ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഓക്‌സിജന്‍ ലഭ്യതയും കൈകാര്യം ചെയ്യലും സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രി 12 സംസ്ഥാനങ്ങളുമായി/കേന്ദ്രഭരണപ്രദേശങ്ങളുമായി ചര്‍ച്ച നടത്തി

Posted On: 19 SEP 2020 5:25PM by PIB Thiruvananthpuram

കോവിഡ് 19 മഹാമാരി വ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രഗവണ്‍മെന്റിന്റെ ഉന്നതതല അവലോകനയോഗം ഇന്ന് ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിതി ആയോഗ് പ്രതിനിധി, കേന്ദ്ര ആരോഗ്യ സെക്രട്ടറി, വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി, ആരോഗ്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും  മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, 12 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഒഡിഷ, ചണ്ഡീഗഢ്, തെലങ്കാന, കേരളം, ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് പങ്കെടുത്തത്. രാജ്യത്തെ കോവിഡ് രോഗികളുടെ 80 ശതമാനവും ഈ പ്രദേശങ്ങളിലാണ്.
 

വാണിജ്യ വ്യവസായ മന്ത്രി ഈ സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ലഭ്യതയുടെ സ്ഥിതി അവലോകനം ചെയ്തു. ജില്ലാതലത്തില്‍ ആരോഗ്യപരിപാലനത്തിന്റെ വിശകലനങ്ങളില്‍ ശ്രദ്ധിക്കണമെന്നും ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട വിതരണപ്രശ്‌നങ്ങളില്‍  ഫലപ്രദമായി ഇടപെടാനും അദ്ദേഹം അഭ്യര്‍ഥിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

നിരവധി സംസ്ഥാനങ്ങളുടെ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നതില്‍ ക്യാബിനറ്റ് സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചു. ജില്ല തിരിച്ചും ആശുപത്രികള്‍ അടിസ്ഥാനപ്പെടുത്തിയും മരണനിരക്കു വിശകലനം ചെയ്യാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആര്‍ടി-പിസിആര്‍ ശേഷി പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
 

ഓരോ സംസ്ഥാനത്തും/കേന്ദ്രഭരണപ്രദേശത്തും നടത്തുന്ന പരിശോധനകളുടെ എണ്ണം, അവയുടെ സ്ഥിരീകരണ നിരക്ക്, ശരാശരി പ്രതിദിനി മരണനിരക്ക്, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, ജില്ലകളിലെ ഓക്‌സിജന്‍ ലഭ്യത എന്നിവ കേന്ദ്രീകരിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി വിശദമായ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

*****


(Release ID: 1656720) Visitor Counter : 243