡിസേബിൾഡ് (AID) ൻ്റെ ചെയർമാനായ റവ ഫാദർ റോയ് മാത്യൂ വടക്കേൽ, റീജിയണൽ ഔട്ട്റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി കെ.എ. ബീന തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത രണ്ടു ദിവസങ്ങളിലായി "കോവിഡ് 19 കാലഘട്ടത്തിൽ രക്ഷാകർത്തകൾക്കുള്ള നിർദേശങ്ങൾ", "ലൈംഗിക ആരോഗ്യവും അനുബന്ധ പ്രശ്നങ്ങളും കൈകാര്യം ചെയ്യൽ", "ഗാർഹിക തൊഴിൽ പരിശീലനം", "കോവിഡാനന്തര മാനസിക സാമൂഹിക പ്രശ്നങ്ങൾ" എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തികളുടെ ക്ലാസുകൾ നടക്കും.

 

***


(Release ID: 1680419) Visitor Counter : 77
Read this release in: English